കോട്ടയം: ജഡ്ജിമാരുടെ സംഭാഷണങ്ങള്‍ മൊബൈല്‍ ഫോണില്‍ റെക്കോഡു ചെയ്തു സൂക്ഷിച്ച കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റിന് സസ്‌പെന്‍ഷന്‍.
കോട്ടയം വിജിലന്‍സ് ജഡ്ജിയുടെ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് കെ.ആര്‍. ഷേര്‍ളിക്കെതിരെയാണ് നടപടി. ഇവരോട് ജില്ല വിട്ടുപോകരുതെന്ന് കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ഇടതു സംഘടനയായ ഗസറ്റഡ് ഓഫീസേഴ്‌സ് അസോസിയേഷന്‍ അംഗമാണ് ഷേര്‍ളി.
അനധികൃതമായി ജോലിക്ക് ഹാജരാകാതിരുന്നതിന് വിജിലന്‍സ് ജഡ്ജി വിളിപ്പിച്ചപ്പോള്‍ അദ്ദേഹവുമായുള്ള സംഭാഷണങ്ങള്‍ ഷേര്‍ളി ഫോണില്‍ റെക്കോഡുചെയ്യുകയായിരുന്നു.ഇത് ശ്രദ്ധയില്‍പ്പെട്ട ജഡ്ജി മറ്റു ജീവനക്കാരുടേയുംഡിവൈഎസ്പിയുടേയും സാന്നിധ്യത്തില്‍ ഫോണ്‍ പരിശോധിച്ചു. പരിശോധനയില്‍ മൂവാറ്റുപുഴ വിജിലന്‍സ് ജഡ്ജിയുടേതടക്കം 28 സംഭാഷണങ്ങള്‍ ജീവനക്കാരി ഫോണില്‍ സൂക്ഷിച്ചിരിക്കുന്നതായി വ്യക്തമായി.
ജീവനക്കാരി അവധിയെടുക്കാതെ അസോസിയേഷന്റെ കായികമേളയ്‌ക്കു പോയതോടെയാണ് ജഡ്ജി വിശദീകരണം തേടിയത്. സര്‍വീസ് ബുക്ക് പരിശോധിച്ചതില്‍ നിന്ന് തൃശ്ശൂരില്‍ ജോലിചെയ്തിരുന്നപ്പോള്‍ അനധികൃത സ്വത്ത് സമ്പാദനത്തിന് ഷേര്‍ളി നടപടി നേരിട്ടിരുന്നതായി കണ്ടെത്തി.
മൂവാറ്റുപുഴ മുന്‍വിജിലന്‍സ് ജഡ്ജിയുടെ കൂടി പരാതിയുടെ അടിസ്ഥാനത്തിലാണ് ഷേര്‍ളിയെ സസ്‌പെന്‍ഡുചെയ്തത്.