തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയുടെ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ട തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ ബിജെപി എൻഡിഎയുടെയും ഞങ്ങളെ പിന്തുണച്ച മുപ്പതുലക്ഷം വോട്ടർമാരുടെയും പേരിൽ അഭിനന്ദിച്ച് നേമം എൽഎൽഎയും ബിജെപിയുടെ സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ.
ഒരു മാറ്റമാണ് കേരള ജനത ആഗ്രഹിക്കുന്നത്. നാടിന്റെ മികച്ച ഭാവിക്കായുള്ള ചർച്ചകൾ സഭയിൽ നടക്കണം. ജനങ്ങളുടെ പ്രശ്നങ്ങൾ അവതരിപ്പിക്കാൻ ഞങ്ങളെയെല്ലാവരെയും അനുവദിക്കണം എന്ന അഭ്യർത്ഥന മാത്രമാണ് മുന്നോട്ട് വെക്കാനുള്ളത്. അങ്ങയുടെ നേതൃത്വത്തിൽ ഈ സഭയ്‌ക്ക് നമ്മുടെ സംസ്ഥാനത്തെ വികസിത കേരളത്തിലേക്ക് മുന്നോട്ടു കൊണ്ടുപോകാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
ബാലറ്റ് പേപ്പറിലൂടെ നടന്ന തിരഞ്ഞെടുപ്പില്‍ 101 വോട്ടുകളാണ് തിരുവഞ്ചൂര്‍ നേടിയത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി എ.സി.മൊയ്തീന്‍ 35 വോട്ടും എന്‍ഡിഎയുടെ ബി.ബി.ഗോപകുമാര്‍ മൂന്ന് വോട്ടും നേടി. തിരഞ്ഞെടുക്കപ്പെട്ട സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പിടത്തിലേക്ക് ആനയിച്ചു.
അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിക്കുന്നയാളാണ് തിരുവഞ്ചൂരെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍ അനുമോദിച്ച് സംസാരിച്ചു. പ്രതിപക്ഷ ശബ്ദവും അംഗീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഉന്നത ജനാധിപത്യബോധം തിരുവഞ്ചൂര്‍ പ്രകടിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നായിരുന്നു പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ അഭിനന്ദനം.