ന്യൂദല്‍ഹി: ജനാധിപത്യം അപകടത്തിലാണ് എന്ന് കണ്ണീര്‍വാര്‍ക്കുന്ന രാഹുല്‍ ഗാന്ധിയ്‌ക്ക് മുന്‍പാകെ കോണ്‍ഗ്രസ് ഭരണകാലത്തെ അനീതികള്‍ തുറന്നുകാണിക്കുകയാണ് സാമൂഹ്യ നിരീക്ഷകനായ ആനന്ദ് രംഗനാഥന്‍.
കോണ്‍ഗ്രസ് ഭരണകാലമായ 2014 മുന്‍പുള്ള ഇന്ത്യ ഏദന്‍തോട്ടം പോലെ പരിപൂര്‍ണ്ണമായിരുന്നു അതിന് ശേഷമാണ് എല്ലാം തകര്‍ന്നത് എന്ന രീതിയിലുള്ള കോണ്‍ഗ്രസിന്റെ വ്യാഖ്യാനം ശുദ്ധ മടയത്തരമാണെന്ന് ആനന്ദ് രംഗനാഥന്‍ ചൂണ്ടിക്കാട്ടുന്നു.
ജനാധിപത്യം ഇപ്പോള്‍ അപകടത്തിലാണെന്ന് രാഹുല്‍ ഗാന്ധി പറയുന്നത് വ്യാജമായ വ്യാഖ്യാനമാണ്. സുപ്രീംകോടതിയുടെ സ്വാതന്ത്ര്യവും തെരഞ്ഞെടുപ്പുകമ്മീഷന്റെ സ്വാതന്ത്ര്യവും ഒഴിച്ച് എല്ലാം ഭരണഘടനയെ ആശ്രയിച്ചാണ് ഇരിക്കുന്നത്.
കോണ്‍ഗ്രസ് ഭരണകാലത്ത്, യുപിഎ സര്‍ക്കാരിന്റെ കാലത്ത് ജേണലിസ്റ്റുകള്‍ക്കും പൊതുപ്രവര്‍ത്തകര്‍ക്കും എതിരെ 12000 രാജ്യദ്രോഹക്കുറ്റമാണ് ചുമത്തിയത്. ഒരൊറ്റ ദിവസം പി. ചിദംബരം
8500 രാജ്യദ്രോഹക്കുറ്റം ചുമത്തുകയുണ്ടായി. ഇതാണ് വാസ്തവം എന്നിരിക്കെ ഇപ്പോള്‍ മാത്രം ജനാധിപത്യം അപകടത്തില്‍ എന്ന് രാഹുല്‍ ഗാന്ധി കരയുന്നതില്‍ അര്‍ത്ഥമുണ്ടോ?- കണക്കുകള്‍ നിരത്തി ആനന്ദ് രംഗനാഥന്‍ വാദിക്കുന്നു.
ബിജെപി ഇതര സര്‍ക്കാര്‍ ഭരിയ്‌ക്കുന്ന ബംഗാളില്‍ മമത ബാനര്‍ജിയ്‌ക്കെതിരെ ഒരു കാര്‍ട്ടൂണ്‍ വരച്ച പ്രൊഫസറെ അറസ്റ്റ് ചെയ്തു. പിന്നീട് 11 വര്‍ഷം കഴിഞ്ഞാണ് ഈ കെമിസ്ട്രി പ്രൊഫസറെ വിട്ടയച്ചത്. അപ്പോള്‍ ജനാധിപത്യം അപകടത്തിലാക്കുന്നത് ബിജെപിയാണെന്ന് കുറ്റപ്പെടുത്തുന്നതില്‍ വല്ല അര്‍ത്ഥവുമുണ്ടോ?
അതേ സമയം ഗുജറാത്തില്‍ കോവിഡ് വാക്സിനെ കുറ്റം പറഞ്ഞ ഒരു ജേണലിസ്റ്റിനെ അറസ്റ്റ് ചെയ്ത് 15 ദിവസത്തിന് ശേഷം വിട്ടയച്ചപ്പോള്‍ ജനാധിപത്യം അപകടത്തില്‍ എന്ന് പറഞ്ഞത് നിലവിളിക്കുകയായിരുന്നു രാഹുല്‍ ഗാന്ധിയും കൂട്ടരും. എന്താ ഇത്രയും വലിയ കുറ്റപ്പെടുത്തല്‍ നടത്തുമ്പോള്‍ മിണ്ടാതിരിക്കണോ? – ആനന്ദ് രംഗനാഥന്‍ ചൂണ്ടിക്കാട്ടുന്നു.
സ്വാതന്ത്ര്യത്തിന്റെ പര്യായപദം എന്നാണ് കോണ്‍ഗ്രസ് നെഹ്രുവിനെ വിശേഷിപ്പിക്കുന്നത്. പക്ഷെ ഈ നെഹ്രു ചെയ്തത് എന്താണ് ?കവിയായ മജ് രൂഹ് സുല്‍ത്താന്‍ പുരിയെ ഒരു വര്‍ഷമാണ് നെഹ്രു ജയിലില്‍ അടച്ചത്. എന്തിനാണ്? നെഹ്രു ഹിറ്റ്ലറുടെ ശിഷ്യനാണെന്ന് വിളിച്ചതിനാണ് ഈ പ്രസിദ്ധകവിയെ നെഹ്രു ജയിലില്‍ തള്ളിയത്. – ആനന്ദ് രംഗനാഥന്‍ വാദിക്കുന്നു.
നെഹ്രൂവിന്റെ കാലത്ത് നിരോധിക്കപ്പെട്ട ഒരു പിടി പുസ്തകങ്ങളുടെ പേരുകളും ആനന്ദ് രംഗനാഥന്‍ വായിച്ചുകേള്‍പ്പിച്ചു. ചന്ദ്രമോഹിനി എന്ന പുസ്തകം നിരോധിച്ചു. ഒബ്രി മേനന്‍ രാമായണത്തെക്കുറിച്ച് എഴുതിയ രാമ റീടോള്‍ഡ് എന്ന പുസ്തകം നിരോധിച്ചു. അങ്ങിനെ എത്രയോ പുസ്തകങ്ങള്‍ നെഹ്രു നിരോധിച്ചിട്ടുണ്ട്. ഈ സത്യം ആരും പറയാറില്ല. അതുകൊണ്ടാണ് നെഹ്രുവിനെ സ്വാതന്ത്ര്യത്തിന്റെ അപ്പോസ്തലന്‍ എന്ന് പലരും വിശേഷിപ്പിക്കുന്നത്. കേരളത്തിലെ ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പിരിച്ചുവിട്ടത് നെഹ്രു സര്‍ക്കാരാണ്. -ഇത്തരം സത്യങ്ങള്‍ ആരും പറയാത്തത് മൂലമാണ് രാഹുല്‍ ഗാന്ധിയെപ്പോലുളളവരുടെ ജനാധിപത്യം മോദിയുടെ കാലത്ത് തകര്‍ന്നു എന്ന കരച്ചിലിനെ പലരും സത്യമായി തെറ്റിദ്ധരിക്കുന്നത്. – ആനന്ദ് രംഗനാഥന്‍ പറയുന്നു.