ബിജാപൂർ : ഛത്തീസ്ഗഡിലെ ബിജാപൂർ ജില്ലയിൽ പോലീസിന്റെ ചാരനെന്ന് ആരോപിച്ച് മുപ്പത്തിയഞ്ചുകാരനായ ഒരാളെ നക്‌സലൈറ്റുകൾ കൊലപ്പെടുത്തി. ബസഗുഡ പോലീസ് സ്റ്റേഷൻ പരിധിയിലെ പുത്കെൽ ഗ്രാമത്തിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
പ്രാഥമിക വിവരം അനുസരിച്ച് നക്‌സലൈറ്റുകൾ മൂർച്ചയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് പുത്കെൽ നിവാസിയായ ദിനേശ് പൂജാരിയെ കൊലപ്പെടുത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്നും മാവോയിസ്റ്റുകളുടെ പാമേഡ് ഏരിയാ കമ്മിറ്റി പുറത്തിറക്കിയ ലഘുലേഖകൾ കണ്ടെടുത്തു. അതിൽ ദിനേശ് ഒരു പോലീസ് ചാരനായി പ്രവർത്തിച്ചുവെന്ന് ആരോപിക്കുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
അതേ സമയം അക്രമികളെ കണ്ടെത്താൻ പോലീസ് പ്രദേശത്ത് തിരച്ചിൽ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ സംഭവത്തോടെ ബിജാപൂർ ഉൾപ്പെടെ ഏഴ് ജില്ലകൾ ഉൾപ്പെടുന്ന ബസ്തർ ഡിവിഷനിലെ പ്രത്യേക സ്ഥലങ്ങളിൽ ഈ വർഷം ഇതുവരെ 53 പേരെ നക്‌സലൈറ്റുകൾ കൊലപ്പെടുത്തിയതായാണ് വിവരം.