മലപ്പുറം: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം എസ് സൊല്യൂഷൻസ് ഉടമ ഷുഹൈബിന്റെ അറസ്റ്റ് രേഖപ്പെടുത്തി. നാളെ കോടതിയില്‍ ഹാജരാക്കും. അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് ഷുഹൈബ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് ഷുഹൈബ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരായത്.
ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പ്രതി കോഴിക്കോട് ക്രൈം ബ്രാഞ്ച് ഓഫീസിൽ കീഴടങ്ങിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ് ഷുഹൈബിന്റെ അറസ്റ്റ് ഇപ്പോൾ രേഖപ്പെടുത്തിയിരിക്കുന്നത്. ക്രൈംബ്രാഞ്ച് എസ് പി കെ കെ മൊയ്തീൻകുട്ടിയുടെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ.
അതേസമയം ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അറസ്റ്റിലായ പ്യൂണ്‍ അബ്ദുല്‍ നാസറിനെ സസ്പെന്റ് ചെയ്തുവെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു. അന്വേഷണം നടത്തി കുറ്റവാളികള്‍ക്ക് മാതൃകാപരമായ ശിക്ഷ നല്‍കണമെന്നും വാര്‍ത്താ കുറിപ്പില്‍ പറയുന്നു. എല്ലാവിധ അന്വേഷണത്തെയും പിന്തുണക്കുമെന്നും സ്‌കൂള്‍ അധികൃതര്‍ വ്യക്തമാക്കി.