ഛത്തീസ്ഗഡിലെ ബിജാപ്പൂര്‍ ജില്ലയില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ ഒരു ജവാന് വീരമൃത്യു, മൂന്ന് പേര്‍ക്ക് പരിക്ക്. ഐഇഡി (കുഴിബോംബ്) പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ജവാന് ജീവന്‍ നഷ്ടമായത്. ജില്ലാ റിസര്‍വ് ഗാര്‍ഡ് (ഡിആര്‍ജി) നിഗേഷ് നാഗ് എന്ന ജവാനാണ് വീരമൃത്യു വരിച്ചത്.
ഇന്ന് രാവിലെ ഡിആര്‍ജി സംഘം ഇന്ദ്രാവതി ദേശീയോദ്യാനത്തിനുള്ളില്‍ നക്സല്‍ വിരുദ്ധ ഓപ്പറേഷന്‍ നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഞായറാഴ്ച്ചയാണ് ഓപ്പറേഷന്‍ ആരംഭിച്ചത്. പരിക്കേറ്റ് മൂന്ന് സൈനികര്‍ക്ക് പ്രഥമശുശ്രൂഷകള്‍ നല്‍കി. ഇവരെ വനമേഖലയില്‍ നിന്ന് മാറ്റിക്കൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു.
ഛത്തീസ്ഗഡ് പൊലീസിലെ ഒരു പ്രത്യേക നക്സല്‍ വിരുദ്ധ യൂണിറ്റാണ് ഡിആര്‍ജി. സംസ്ഥാനത്തെ സംഘര്‍ഷ മേഖലകളിലും അതീവ അപകട സാധ്യതയുള്ള ഇടങ്ങളിലുമാണ് ഇവരെ പലപ്പോഴും സ്ഥാപിക്കുക.