
നടി മല്ലിക സുകുമാരന്റെ മുൻ ഭർത്താവായിരുന്നു നടൻ ജഗതി ശ്രീകുമാർ. പ്രണയിച്ച് വിവാഹം ചെയ്തവരായിരുന്നു ഇവർ. പക്വതയില്ലാത്ത പ്രായത്തിലെടുത്ത തീരുമാനമായിരുന്നു ഇതെന്നാണ് മല്ലിക സുകുമാരൻ പറയാറുള്ളത്. ജഗതി ശ്രീകുമാറുമായുള്ള വിവാഹത്തെക്കുറിച്ചും പിരിയേണ്ടി വന്നതിനെക്കുറിച്ചും ഒരിക്കൽ മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്
കോളേജ് പഠനകാലത്താണ് ഞങ്ങൾ പ്രണയത്തിലാകുന്നത്. വീട്ടിലാരും സമ്മതിക്കില്ലെന്ന് എനിക്ക് തോന്നി. അദ്ദേഹം ഒരു സുപ്രഭാതത്തിൽ എന്നെയും കൊണ്ട് വീട്ടിൽ ചെന്നിറങ്ങി. വീട്ടിൽ കയറ്റിയെങ്കിലും അത്ര ഒരു സന്തോഷത്തോടെയുള്ള സ്വീകരണമൊന്നും ആയിരുന്നില്ല. രജിസ്റ്റർ മാര്യേജ് കഴിഞ്ഞിട്ട് മല്ലികയുടെ അച്ഛനെയും അമ്മയെയും കാണാമെന്ന് പറഞ്ഞു. പക്ഷെ ആ കാണലിന് പിന്നെ ആരും മുൻകെെ എടുത്തില്ല. അച്ഛനെയും അമ്മയെയും കാണാതെ ഞാൻ അഞ്ച് വർഷക്കാലം ജീവിച്ചു. കുറച്ച് കാലം അവിടെ ജീവിച്ചപ്പോൾ സാമ്പത്തികമായ പ്രശ്നങ്ങൾ വന്നിട്ടുണ്ട്. അത് ആരുടെയും കുറ്റമല്ല. സ്വാഭാവികം. പുള്ളിക്ക് (ജഗതി) ജോലിയില്ല. ഞാനും അദ്ദേഹവും ഈ വീട്ടിൽ താമസിക്കുന്നു. അവരുടെ അനിയനും അനിയത്തിയുമുണ്ട്. അവർക്കും പരിമിതികളില്ലേ.
ഒന്നും സമ്പാദിക്കാതെ അവിടെ കഴിയുന്നതിൽ അദ്ദേഹത്തിന് ഈഗോയായി. ഈയിടയ്‌ക്ക് ഉത്തരായനം എന്ന സിനിമയിൽ എനിക്ക് അവസരം ലഭിച്ചു. പിന്നീട് താനും ജഗതിയും മദ്രാസിലേക്ക് താമസം മാറിയെന്നും മല്ലിക സുകുമാരൻ ഓർത്തു. ഞങ്ങൾക്കിടയിൽ ഭിന്നതയുണ്ടാകാൻ പ്രധാന കാരണം സാമ്പത്തിക പ്രശ്നമായിരുന്നു. എന്റെ കയ്യിലുണ്ടായിരുന്ന സ്വർണങ്ങളൊക്കെ കൊടുത്തു. അതിലദ്ദേഹത്തിന് കുറ്റബോധം ഉണ്ടായിരുന്നു. അദ്ദേഹത്തിന് പടങ്ങളായി കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ഇടപെടൽ വരാൻ തുടങ്ങി.
എന്താണ് ഓണത്തിന് വരാത്ത് എന്നെല്ലാം ചോദിക്കും. എന്നോട് സംസാരിക്കാൻ ആരുമില്ല. അദ്ദേഹം ഷൂട്ടിംഗ് കഴിഞ്ഞാൽ കുറച്ച് ദിവസം വീട്ടിൽ പോയി നിൽക്കും. ഞാൻ ജോലിക്കാരിക്കൊപ്പം മദ്രാസിൽ. അകൽച്ചയായി എന്ന് തോന്നിയപ്പോൾ എനിക്ക് നിൽക്കള്ളിയില്ലാതായി. മറ്റ് ബന്ധങ്ങളെക്കുറിച്ചും മറ്റും ഞാൻ അറിഞ്ഞിരുന്നു. അതൊന്നും ഞാൻ ചോദിച്ചിട്ടില്ലായിരുന്നെന്നും മല്ലിക സുകുമാരൻ പറഞ്ഞു. സിനിമാതെക്കിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.
വീട്ടുകാർ എതിർത്ത വിവാഹമായതിനാൽ കുറേക്കാലം ഇവരിൽ നിന്ന് അകന്ന് കഴിയുകയായിരുന്നു മല്ലിക സുകുമാരൻ. മാതാപിതാക്കളെ കാണാൻ പറ്റാത്തതിന്റെ വിഷമവും ഉണ്ടായിരുന്നു. ജഗതിയുമായി അകന്ന നാളുകളിൽ സുകുമാരനും മല്ലികയും തമ്മിൽ സൗഹൃദമായി. അച്ഛനെയും അമ്മയെയും പോയി കാണണം, അവർ വഴക്ക് പറഞ്ഞാലും കുഴപ്പമില്ലെന്ന് പറഞ്ഞ് സുകുമാരനാണ് മാതാപിതാക്കളെ കാണാൻ നിർബന്ധിച്ചതെന്ന് മല്ലിക സുകുമാരൻ പറഞ്ഞിട്ടുണ്ട്.
വീട്ടുകാർ മുഖേന സുകുമാരനുമായുള്ള വിവാഹാലോചന തന്നു. കെെവിട്ട് പോയെന്ന് കരുതിയ ജീവിതം തനിക്ക് തിരികെ തന്നത് സുകുമാരനാണെന്ന് മല്ലിക പറയാറുണ്ട്. സുകുമാരനെക്കുറിച്ച് സംസാരിക്കാത്ത മല്ലികയുടെ ഒരു അഭിമുഖം പോലുമില്ല. എനിക്കുള്ളതെല്ലാം സുകുവേട്ടൻ ഉണ്ടാക്കിയിട്ടുണ്ട്. തനിക്കെന്തെങ്കിലും സംഭവിച്ചാലും മല്ലിക ബുദ്ധിമുട്ടരുതെന്ന് അദ്ദേഹത്തിനുണ്ടായിരുന്നു. സുകുമാരന്റെ ദീർഘവീക്ഷണം മല്ലികയ്‌ക്ക് പിൽക്കാലത്ത് ഏറെ ഗുണം ചെയ്തു