
ടെഹ്‌റാന്‍: ഇറാനില്‍ ആയത്തൊള്ള ഖമേനി ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭം ദിവസങ്ങള്‍ കഴിയുംതോറും കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്ന പശ്ചാത്തലത്തില്‍ രാജ്യത്ത് ഇന്റര്‍നെറ്റ് സ്ഥിരമായി വിച്ഛേദിക്കാനൊരുങ്ങുന്നു. സ്വന്തം രാജ്യത്തെ സൈനികര്‍ ജനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ക്കാന്‍ വിസമ്മതിച്ചതോടെയാണ് പ്രക്ഷോഭം ചെറുക്കുന്നതിനായി ഖമേനി പുതിയ തന്ത്രവുമായി രംഗത്തെത്തിയിരിക്കുന്നത്.
ഭരണകൂടം അംഗീകരിക്കുന്നവര്‍ക്കു മാത്രമായിരിക്കും ഇനി ഇന്റര്‍നെറ്റ് നല്‍കുക. പദ്ധതി നടപ്പിലാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായി ഡിജിറ്റല്‍ അവകാശങ്ങള്‍ക്കായി പോരാടുന്ന ഇറാനിലെ പ്രവര്‍ത്തകരെ ഉദ്ധരിച്ച് ഗാര്‍ഡിയന്‍ റിപ്പോര്‍ട്ടു ചെയ്തു.
ഇതൊരു സ്ഥിരമായ സംവിധാനമായിരിക്കുമെന്നും, 2026 മുതല്‍ നിയന്ത്രണമില്ലാത്ത ഇന്റര്‍നെറ്റ് ലഭിക്കില്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍. സുരക്ഷാ പരിശോധനകള്‍ക്കുശേഷം സര്‍ക്കാര്‍ അനുമതിപത്രം നല്‍കുന്നവര്‍ക്കു മാത്രമായിരിക്കും സ്വതന്ത്രമായി ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ കഴിയുക. മറ്റുള്ളവര്‍ക്ക് നിയന്ത്രണങ്ങളോടെ, പ്രാദേശിക വിവരങ്ങള്‍ മാത്രം അറിയാന്‍ കഴിയുന്ന ഇന്റര്‍നെറ്റ് അനുവദിക്കും.
ഖമേനി ഭരണകൂടത്തിനെതിരെ പ്രക്ഷോഭങ്ങള്‍ ശക്തമായതോടെയാണ് ഇറാനില്‍ ഇന്റര്‍നെറ്റ് നിരോധിച്ചത്. ഇന്റര്‍നെറ്റ് നിരോധനം രാജ്യത്തുനിന്നുള്ള വിവരങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുകയും ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയതും കഠിനവുമായ ഇന്റര്‍നെറ്റ് ഷട്ട്ഡൗണുകളില്‍ ഒന്നായി മാറുകയും ചെയ്തിട്ടുണ്ട്. രാജ്യത്തിന്റെ ഇന്റര്‍നെറ്റ് അടിസ്ഥാന സൗകര്യങ്ങളുടെ നിയന്ത്രണം ശക്തമാക്കാന്‍ 16 വര്‍ഷമായി ഇറാനിയന്‍ സര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ പരിണിതഫലമാണ് നിലവിലെ നിരോധനം. ഈ തന്ത്രത്തിന്റെ ഒരു പ്രധാന ഘടകം ‘വൈറ്റ് ലിസ്റ്റിംഗ്’ ആണ്. ചില ഉപയോക്താക്കള്‍ക്ക് മാത്രം ഇന്റര്‍നെറ്റിലേക്ക് പ്രവേശനം അനുവദിക്കുകയും മറ്റുള്ളവരില്‍ നിന്ന് അത് തടയുകയും ചെയ്യുന്നു. ചൈന നല്‍കിയ സാങ്കേതികവിദ്യയാണ് ഈ സംവിധാനം സാധ്യമാക്കിയതെന്ന് ഗവേഷകര്‍ പറയുന്നു.
അതേസമയം ഇറാനില്‍ രണ്ടാഴ്ച നീണ്ട പ്രക്ഷോഭത്തില്‍ 2677 പേര്‍ കൊല്ലപ്പെട്ടെന്നാണ് യുഎസ് ആസ്ഥാനമായ ഹ്യുമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ്‌സ് ന്യൂസ് ഏജന്‍സിയുടെ റിപ്പോര്‍ട്ട്.