ശഠനോട് ശാഠ്യം എന്ന നയമാണ് ഭാരതം പാകിസ്ഥാനോട് ഇന്നലെ സ്വീകരിച്ചത്. ആദ്യ ദിനം സൈനിക കേന്ദ്രങ്ങളെ ഒഴിവാക്കി ഭീകരരുടെ താവളങ്ങള്‍ മാത്രം ലക്ഷ്യം വച്ച് തകര്‍ത്ത ഭാരതം ഇന്നലെ പാകിസ്ഥാന്റെ ഏഴ് സൈനിക കേന്ദ്രങ്ങള്‍ വ്യോമാക്രമണത്തില്‍ തവിടുപൊടിയാക്കി. ലഹോറിലെ പ്രധാന സൈനിക പ്രതിരോധ കേന്ദ്രവും അക്കൂട്ടത്തിലുണ്ട്. ചൈനയുടെ സമ്മാനമായിരുന്നു ആ സംവിധാനം. തത്കാലം തലപൊക്കാന്‍ ആവാത്ത അവസ്ഥയിലാണ് പാകിസ്ഥാന്‍.
ഒപ്പറേഷന്‍ സിന്ദൂര്‍ നടപടികൊണ്ട് പാഠം പഠിക്കാത്ത പാകിസ്ഥാന്‍, ഭാരതത്തിലെ അതിര്‍ത്തി നഗരങ്ങളെ ലക്ഷ്യം വെച്ചുനടത്തിയ വ്യോമാക്രമണ ശ്രമങ്ങളാണ് ഭാരതത്തെ ചൊടിപ്പിച്ചത്. ആ ആക്രമണ ശ്രമങ്ങള്‍ ഭാരതം നിഷ്ഫലമാക്കിയിരുന്നു. ഇനിയൊരു പരീക്ഷണത്തിനു നില്‍ക്കാതെ മുന്‍കരുതല്‍ എന്ന നിലയിലായിരുന്നു പ്രത്യാക്രമണം. അത് കടുത്ത രീതിയില്‍ കൊടുക്കുകയും ചെയ്തു.
ഭാരതത്തിന്റെ ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന ആദ്യ സൈനിക നടപടി പ്രഹരമേല്‍പ്പിച്ചത് ഭീകരരുടെ താവളങ്ങളിലാണെങ്കിലും അത് ആഗോള തലത്തിലും ചലനമുണ്ടാക്കിയിരുന്നു. രണ്ടും വ്യത്യസ്ത രീതിയിലാണെന്ന് മാത്രം. ഭീകരരെ ശിക്ഷിക്കുമ്പോഴും, സൈനികരും സാധാരണക്കാരും അടക്കമുള്ള മറ്റുള്ളവരുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ അന്ന് ഭാരതം കാണിച്ച ശ്രദ്ധ ലോക രാഷ്‌ട്രങ്ങള്‍ക്കിടയില്‍ ഉണ്ടാക്കിയ മതിപ്പു ചെറുതല്ല. താവളങ്ങള്‍ നിരീക്ഷിക്കുന്നതിലെയും ആയുധങ്ങള്‍ പ്രയോഗിക്കുന്നതിലെയും കൃത്യതയും സൂക്ഷ്മതയും മാത്രമല്ല ഇവിടെ പ്രസക്തമാവുന്നത്. അതൊരു രാജ്യാന്തര നീതിയാണ്. യുദ്ധനീതി എന്നും പറയാം. പോരാട്ടം എതിരാളിയോടാണ്. നിരപരാധികളും നിരായുധരുമായ സാധാരണ ജനങ്ങള്‍ അതില്‍ പങ്കാളികളല്ല.
നീതിയും വ്യവസ്ഥകളും എന്തായാലും, യുദ്ധങ്ങളില്‍ ജനവാസ മേഖലയില്‍ ബോംബ് വാര്‍ഷിച്ചതായും കുട്ടികളും സ്ത്രീകളും വൃദ്ധരുമടക്കം കൊല്ലപ്പെട്ടതായുമുള്ള വാര്‍ത്തകള്‍ വിരളമല്ലല്ലോ. പഹല്‍ഗാമില്‍ ഭീകരര്‍ കാണിച്ചത് ഇതിന്റെ ഏറ്റവും വികൃതമായ രൂപമായിരുന്നു. ഇവിടെയാണ് ഭാരതത്തിന്റെ പ്രവൃത്തി മാതൃകപരമായത്. അതുകൊണ്ടാണ് അത് ഇത്രമാത്രം ലോക ശ്രദ്ധ പിടിച്ചുപറ്റിയതും.
അവിടെ ഭാരതത്തിന്റെ ലക്ഷ്യവും എതിരാളികളും ഭീകരര്‍ മാത്രമായിരുന്നു. അതിനാല്‍ സാധാരണക്കാര്‍ക്കൊപ്പം പാകിസ്ഥാന്റെ സൈനികരെയും സൈനിക താവളങ്ങളെയും ഒഴിവാക്കി. ഇന്നലത്തെത് രാജ്യങ്ങള്‍ തമ്മിലുള്ള പോരാട്ടമായതില്‍ സൈനിക താവളം ഒഴിവാക്കപ്പെടില്ലല്ലോ.
ഭാരതത്തെ സംബന്ധിച്ച് യുദ്ധനീതിക്കും രാജ്യന്തര നീതിക്കും അപ്പുറം അതൊരു സംസ്‌കാരമാണ്. ഇപ്പറയുന്ന നീതികളും രാജ്യന്തര കരാറുകളും ധാരണകളും മറ്റും ഉണ്ടാകുന്നതിന് എത്രയോ മുന്‍പ് തന്നെ ആ സംസ്‌കാരം ഇവിടെ നിലനിന്നിരുന്നു. രാമ- രാവണ യുദ്ധത്തിനു മുന്‍പ് തന്റെ സൈന്യത്തോട് സംസാരിക്കുമ്പോള്‍ ശ്രീരാമന്‍ ഊന്നിപറഞ്ഞ കാര്യം, യുദ്ധം സാധാരണ ജനനങ്ങളെ ഒരു തരത്തിലും ബാധിക്കരുത് എന്നതാണ്. കുരുക്ഷേത്ര യുദ്ധത്തിനു മുന്‍പ് ഇരുഭാഗവും തമ്മിലുള്ള സംസാരത്തിലും ഇതടക്കമുള്ള യുദ്ധ നീതികള്‍ വ്യവസ്ഥാ രൂപത്തില്‍ പറയുന്നുണ്ട്. അതിനര്‍ത്ഥം തലമുറകളിലൂടെ നമ്മള്‍ ആര്‍ജിച്ച സാംസ്‌കാരിക പൈതൃകത്തിന്റെ ഭാഗമാണ് ഇതെല്ലാം എന്നാണ്. ആ സംസ്‌കാരത്തിന്റെ ഭാഗമാണ് നെറ്റിയിലെയും നിറുകയിലെയും സിന്ദൂരക്കുറിയും. പക്ഷെ അതിന്റെ മൂല്യം ഉള്‍ക്കൊള്ളാത്തവരോട് ശാഠ്യം തന്നെയേ പറ്റൂ.