• Mon. Aug 18th, 2025

24×7 Live News

Apdin News

ചോറ്റാനിക്കരയമ്മയുടെ സമ്മാനം… സഹസ്രപുണ്യത്തിലേക്ക് രാജഗോപാല മേനോന്‍

Byadmin

Aug 18, 2025



814 സപ്താഹ, നവാഹവേദികളില്‍ പിന്നിട്ട് ആയിരം യജ്ഞങ്ങള്‍ പൂര്‍ത്തീകരിക്കുവാനുള്ള യാത്രയിലാണ് ടി.കെ. രാജഗോപാല മേനോന്‍

ചോറ്റാനിക്കരയമ്മ കനിഞ്ഞനുഗ്രഹിച്ച് നേരിട്ട് നല്‍കിയ ലളിത സഹസ്രനാമ പുസ്തകം.. ഈശ്വര കടാക്ഷം കൊണ്ട് പൂര്‍ത്തിയാക്കിയത് 814 യജ്ഞവേദികള്‍… സപ്താഹ, നവാഹവേദികളില്‍ ആയിരം യജ്ഞങ്ങള്‍ പൂര്‍ത്തീകരിക്കുവാനുള്ള യാത്രയിലാണ് ടി.കെ. രാജഗോപാല മേനോന്‍ എന്ന പഴയകാല സംഘപ്രചാരകന്‍.

ഈശ്വര നാമങ്ങള്‍ ഉരുവിടുക എന്നത് ഈ 70കാരന് ഒരു ജീവിതചര്യയാണ്. മലപ്പുറം ജില്ലയിലെ എടപ്പാള്‍, വട്ടംകുളം, കുറ്റിപ്പാല, തൃക്കണ്ടിയൂര്‍കൊല്ലത്ത് ബാലകൃഷ്ണമേനോന്റെയും പത്മാവതിയമ്മയുടെയും മകനായി ജനനം.

സ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ സംഘ ശാഖകളിലെ സ്ഥിരം സാന്നിധ്യം. 1973 മുതല്‍ 75 വരെ ഇടുക്കി രാജകുമാരിയില്‍ പ്രചാരകന്‍. അതിനുശേഷം പെരുമ്പാവൂര്‍ മുടിക്കല്‍ ജാനകിമന്ദിരത്തില്‍ കൃഷ്ണമേനോന്റെ മകള്‍ നിര്‍മ്മലാദേവിയെ വിവാഹം കഴിച്ചു. പിന്നീടങ്ങോട്ട് കൊടിയ ദാരിദ്ര്യത്തിന്റെ നാളുകള്‍ ആയിരുന്നു. കുടുംബം പോറ്റാന്‍ നിവര്‍ത്തിയില്ലാതെ വന്നപ്പോള്‍ നാടുവിടാനൊരുങ്ങി. മൂന്നു മക്കളടങ്ങുന്ന കുടുംബത്തെ പോറ്റാന്‍ കഴിയാതെ ഒരു രാത്രിയില്‍, ആരുമറിയാതെ ചോറ്റാനിക്കരയിലേക്ക് ഒരു യാത്ര. പിറ്റേന്ന് ഒരു വിജയദശമി ദിനമായിരുന്നു. സ്വയംസേവകരെ സംബന്ധിച്ച് ഏറ്റവും പ്രിയപ്പെട്ട ദിനം. കീഴ്‌ക്കാവില്‍ തൊഴുതിറങ്ങിയപ്പോള്‍ ഒരു അനൗണ്‍സ്‌മെന്റ് കേള്‍ക്കുന്നു. ലളിതാസഹസ്രനാമ പാരായണ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ഉള്ളവര്‍ എത്രയും വേഗം പേര് രജിസ്റ്റര്‍ ചെയ്യുക. പിന്നെ ഒന്നും നോക്കിയില്ല. നേരെ പേര് കൊടുത്ത് മത്സര

