തിരുവനന്തപുരം: ന്യൂനപക്ഷങ്ങളെ പേടിപ്പെടുത്തുക എന്ന ഭരണകൂടത്തിന്റെ ലക്ഷ്യമാണ് കന്യാസ്ത്രീകളുടെ അറസ്റ്റിന് പിന്നിലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. ജനങ്ങളെ വേട്ടയാടുന്ന ഭരണകൂട നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും അദ്ദേഹം പറഞ്ഞു. ഛത്തീസ്ഗഢിലും അസമിലും ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കെതിരെ ബി.ജെ.പി സര്‍ക്കാര്‍ നടത്തുന്ന ഭരണകൂട ഭീകരതക്കെതിരെ മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മറ്റി സംഘടിപ്പിച്ച പ്രതിഷേധ സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് രണ്ട് കന്യാസ്ത്രീകളെ ബലം പ്രയോഗിച്ച് അറസ്റ്റ് ചെയ്തത്. കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയോടെയാണിത്. ജാമ്യം കൊടുക്കുന്നതിനെതിരെ പ്രോസിക്യൂഷന്‍ ശക്തമായി രംഗത്തുവന്നത് സര്‍ക്കാറിന്റെ പ്രതികാരം തീര്‍ന്നിട്ടില്ലെന്നതിന് തെളിവാണ്. ഈ സാഹചര്യത്തില്‍ സമരങ്ങള്‍ അവസാനിപ്പിക്കാന്‍ സമയമായിട്ടില്ല. നീതി നിഷേധം സമ്പൂര്‍ണ്ണമായും അവസാനിപ്പിക്കും വരെ സമരങ്ങളുമായി മുന്നോട്ടു പോകേണ്ടതുണ്ട്. ഇത് ബഹുസ്വരതയെ സംരക്ഷിക്കാനുള്ള സമരമാണ്.
എല്ലാ വിഭാഗങ്ങള്‍ക്കും മതം പ്രചരിപ്പിക്കാനുള്ള സ്വാതന്ത്ര്യം ഭരണഘടന നല്‍കുന്നുണ്ട്. കന്യാസ്ത്രികള്‍ക്കെതിരെ നടത്തിയ നീക്കങ്ങള്‍ ഭരണഘടനക്കെതിരെയുള്ള നീക്കങ്ങളാണ്. ഭരണഘടനയും ബഹുസ്വരയും അംഗീകരിക്കാന്‍ കഴിയാത്തവരാണ് ഇതിനുപിന്നില്‍. ദേശീയത ശക്തിപ്പെടുത്തിയ ബഹുസ്വരതയെ മനസ്സിലാക്കാത്തവര്‍ ഇപ്പോഴും രാജ്യത്ത് അവശേഷിക്കുന്നുവെന്നത് ഗൗരവതരമാണ്. ഭരണത്തിലുള്ളവരുടെ പിന്തുണ ഇത്തരക്കാര്‍ക്കുണ്ട്. ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗങ്ങള്‍ക്കും കിട്ടാവുന്ന അവസരങ്ങളിലൊക്കെ ഓരോരോ നിയമങ്ങള്‍ പാര്‍ലമെന്റില്‍ പാസാക്കി ഭരണകൂടം നീങ്ങിക്കൊണ്ടിരിക്കുകയാണ്. ശക്തമായ പ്രതിഷേധമാണ് ഇവിടെ ആവശ്യം. ജനാധിപത്യരീതിയില്‍ അനീതിക്കും അതിക്രമങ്ങള്‍ക്കും എതിരെ പോരാട്ടം തുടരേണ്ടിയിരിക്കുന്നു. ജനങ്ങളെ വേട്ടയാടുന്ന ഭരണകൂട നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയരണമെന്നും തങ്ങള്‍ പറഞ്ഞു.
കന്യാസ്ത്രീകളുടെ അറസ്റ്റ് ഏവരുടെയും കണ്ണുതുറപ്പിക്കേണ്ട സംഭവമാണെന്ന് മുഖ്യപ്രഭാഷണം നടത്തിയ മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. സേവനം മാത്രം വ്രതം ആക്കിയവരാണ് കന്യാസ്ത്രീകള്‍. കന്യാസ്ത്രീ വേഷം ധരിച്ചു എന്ന കാരണത്താലാണ് അറസ്റ്റ് നടന്നത്. മതവേഷം ധരിച്ച് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ സഞ്ചരിക്കാന്‍ ആകാത്ത സ്ഥിതിയാണ്. ബസ്സറ്റാന്‍ഡിലും റെയില്‍വേ സ്റ്റേഷനിലും ഇത്തരം വേഷമിട്ടിറങ്ങിയാല്‍ ബജ്‌റങ്ദല്‍ പോലുള്ള സംഘടനകള്‍ നിഷ്ഠൂരമായ ജനകീയ വിചാരണയ്ക്ക് വിധേയമാക്കുകയാണ്. ബജ്‌റങ്ദല്‍ പറഞ്ഞത് പോലെയാണ് കേസെടുത്തതും അറസ്റ്റ് ചെയ്തതും. കേസ് ഏറ്റവും വലിയ കുറ്റകൃത്യങ്ങളെ കൈകാര്യം ചെയ്യുന്ന എന്‍.ഐ.എ കോടതിയിലേക്കാണ് മാറ്റിയത്. മതേതര പാര്‍ട്ടികള്‍ ഒരുമിച്ച് ശബ്ദിച്ചപ്പോഴാണ് ജാമ്യത്തിനു സമ്മര്‍ദ്ദം ഉണ്ടായതും ജാമ്യം കിട്ടിയതും. ഇക്കൂട്ടര്‍ കേരളത്തില്‍ വന്നു പറയുന്ന നല്ല വാക്കുകള്‍ക്ക് ഒരു വിലയുമില്ല. ഇവരുടെ അസ്സല്‍ സ്വഭാവം വര്‍ഗീയ ഫാസിസ്റ്റ് നിലപാടാണ്. കരിനിയമങ്ങള്‍ക്ക് എതിരായ പോരാട്ടങ്ങളില്‍ മുസ്‌ലിംലീഗ് എക്കാലവും മുന്‍നിരയിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര മുഖ്യാതിഥിയായി. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി. കെ ഫിറോസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ പി. ഇസ്മായില്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ നന്ദി പറഞ്ഞു. മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് ഷാ, തിരുവനന്തപുരം ജില്ല ജനറല്‍ സെക്രട്ടറി നിസാര്‍ മുഹമ്മദ് സുല്‍ഫി, കൊല്ലം ജില്ല ജനറല്‍ സെക്രട്ടറി അഡ്വ. സുല്‍ഫിക്കര്‍ സലാം, യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളായ കെ.എ മാഹീന്‍, അഡ്വ. കാര്യറ നസീര്‍, ദേശീയ ഭാരവാഹികളായ ടി.പി അഷ്റഫലി, ഷിബു മീരാന്‍, സി.കെ ഷാക്കിര്‍ പ്രസംഗിച്ചു. ഹാരിസ് കരമന, ഫൈസ് പൂവ്വച്ചല്‍, റെജി തടിക്കാട്, സാജന്‍ ഹിലാല്‍ മുഹമ്മദ്, എസ്. മുഹമ്മദ് ഹനീഫ, ജാഫര്‍ ഖാന്‍, ഷാഫി കാട്ടില്‍, ഷിബി കാസിം, അമീന്‍ പിട്ടയില്‍, പി.എ സലീം, കെ. പി സുബൈര്‍, ഷബീര്‍ ഷാജഹാന്‍ സംബന്ധിച്ചു.