
ചർമ്മം തിളങ്ങാൻ കുറച്ച് വഴികൾ, മുടി വളരാൻ വേറെ ചില പരീക്ഷണങ്ങൾ. സമയമില്ലാതെ നെട്ടോട്ടമോടുമ്പോൾ മുടിയും ചർമ്മവും ഒന്നും നോക്കാനാകാതെ വിഷമിക്കുകയാണോ നിങ്ങൾ. മുടിക്കും ചർമ്മത്തിന്റെ തിളക്കത്തിനും ഒരുപോലെ സഹായിക്കുന്ന ചില മാർഗങ്ങൾ നോക്കിയാലോ.
തിളക്കമുള്ള ചർമ്മത്തിനും ആരോഗ്യമുള്ള മുടിക്കും പ്രകൃതിദത്തമായ മാർഗ്ഗങ്ങൾ തേടുന്നവർക്ക് ചില ഔഷധ ചായകൾ മികച്ച ഫലങ്ങൾ നൽകും. സെറമുകളിലും എണ്ണകളിലും പണം മുടക്കാതെ, ഈ ചായകൾ ഉള്ളിൽ നിന്ന് പോഷണം നൽകി സൗന്ദര്യം വർദ്ധിപ്പിക്കുന്നു. ഇവ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും ധാതുക്കളും അടങ്ങിയതാണ്. ഇതാ അഞ്ച് തരം ഔഷധ ചായകൾ.
തുളസി ചായ: തുളസി ചർമ്മത്തിനും മുടിക്കും ഒരുപോലെ പ്രയോജനകരമാണ്. രക്തം ശുദ്ധീകരിക്കുകയും ശരീരത്തിലെ വിഷവസ്തുക്കളെ പുറന്തള്ളുകയും ചെയ്യുന്ന തുളസി, മുഖക്കുരുവിനെയും മറ്റ് അണുബാധകളെയും തടയുന്നു. തലയോട്ടിയുടെ രക്തയോട്ടം വർദ്ധിപ്പിച്ച് താരൻ കുറയ്‌ക്കാനും ഇത് സഹായിക്കും. രാവിലെ ഒരു കപ്പ് തുളസി ചായ കുടിക്കുന്നത് ചർമ്മത്തിന് തിളക്കം നൽകുകയും മനസ്സിന് ഉന്മേഷം പകരുകയും ചെയ്യും. അൽപ്പം തേനും നാരങ്ങാനീരും ചേർക്കുന്നത് കൂടുതൽ സ്വാദും വിറ്റാമിൻ സിയും നൽകും.
കമോമൈൽ ചായ: മാനസിക സമ്മർദ്ദം മൂലമുണ്ടാകുന്ന ചർമ്മത്തിന്റെ മങ്ങലിനും ക്ഷീണത്തിനും കമോമൈൽ ചായ ഒരു പ്രതിവിധിയാണ്. ഇത് നാഡീവ്യവസ്ഥയെ ശാന്തമാക്കുകയും ഉറക്കം മെച്ചപ്പെടുത്തുകയും കണ്ണുകൾക്ക് ചുറ്റുമുള്ള വീക്കം കുറയ്‌ക്കുകയും ചെയ്യുന്നു. ആന്റിഓക്‌സിഡന്റുകൾ ധാരാളമായി അടങ്ങിയിട്ടുള്ളതിനാൽ പ്രായമാകലിന്റെ ലക്ഷണങ്ങളെ ചെറുക്കാൻ ഇത് സഹായിക്കും. കമോമൈൽ ചായ മുടിക്ക് തിളക്കം നൽകുകയും കാലക്രമേണ സ്വാഭാവികമായി നിറം വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും പറയപ്പെടുന്നു. തണുപ്പിച്ച കമോമൈൽ ചായ ഉപയോഗിച്ച് ആഴ്ചയിലൊരിക്കൽ മുടിയിൽ കഴുകുന്നത് നല്ലതാണ്
ഗ്രീൻ ടീ: ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിക്കാനും മുഖക്കുരു കുറയ്‌ക്കാനും മുടികൊഴിച്ചിൽ തടയാനും ഗ്രീൻ ടീ ഫലപ്രദമാണ്. കാറ്റെച്ചിൻസും പോളിഫെനോളുകളും അടങ്ങിയ ഗ്രീൻ ടീ എണ്ണമയമുള്ള ചർമ്മത്തിൽ സെബം ഉത്പാദനം നിയന്ത്രിക്കുകയും ചർമ്മത്തിലെ സുഷിരങ്ങൾ മുറുക്കുകയും ചെയ്യുന്നു. ഗ്രീൻ ടീയിലെ ഇജിസിജി എന്ന ഘടകം മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും മുടി കൊഴിച്ചിലിന് കാരണമാകുന്ന ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്‌ക്കുകയും ചെയ്യും. ഇത് ടോണറായും ഹെയർ റിൻസായും ഉപയോഗിക്കാം.
