• Sat. Dec 20th, 2025

24×7 Live News

Apdin News

ജന്നത്ത് ആറ റൂമി, ഷെരീഫ് ഉസ്മാന്‍ ഹാദി…ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി നേതാക്കള്‍ ഒന്നിനും പിറകെ ഒന്നായി കൊല്ലപ്പെടുന്നു; പിന്നില്‍ അജ്ഞാതന്‍?

Byadmin

Dec 20, 2025



ധാക്ക: ബംഗ്ലാദേശിലെ ജമാ അത്തെ വിദ്യാര്‍ത്ഥി സംഘടനയിലെ തീപ്പൊരി നേതാവായ ജന്നത്ത് ആറ റൂമി എന്ന പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ ഹോസ്റ്റല്‍ മുറിയില്‍ കണ്ടെത്തിയത് ഷേഖ് ഹസീന വിരുദ്ധ പ്രക്ഷോഭകാരികളെ ഞെട്ടിച്ചു. ഡിസംബര്‍ 18നാണ് ധാക്കയിലെ ഹസാരിബാഗിലെ വനിതാ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയിൽ ജന്നത്ത് ആറ റൂമിയുടെ മൃതദേഹം കണ്ടെത്തിയത്. ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയ്‌ക്കെതിരെ കലാപം ഉണ്ടായപ്പോള്‍ അതിന് നേതൃത്വം നല്‍കിയ നാഷണൽ സിറ്റിസൺസ് പാർട്ടിയുടെ (എൻസിപി) ധന്‍മോണ്ടി 32 പ്രദേശത്തെ നേതാവ് കൂടിയാണ് ജന്നത്ത് ആറ റൂമി.

ജന്നത്ത് ആറ റൂമിയുടെ മരണവാര്‍ത്ത പുറത്തുവന്നതോടെ സ്ഥാനഭ്രഷ്ടയാക്കപ്പെട്ട മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ അനുയായിയായ ഒരു വൃദ്ധയെ വടി കൊണ്ട് അതിക്രൂരമായി മര്‍ദ്ദിച്ച കഥ സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുകയാണ്. ഷേഖ് ഹസീനയെ അനുകൂലിച്ചതിന് തന്റെ എന്‍സിപി പാര്‍ട്ടിയില്‍പെട്ട വിദ്യാര്‍ത്ഥിസംഘത്തിന്റെ മുന്നില്‍ വെച്ച് ആ വൃദ്ധയെ പരസ്യവിചാരണ ചെയ്താണ് വടികൊണ്ട് ജന്നത്ത് ആറ റൂമി തലങ്ങും വിലങ്ങും തല്ലിയത്.

ഇതിനെതിരെ ബംഗ്ലാദേശിലെങ്ങും വന്‍പ്രതിഷേധം ഉയര്‍ന്നിരുന്നു. പിന്നീട് കുറച്ചുനാളുകളായി ജന്നത്ത് ആറ റൂമിയ്‌ക്കെതിരെ സൈബര്‍ ആക്രമണവും ഫോണിലൂടെയുള്ള വധഭീഷണികളും ശക്തമായി. അതിനിടെയാണ് പൊടുന്നനെ ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ജന്നത്ത് ആറ റൂമിയുടെ മരണത്തിന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇന്‍ക്വിലാബ് മഞ്ച എന്ന സംഘടനയുടെ കണ്‍വീനറായ വിദ്യാര്‍ത്ഥി നേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയ്‌ക്ക് വെടിയേറ്റത്. പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു വെടിയേറ്റത്. പിന്നീട് വിദഗ്ധചികിത്സയ്‌ക്കായി സിംഗപ്പൂരിലേക്ക് എയര്‍ ആംബുലന്‍സില്‍ കൊണ്ടുപോയി. വെടിയേറ്റ് ചികിത്സയിലായിരുന്ന ഷെറീഫ് ഉസ്മാന്‍ ഹാദി നവമ്പര്‍ 19ന് മരിച്ചു.

ഷേഖ് ഹസീനയെ ഭരണത്തില്‍ നിന്നും അട്ടിമറിക്കാന്‍ പ്രവര്‍ത്തിച്ച ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥി സംഘടനകളുടെ നേതാക്കള്‍ ഒന്നിനു പുറകെ ഒന്നായി കൊല്ലപ്പെടുകയാണ്. ഇത് അവിടുത്തെ വിദ്യാര്‍ത്ഥി സംഘടന നേതാക്കള്‍ക്കുള്ളില്‍ ഭയം നിറയ്‌ക്കുകയാണ്. ഉസ്മാന്‍ ഹാദിയുടെയും ജന്നത്ത് ആറ റൂമിയുടെയും കൊലപാതകി അജ്ഞാതനാണെന്നാണ് വിലയിരുത്തല്‍.

 

By admin