
ചെന്നൈ: രാഷ്‌ട്രീയത്തിലേക്ക് കടന്ന സൂപ്പര്‍ താരം വിജയ്‌യുടെ അവസാന ചിത്രമെന്ന പേരിലെത്തുന്ന ജനനായകന്‍ റിലീസ് വെള്ളിയാഴ്ച ഇല്ല. നിര്‍മാതാക്കള്‍ ആയ കെവിഎന്‍ പ്രൊഡക്ഷന്‍സ് ഈ വിവരം സ്ഥിരീകരിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
ജനനായകന്‍ സിനിമയുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റിനായി നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ വിധി വ്യാഴാഴ്ചയും ഉണ്ടാകില്ലെന്നാണ് വിവരം. ജസ്റ്റിസ് പി. ടി ആശയുടെ ബെഞ്ചില്‍ വ്യാഴാഴ്ച ഹര്‍ജി ലിസ്റ്റ് ചെയ്തിട്ടില്ല.വെള്ളിയാഴ്ച രാവിലെ മാത്രമേ വിധി ഉണ്ടാകൂ എന്നാണ് സൂചന.
അനുകൂലവിധി ഉണ്ടായാലും സെന്‍സര്‍ ബോര്‍ഡ് നടപടികള്‍ പൂര്‍ത്തിയാക്കി ചിത്രം റിലീസ് ചെയ്യാന്‍ വൈകുമെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. U/A സര്‍ട്ടിഫിക്കറ്റ് ഉറപ്പ് നല്‍കിയതിന് ശേഷം സെന്‍സര്‍ ബോര്‍ഡ് നിലപാട് മാറ്റിയതെന്തിനാണെന്ന് വാദത്തിനിടെ കോടതി ബുധനാഴ്ച ചോദിച്ചിരുന്നു.
ഡിസംബര്‍ 22ന് ചിത്രത്തിന് U/A സര്‍ട്ടിഫിക്കറ്റ് ശുപാര്‍ശ ചെയ്ത അഞ്ചംഗ കമ്മിറ്റിയിലെ ഒരാളാണ് പരാതി നല്‍കിയത് എന്ന് സെന്‍സര്‍ ബോര്‍ഡ് ബുധനാഴ്ച വാദത്തിനിടെ കോടതിയെ അറിയിച്ചു. സിനിമയില്‍ സൈന്യവുമായി ബന്ധപ്പെട്ട അടയാളങ്ങള്‍ ഉളളതിനാല്‍ പ്രതിരോധ രംഗത്തെ വിദഗ്ധര്‍ അടങ്ങിയ സമിതി പരിശോധിക്കാതെ ചിത്രത്തിന് അനുമതി നല്‍കാനാകില്ലെന്നും ഇവര്‍ വാദിച്ചു.
റിവൈസ് കമ്മിറ്റിക്ക് വിടാന്‍ തീരുമാനിച്ച ശേഷം 20 ദിവസത്തിനുള്ളില്‍ സമിതി രൂപീകരിച്ചാല്‍ മതി. ചെയര്‍മാന്റെ അധികാരത്തെ തടയാന്‍ കോടതിക്ക് കഴിയില്ലെന്നും അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പറഞ്ഞു. എന്നാല്‍ നേരത്തേ നിര്‍ദേശിച്ച 27 മാറ്റങ്ങളും വരുത്തി ചിത്രം രണ്ടാമതും പരിശോധനയ്‌ക്കായി നല്‍കിയെന്നും ഒരു അംഗത്തിന്റെ അഭിപ്രായത്തെ പരാതി ആയി കാണാന്‍ ആകില്ലെന്നും നിര്‍മ്മാതാക്കളായ കെവിഎന്‍ പ്രൊഡക്ഷന്‍സ് മറുപടി നല്‍കി.