
തൃശൂർ: ബിജെപിയിൽ ക്രമാതീതമായി പ്രതീക്ഷ വര്‍ധിച്ചുവെന്ന് ജനങ്ങള്‍ പറയുന്നതാണ് ഞങ്ങളുടെ ആത്മവിശ്വാസമെന്ന് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. ഇതാണ് ഞങ്ങളുടെ ഇന്ധനം. പോകുന്നയിടങ്ങളിൽ നിന്ന് ഞങ്ങൾക്കത് മനസിലാകുന്നുണ്ടെന്നും സുരേഷ് ഗോപി പറഞ്ഞു.
2024 ജൂണ്‍ നാലിനുശേഷം കേരളത്തിന്റെ പള്‍സ് അറിയണമെങ്കിൽ തൃശൂരിൽ അന്വേഷിക്കണം. സത്യസന്ധമായ പള്‍സ് തൃശൂരിൽ നിന്നും അനുഭവപ്പെടുന്നുണ്ട്. കൗൺസിലറെ മോഹിക്കാൻ പോലും കഴിയാത്ത ഡിവിഷനുകളിൽ പോകുമ്പൾ കിട്ടുന്ന പൾസ്, അത് കേരളത്തിന്റെ പൾസാണെന്നും അദ്ദേഹം പറഞ്ഞു. തൃശൂരിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സുരേഷ്ഗോപി.
ഭരണവിരുദ്ധ വികാരമുണ്ടോ എന്നതിനെക്കുറിച്ചൊന്നും പറയാൻ ഞാൻ തയ്യാറല്ല. അതല്ല ഞങ്ങളുടെ രീതി. വികസിത് ഭാരത് 2047ന് കീഴിലുള്ള സഹായങ്ങൾ കേരളത്തിനും ലഭിക്കണം. ജനങ്ങൾക്ക് ഇതെല്ലാം മനസിലായിക്കഴിഞ്ഞു. ജനങ്ങൾ വഞ്ചിക്കപ്പെടാത്ത ഒരു ഭരണനിർവഹണത്തിന് ഞങ്ങളുടെ ശക്തമായ സാന്നിദ്ധ്യം ഉണ്ടാകും.
തൃശൂർ നഗരസഭയിൽ ഞങ്ങൾക്ക് സ്വപ്നം പോലും കാണാൻ കഴിയാത്ത ഡിവിഷനുകളിൽ വലിയ മുന്നേറ്റം ഉണ്ടാകും. കൃത്യമായി സ്ഥാനാർത്ഥികളെ കൊടുത്താൽ കോർപ്പറേഷൻ ബിജെപി ഭരിക്കുന്നത് കാണാം. ജനങ്ങള്‍ ബിജെപിയുടെ പ്രചാരണം ആവാഹിച്ചു കഴിഞ്ഞുവെന്നും സുരേഷ് ഗോപി പറഞ്ഞു.