
തൃശൂര്‍: ഭാരതീയ ഹൈന്ദവ വിശ്വാസമനുസരിച്ച് ഉപനയന സമയത്ത് ഗുരുപദേശമായി മാത്രം ലഭിക്കുന്ന മന്ത്രമാണ് ഗായത്രിമന്ത്രം. അറിവും ജ്ഞാനവും ഉണര്‍ത്തുന്ന മന്ത്രമായും ഇതിനെ കാണുന്നു. സൂര്യോദയത്തില്‍, സൂര്യനെ നോക്കി ഈ മന്ത്രം ജപിച്ചാല്‍ ജപിക്കുന്നവനെ ഈ മന്ത്രം രക്ഷിയ്‌ക്കും എന്ന് കരുതപ്പെടുന്നു. 108 തവണ ആവര്‍ത്തിച്ച് ജപിച്ചാലാണ് മന്ത്രോച്ചാരണത്തിന്റെ ഗുണം പൂര്‍ണ്ണമായും ലഭിയ്‌ക്കുക.
എല്ലാ മന്ത്രങ്ങളുടെയും മാതാവാണ് ഗായത്രി മന്ത്രമെന്നും, ഗായത്രി മന്ത്രം കൂടാതെയുള്ള ഒരു മന്ത്രവും ഫലം തരുന്നില്ലെന്നും, ഗായത്രി ഉപദേശം യഥാവിധി നേടി ജപം ചെയ്ത ശേഷം മാത്രമാണ് മറ്റ്മന്ത്രങ്ങള്‍ ചെയ്യാന്‍ ഒരു സാധകന്‍ അര്‍ഹതയുള്ളവനാകുന്നതുമെന്നുമാണ് വിശ്വാസം.
ഋഗ്വേദം, യജുര്‍വേദം, സാമവേദം എന്നീ മൂന്നുവേദങ്ങളിലും കാണുന്ന ഒരു വൈദികമന്ത്രം ആണ് ഗായത്രീമന്ത്രം. സവിതാവിനോടുള്ള പ്രാര്‍ത്ഥനയാണ് ഈ മന്ത്രം. സവിതാവ് സൂര്യദേവനാണ്. ലോകം മുഴുവന്‍ പ്രകാശം പരത്തുന്ന സൂര്യഭഗവാന്‍ അതുപോലെ നമ്മുടെ ബുദ്ധിയേയും (ധീ) പ്രകാശിപ്പിക്കട്ടെ എന്നാണ് പ്രാര്‍ത്ഥനയുടെ സാരം.
സവിതാവിനോടുള്ള പ്രാര്‍ത്ഥനയായതിനാല്‍ ഇതിനെ സാവിത്രി മന്ത്രം എന്നും വിളിക്കുന്നു. ഇത് എഴുതിയിരിക്കുന്നത് ഗായത്രി എന്ന ഛന്ദസ്സിലാണ്. ഛന്ദസ്സിന്റെ പ്രശസ്തി അതുപയോഗിച്ചെഴുതിയ മന്ത്രത്തിലേക്ക് ആവേശിച്ചപ്പോള്‍ സാവിത്രി മന്ത്രത്തിന്റെ വിളിപ്പേര്‍ ഗായത്രി എന്നായി. ഗായന്തം ത്രായതേ ഇതി ഗായത്രി – ഗായകനെ (പാടുന്നവനെ) രക്ഷിക്കുന്നതെന്തോ (ത്രാണനം ചെയ്യുന്നത്) അതു ഗായത്രി എന്നു പ്രമാണം.
ഈ മഹാമന്ത്രത്തിന്റെ സൃഷ്ടികര്‍ത്താവ് വിശ്വാമിത്രമഹര്‍ഷി ആണ്. സര്‍വ ശ്രേയസുകള്‍ക്കും നിദാനമായ ബുദ്ധിയുടെ പ്രചോദനമാണ് മന്ത്രത്തിലെ പ്രാര്‍ഥനാവിഷയം. മന്ത്രത്തിന്റെ അധിഷ്ഠാത്രിയായ ദേവി പഞ്ചമുഖിയും ദശഹസ്തയുമാണ്. “ഗാനം ചെയ്യുന്നവനെ ത്രാണനം ചെയ്യുന്നത്” എന്നണ് ഗായത്രി എന്ന ശബ്ദത്തിന് അര്‍ത്ഥം കല്പിച്ചിരിക്കുന്നത്
ഗായത്രീ മന്ത്രം ഇതാണ്:
ഓം ഭൂര്‍ഭുവ: സ്വ:
തത് സവിതുര്‍വരേണ്യം
ഭര്‍ഗോ ദേവസ്യ ധീമഹി
ധിയോ യോ ന: പ്രചോദയാത്
മന്ത്രത്തിന്റെ അര്‍ത്ഥം
ഓം – പരബ്രഹ്മത്തെ സുചിപ്പിക്കുന്ന പുണ്യശബ്ദം
ഭൂ – ഭൂമി
ഭുവസ് – അന്തരീക്ഷം
സ്വര്‍ – സ്വര്‍ഗം
തത് – ആ
സവിതുര്‍ – ചൈതന്യം
വരേണ്യം – ശ്രേഷ്ഠമായ
ഭര്‍ഗസ് – ഊര്‍ജപ്രവാഹം
ദേവസ്യ – ദൈവികമായ
ധീമഹി – ഞങ്ങള്‍ ധ്യാനിക്കുന്നു
ധിയോ യോ ന – ബുദ്ധിയെ
പ്രചോദയാത് – പ്രചോദിപ്പിക്കട്ടെ.
അനുരാധ പഡ്വാള്‍ ആലപിച്ച ഗായത്രീമന്ത്രം കേള്‍ക്കാം: