
തിരുവനന്തപുരം: നഗരാസൂത്രണവുമായി ബന്ധപ്പെട്ട് ജന്മഭൂമി മുന്നോട്ട് വച്ച നിര്‍ദേശത്തിന് കേന്ദ്ര നഗരാസൂത്രണ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതായി മേയര്‍ വി.വി. രാജേഷ്. തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍, ഡെപ്യൂട്ടി മേയര്‍, സ്ഥിരം സമിതി അധ്യക്ഷന്‍മാര്‍, കൗണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് ജന്മഭൂമി സംഘടിപ്പിച്ച ആദരവ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പിന് ശേഷം തിരുവനന്തപുരത്ത് പെയ്ത മഴയില്‍ നഗരത്തിലാകെ വെള്ളക്കെട്ടുണ്ടായി. തുടര്‍ന്ന് അന്ന് തിരുവനന്തപുരം മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയും നിലവിലെ ബിജെപി സംസ്ഥാന പ്രസിഡന്റുമായ രാജീവ് ചന്ദ്രശേഖര്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട് വെള്ളക്കെട്ട് പരിഹരിക്കുന്നതിനായി പദ്ധതി സമര്‍പ്പിച്ചു. 200 കോടി രൂപ കേന്ദ്ര സര്‍ക്കാര്‍ അനവദിക്കാമെന്ന് പറഞ്ഞെങ്കിലും കോര്‍പറേഷന്‍ ഭരണ സമിതി സ്വീകരിക്കാന്‍ തയാറായില്ല. ഇത് സംബന്ധിച്ച് ‘മഴപെയ്താല്‍ നഗരത്തില്‍ വള്ളം ഇറക്കണം’ എന്ന് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചു. കൂടാതെ ജന്മഭൂമി അമ്പതാം വാര്‍ഷികാഘോഷവുമായി ബന്ധപ്പെട്ട് വിഷന്‍ അനന്തപുരി സെമിനാറുകളില്‍ വെള്ളക്കെട്ട് സംബന്ധിച്ച ചര്‍ച്ചകളും ഇടം പിടിച്ചു. അന്ന് അത് ശ്രദ്ധിച്ചിരുന്നെന്നും കോര്‍പറേഷന്‍ ഭരണ സമിതിയിലും ഇത് സംബന്ധിച്ചായിരുന്നു ആദ്യ ചര്‍ച്ചകള്‍ നടന്നിരുന്നതെന്ന് മേയര്‍ പറഞ്ഞു. കേന്ദ്ര നഗരാസൂത്രണ വിഭാഗത്തിലെ ജീവനക്കാര്‍ ഇന്നലെ കോര്‍പറേഷനില്‍ എത്തി ചര്‍ച്ച നടത്തി. പണം ലഭിക്കാനുള്ള നടപടി ക്രമങ്ങളുമായി മുന്നോട്ട് പോകാന്‍ ആവശ്യപ്പെട്ടതായും മേയര്‍ പറഞ്ഞു.
ആര്‍എസ്എസ് വിഭാഗ് സംഘചാലക് പി. ഗീരിഷ് ദീപം തെളിയിച്ചു. ജന്മഭൂമി പ്രസിദ്ധീകരിച്ച വിഷന്‍ അനന്തപുരി നിര്‍ദേശങ്ങള്‍ എന്ന പുസ്തകം ജന്മഭൂമി എംഡി എം. രാധാകൃഷ്ണന്‍ മേയര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. നഗരസഭയിലെ എല്ലാ ബിജെപി കൗണ്‍സിലര്‍മാരെയും മൊമന്റോ നല്‍കി ആദരിച്ചു. സിസ ഡയറക്ടര്‍ ഡോ. സുരേഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി മേയര്‍ ആശാനാഥ്, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. സോമന്‍, സിറ്റി ജില്ലാ പ്രസിഡന്റ് കരമന ജയന്‍, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍, ഡയറക്ടര്‍ ബോര്‍ഡ് അംഗം ടി. ജയചന്ദ്രന്‍, ഡസ്‌ക് ചീഫ് ആര്‍. പ്രദീപ്, ബ്യൂറോ ചീഫ് അജി ബൂധന്നൂര്‍ എന്നിവര്‍ സംസാരിച്ചു.