ത്തില്‍ പങ്കെടുത്തു. മത്സര വേദിയിലെ ഏറ്റവും പ്രായം കുറഞ്ഞയാള്‍ ഇദ്ദേഹമായിരുന്നു.
റിസള്‍ട്ട് വന്നപ്പോള്‍ ഒന്നാം സമ്മാനം. ലഭിച്ചതാകട്ടെ ഒരു ലളിതാസഹസ്രനാമ പുസ്തകം. ആത്മഹത്യ ചെയ്യാന്‍ തോന്നിയിരുന്ന നിമിഷത്തില്‍ ദേവി നേരിട്ട് വിളിച്ച് തന്റെ കൈകളില്‍ ഏല്‍പ്പിച്ചതാണ് ഈ ലളിതാസഹസ്രനാമ പുസ്തകം എന്ന് രാജഗോപാലമേനോന്‍ ജന്മഭൂമിയോട് ഉറപ്പിച്ചു പറഞ്ഞു. പിന്നീട് ആ പുസ്തകം വായിച്ച്, പണ്ഡിതനും ഭാര്യ പിതാവുമായ കൃഷ്ണമേനോന്‍ ചൊല്ലിക്കൊടുത്ത വാക്കുകളും ഹൃദിസ്ഥമാക്കി നേരെ സപ്താഹ വേദികളിലേക്ക്. 1993ല്‍ അല്ലപ്ര കുന്നിന്‍ചിറങ്ങര ഭഗവതി ക്ഷേത്രത്തില്‍ ആചാര്യനായി ആദ്യ യജ്ഞം പൂര്‍ത്തിയാക്കി. ഇപ്പോള്‍ ആചാര്യസ്ഥാനം അലങ്കരിച്ച യജ്ഞവേദികള്‍ 814 പിന്നിട്ടു. ഇതുകൂടാതെ 2024 സെപ്റ്റംബര്‍ 20ന് ആലുവ മണപ്പുറം ഭജനമഠത്തില്‍ 23 മണിക്കൂറും 41 മിനിറ്റും കൊണ്ട് ഭാഗവതത്തിലെ പതിനെണ്ണായിരം ശ്ലോകങ്ങള്‍ ചൊല്ലി പൂര്‍ത്തിയാക്കിയതിനുള്ള ലോക റെക്കോര്‍ഡും ഇദ്ദേഹത്തെ തേടിയെത്തി.

ഭാഗവത സപ്താഹം, ദേവി ഭാഗവത നവാഹം, അയ്യപ്പ സപ്താഹം, ശിവ, ഗണേശ, സ്‌കന്ദപുരാണങ്ങള്‍, രാമായണയജ്ഞം എന്നിങ്ങനെ രാജഗോപാല മേനോന്‍ വായിച്ചും കഥപറഞ്ഞും പൂര്‍ത്തീകരിക്കാത്ത വേദികള്‍ വളരെ വിരളം. ഈ രംഗത്ത് ആരുടെയും ശിഷ്യത്വം സ്വീകരിച്ചിട്ടില്ല എങ്കിലും ഇദ്ദേഹത്തിന് ശിഷ്യന്മാര്‍ ധാരാളമുണ്ട്. കഴിഞ്ഞ 25 വര്‍ഷക്കാലമായി വെങ്ങോല പൂനൂര്‍ ശിവക്ഷേത്രത്തിന് സമീപത്തെ വീട്ടില്‍ കുടുംബവുമൊത്ത് കഴിഞ്ഞുവരുന്നു. അതിനിടയില്‍ യജ്ഞ വേദികളില്‍ നിന്ന് യജ്ഞ വേദികളിലേക്കുള്ള യാത്ര തുടരുകയുമാണ്. ആയിരം യജ്ഞവേദികള്‍ പൂര്‍ത്തീകരിക്കുക എന്നത് മാത്രമെന്ന് ഇനിയുള്ള ലക്ഷ്യമെന്ന് രാജഗോപാല മേനോന്‍ വ്യക്തമാക്കുന്നു. എയര്‍ഫോഴ്‌സില്‍ നിന്നും വിരമിച്ച കൃഷ്ണരാജ്, ആര്‍മിയില്‍ സുബൈദാറായ വിജേഷ് രാജ്, ചെന്നൈ എസ് ബാങ്കില്‍ ഉദ്യോഗസ്ഥനായ ബാല്‍ രാജ് എന്നിവരാണ് മക്കള്‍.

By admin