• Wed. Feb 26th, 2025

24×7 Live News

Apdin News

ജഗദ്ഗുരുവായ ശ്രീപരമേശ്വരന് മുന്നിൽ ഏഴു ലോകവും നമിക്കുന്ന ദിനം, ഭക്തിയുടെ നിറവിൽ ഇന്ന് മഹാശിവരാത്രി

Byadmin

Feb 26, 2025


ഇന്ന് ശിവരാത്രി, ഹൈന്ദവ വിശ്വാസികളുടെ വിശേഷ ദിനം. കുംഭമാസത്തിലെ കൃഷ്ണപക്ഷത്തിലെ പതിമൂന്നാം രാത്രിയും പതിനാലാം പകലുമാണ് ശിവരാത്രി ആഘോഷിക്കുന്നുത്. ജഗദ്ഗുരുവായ ശ്രീപരമേശ്വരന് മുന്നിൽ ഏഴു ലോകവും നമിക്കുന്നു ദിനമാണ് ശിവരാത്രി. ദേവാസുരന്മാര്‍ ഒത്തുചേര്‍ന്ന് പാലാഴി കടഞ്ഞപ്പോളുണ്ടായ കാളകൂട വിഷം ലോക രക്ഷാർത്ഥം ശ്രീ പരമേശ്വരൻ പാനം ചെയ്യുന്നു. ഈ വിഷം ഭഗവാന്റെ ഉള്ളിലെത്താതിരിക്കാൻ പാർവതി ദേവി ശിവന്റെ കണ്ഠത്തിൽ പിടിച്ച് ഉറങ്ങാതെയിരുന്നു. ശ്രീപരമേശ്വരന്റെ ഈ അദ്ഭുത പ്രവര്‍ത്തി കണ്ട് ദേവ ദൈത്യ മാനവരും ശിവനെ പ്രകീര്‍ത്തിച്ചു കൊണ്ട് രാത്രി മുഴുവന്‍ ഉറങ്ങാതെയിരുന്നു.

പുരാണങ്ങൾ പ്രകാരം എല്ലാ മാസത്തിലും ഓരോ ശിവരാത്രികൾ വരുന്നുണ്ട് എന്നാണ് ഐതിഹ്യം. ഇതനുസരിച്ച് എല്ലാ മാസത്തിലെയും കൃഷ്ണപക്ഷത്തിലെ ചതുർദശിയാണ് മാസ ശിവരാത്രിയായി കണക്കാക്കപ്പെടുന്നത്. എന്നാൽ മാഘ മാസത്തിലെ കൃഷ്ണപക്ഷ ചതുർദശിയാണ് മഹാശിവരാത്രിയായി കണക്കാക്കപ്പെടുന്നത്.

ദേഹാഹങ്കാരത്താല്‍ മനസ്സിനും, ബുദ്ധിക്കും ജരാനരകള്‍ ബാധിച്ച മനുഷ്യനെ അതില്‍ നിന്ന് മോചിപ്പിക്കാനായി ഭഗവാന്‍ നല്‍കിയ ദിവ്യജ്ഞാനത്തെ ബുദ്ധിയില്‍ മനനം ചെയ്യുമ്പോള്‍ ദുര്‍വികാരങ്ങള്‍ക്ക് അടിപ്പെട്ട മനസ്സില്‍ നിന്ന് ആദ്യം വിഷം വമിച്ചേക്കാം. എന്നാല്‍ ഭയപ്പെടാതെ അത് ഈശ്വരനില്‍ സമര്‍പ്പിച്ചാല്‍ ഈശ്വരന്‍ അത് സ്വയം സ്വീകരിക്കുന്നു. പിന്നീട് ബുദ്ധിയില്‍ ഉദയം ചെയ്യുന്ന ഈശ്വരീയ ജ്ഞാനത്തിന്റെ അമൃതം മനസ്സിനെ ബാധിച്ച സര്‍വ്വജരാനരകളും നീക്കി, അതിനെ ശക്തമാക്കി ജീവിതം സുഖ- ശാന്തിമയമാക്കുന്നു. അതുകൊണ്ടു തന്നെ ശിവഭക്തന്മാര്‍ ശിവരാത്രിയുടെ വേളയിൽ ഉറങ്ങാതെ ഉപവസിച്ച് പരമശിവനെ ആരാധിക്കുന്നു.