റോസ് ചായ: ഉണങ്ങിയ റോസാപ്പൂ ഇതളുകളിൽ നിന്ന് ഉണ്ടാക്കുന്ന റോസ് ചായ ചർമ്മത്തിലെ എണ്ണമയം സന്തുലിതമാക്കാനും ഈർപ്പം നിലനിർത്താനും സഹായിക്കുന്നു. ഇത് വരണ്ടതും സെൻസിറ്റീവായതുമായ ചർമ്മത്തിന് ഉത്തമമാണ്. റോസാപ്പൂവിലെ ആന്റിഓക്‌സിഡന്റുകൾ കൊളാജൻ ഉത്പാദനം വർദ്ധിപ്പിക്കുകയും നേർത്ത വരകൾ കുറയ്‌ക്കുകയും ചെയ്യും. ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്തുകയും മുടിയുടെ അസ്വസ്ഥത കുറയ്‌ക്കുകയും ചെയ്യുന്നു. തുളസിയുമായി ചേർത്ത് ഉപയോഗിക്കുന്നത് കൂടുതൽ ഫലപ്രദമാണ്.
പുതിന ചായ: ഹോർമോൺ മുഖക്കുരുവിനും എണ്ണമയമുള്ള തലയോട്ടിക്കും പുതിന ചായ ഒരു മികച്ച പരിഹാരമാണ്. ഇത് ഹോർമോണുകളെ സന്തുലിതമാക്കുകയും ശരീരത്തെ തണുപ്പിക്കുകയും മുഖക്കുരു കുറയ്‌ക്കുകയും ചെയ്യും. പുതിനയിലടങ്ങിയ മെന്തോൾ ചർമ്മത്തിലെ അസ്വസ്ഥതകൾ കുറയ്‌ക്കുകയും ചുവപ്പ് നിറം മാറ്റുകയും ചെയ്യുന്നു. ഇത് തലയോട്ടിയുടെ രക്തചംക്രമണം വർദ്ധിപ്പിച്ച് ആരോഗ്യമുള്ള മുടി വളർച്ചയ്‌ക്ക് സഹായിക്കുന്നു. ആഹാരശേഷം ഒരു കപ്പ് പുതിന ചായ കുടിക്കുന്നത് ദഹനത്തിന് സഹായിക്കും.
ഈ ഔഷധ ചായകൾ പതിവായി കുടിക്കുന്നത് സൗന്ദര്യം വർദ്ധിപ്പിക്കാൻ സഹായിക്കും. സ്ഥിരതയാണ് ഇതിൽ പ്രധാനം. വൃത്തിയുള്ള ആഹാരക്രമവും നല്ല ഉറക്കവും ഇതിനൊപ്പം ചേരുമ്പോൾ അത്ഭുതകരമായ ഫലങ്ങൾ ലഭിക്കും. രൂപത്തിലും ഭാവത്തിലും വലിയ വ്യത്യാസങ്ങൾ വരുത്തും.