
അമൃതപുരി (കൊല്ലം): ജടായുവിന്റെ ആത്മാരാമനെ അയോദ്ധ്യയിലെ സീതാരാമനോട് ചേര്‍ത്ത് അമൃതപുരി കാമ്പസില്‍ നടന്ന രാമക്ഷേത്രം രാഷ്‌ട്രക്ഷേത്രം ദ്വിദിന ജന്മഭൂമി അന്താരാഷ്‌ട്ര സെമിനാറിന് സമാപനം.
പവിത്രമായ ചടയമംഗലം ജടായു-കോദണ്ഡരാമക്ഷേത്രത്തെ അയോദ്ധ്യയിലെ ഭവ്യമായ ശ്രീരാമക്ഷേത്രവുമായി ബന്ധപ്പെടുത്തുവാനുദ്ദേശിച്ചാണ് കേന്ദ്രസാംസ്‌കാരിക വകുപ്പിന് കീഴിലുള്ള കൊല്‍ക്കത്തയിലെ മൗലാന അബുള്‍കലാം ആസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഏഷ്യന്‍ സ്റ്റഡീസിന്റെ സഹകരണത്തോടെ സെമിനാര്‍ സംഘടിപ്പിച്ചത്. കേരളത്തിലെ പ്രധാന ശ്രീരാമ സങ്കേതങ്ങളെ ഉള്‍പ്പെടുത്തി അയോദ്ധ്യാ ശ്രീരാമക്ഷേത്ര തീര്‍ത്ഥാടന ശൃംഖല വിപുലപ്പെടുത്തുകയെന്നതായിരുന്നു ലക്ഷ്യം. രണ്ടുദിവസം പന്ത്രണ്ട് സെഷനുകളിലായി നടന്ന സെമിനാറില്‍ അക്കാദമിക, അദ്ധ്യാത്മിക രംഗത്തെ 12 പ്രമുഖര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഭാരതത്തിന്റെ ഓരോ അണുവിലും രാമന്റെ മഹത്വമുള്ളതിനാല്‍ അയോദ്ധ്യയിലുയര്‍ന്ന രാമക്ഷേത്രം ഈ ഭാരതരാഷ്‌ട്രക്ഷേത്രം തന്നെയെന്ന വികാരമാണ് സെമിനാറിലുടനീളമുയര്‍ന്നത്.
സെമിനാര്‍ ജനപങ്കാളിത്തംകൊണ്ട് പ്രൗഢമായി. ചരിത്രത്തിന്റെ പിഴവുകള്‍ തിരിച്ചറിഞ്ഞ് വേണ്ട തിരുത്തല്‍ വരുത്തി അടുത്ത തലമുറയെ ഭാരതത്തിന്റെ സംസ്‌കൃതിയിലേക്ക് തിരികെ കൊണ്ടുവരാന്‍ കഴിയണമെന്ന് സമാപന സമ്മേളനത്തില്‍ അനുഗ്രഹ പ്രഭാഷണം നടത്തിയ ബ്രഹ്‌മചാരി വിശ്വനാഥാമൃതാനന്ദ ചൈതന്യ പറഞ്ഞു. ഇതിഹാസങ്ങളും പുരാണങ്ങളും കുട്ടികളിലെത്തിക്കാന്‍ കഴിയണം. മാതൃകാ പുരുഷന്മാരെ കുറിച്ചുള്ള ശരിയായ അറിവുകള്‍ സമൂഹത്തില്‍ എത്തിക്കണം, ചരിത്രത്തിന്റെ പിഴവുകള്‍ തിരിച്ചറിഞ്ഞ് അടുത്ത തലമുറയ്‌ക്ക് പകര്‍ന്ന് നല്‍കുവാനുള്ള പദ്ധതികള്‍ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.
സമാപനസഭയില്‍ ജന്മഭൂമി എഡിറ്റര്‍ കെ.എന്‍.ആര്‍. നമ്പൂതിരി അധ്യക്ഷത വഹിച്ചു. കൂടിയ സമാപന സഭയില്‍, ജന്മഭൂമി ജനറല്‍ മാനേജര്‍ കെ.ബി. ശ്രീകുമാര്‍, അമൃത ആയൂര്‍വേദ കോളജ് പ്രിന്‍സിപ്പാള്‍ ഡോ.എന്‍.വി.രമേഷ്, ജടായൂ കോദണ്ഡ സ്വാമി ട്രസ്റ്റ് പ്രസിഡന്റ് എസ്. അശോകന്‍, വി. രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.