ശിവരാത്രിവ്രതം അനുഷ്ഠിക്കുന്നത് കൊണ്ട് മോക്ഷം ലഭിക്കുമെന്ന വിശ്വാസവും പ്രബലമാണ്. പ്രാദേശികമായ ചില വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഇന്ത്യയൊട്ടാകെ വ്രതശുദ്ധിയുയോടെ ശിവരാത്രി ആഘോഷിക്കുന്നു. കേരളത്തിലെ ആലുവ ശിവരാത്രി ഏറെ പ്രസിദ്ധമാണ്.ശിവരാത്രി ദിനത്തിലെ ഏറ്റവും സുപ്രധാന ആചാരമാണ് വ്രതം. ആത്മശുദ്ധിയോട് വ്രതം നോൽക്കേണ്ടത് അനിവാര്യമാണ്. ശിവരാത്രി വ്രതം എടുക്കുന്നവർ തലേന്നു തന്നെ ഗൃഹാങ്കണവും മുറ്റവും വീടും കഴുകി വൃത്തിയാക്കി ഗൃഹശുദ്ധിവരുത്തണം. ശിവരാത്രിയുടെ തലേന്നു രാത്രി അരിയാഹാരം ഭക്ഷിക്കുവാൻ പാടുള്ളതല്ല. പകരം പാലോ പഴങ്ങളോ മറ്റു ലഘുവായ ആഹാരങ്ങളോ ഭക്ഷിക്കാവുന്നതാണ്. ശിവരാത്രി ദിനത്തിൽ പകൽ ഉപവാസം അനുഷ്ഠിക്കേണ്ടതാണ്. വ്രതം അനുഷ്ഠിക്കുന്നവര്‍ ശിവരാത്രി ദിനത്തില്‍ ധ്യാനം പരിശീലിക്കുക ദിവസം മുഴുവന്‍ ശാന്തമായി ഈശ്വരനിങ്കല്‍ അര്‍പ്പിക്കാന്‍ ഇത് സഹായിക്കും.

ആരോഗ്യ സ്ഥിതി അനുകൂലമായിട്ടുള്ളവര്‍ ‘ഉപവാസം’ നോല്‍ക്കുകയും അല്ലാത്തവര്‍ ‘ഒരിക്കല്‍’ വ്രതം നോല്‍ക്കുകയും ചെയ്യാവുന്നതാണ്. ‘ഒരിക്കല്‍’ നോല്‍ക്കുന്നവര്‍ക്ക് ഒരു നേരം അരി ആഹാരം കഴിക്കാവുന്നതാണ്. ശിവക്ഷേത്രത്തില്‍ നിന്നും ലഭിക്കുന്ന വെള്ളനിവേദ്യമാണ് എങ്കിൽ ഉത്തമം. എന്നിരുന്നാലും വയര്‍ നിറയെ ഭക്ഷണം കഴിക്കാന്‍ പാടുള്ളതല്ല. ശിവരാത്രി വ്രതത്തില്‍ രാത്രി ജാഗരണത്തിന് വളരെ പ്രാധാന്യമുണ്ട്. വ്രതം അനുഷ്ഠിക്കുന്നവർ രാത്രിയും പകലും ഉറങ്ങുവാൻ പാടുള്ളതല്ല. പഞ്ചാക്ഷരീ മന്ത്ര ജപത്തോടുകൂടി ശിവക്ഷേത്രത്തില്‍ തന്നെ സമയം ചിലവഴിക്കുന്നത് അഭികാമ്യം.

ക്ഷേത്ര ദർശനം സാധിക്കാത്തവര്‍ വീട്ടില്‍ ഇരുന്ന് ശിവപുരാണം, ശിവ സഹസ്രനാമം, അഷ്ടോത്തരശത നാമസ്തോത്രം, ശിവ പഞ്ചാക്ഷരീ സ്തോത്രം, വില്വാഷ്ടകം,ലിംഗാഷ്ടകം മുതലായ ശിവ സ്തോത്രങ്ങള്‍ പാരായണം ചെയുന്നത് ഉത്തമം. വൈകിട്ട് ക്ഷേത്രത്തില്‍ ശിവന് അഭിഷേകം ചെയ്ത പാലോ നിവേദിച്ച കരിയ്‌ക്കോ വാങ്ങി കുടിക്കാവുന്നതാണ്. എന്നാൽ പൂര്‍ണ്ണ ഉപവാസം നോല്‍ക്കുന്നവര്‍ അത് വരെയും ജലപാനം പാടുള്ളതല്ല.

പ്രമുഖ ശിവക്ഷേത്രങ്ങളിൽ ശിവരാത്രി ദിവസം വിശേഷ പൂജകളും നടത്തിവരുന്നുണ്ട്. ഋഷഭ വാഹനത്തില്‍ പുറത്തെഴുന്നെള്ളത്ത്, സമൂഹ നാമജപം, യാമ പൂജ, പ്രത്യേക അഭിഷേകങ്ങള്‍ മുതലായവ. ഇവയില്‍ എല്ലാം പങ്കെടുത്ത് , രാത്രി ഉറക്കം ഒഴിഞ്ഞ്, തൊട്ടടുത്ത ദിവസം രാവിലെ ക്ഷേത്രത്തില്‍ നിന്നും തീര്‍ത്ഥം പാനം ചെയ്ത് ശിവരാത്രി വ്രതം അവസാനിപ്പിക്കാം. ശിവരാത്രി ദിനത്തിലെ അഞ്ച് യാമപൂജയും തൊഴുതാല്‍ ആയിരം പ്രദോഷം നോറ്റ പുണ്യം ലഭിക്കും എന്ന് വിശ്വസിക്കപ്പെടുന്നു.

 



By admin