തൃശൂര്‍: ബാലഗോകുലം-ബാല സംസ്‌കാര കേന്ദ്രം ഏര്‍പ്പെടുത്തിയ ജന്മാഷ്ടമി പുരസ്‌കാരം നോവലിസ്റ്റും കഥാകൃത്തും പത്രപ്രവര്‍ത്തകനുമായ സി. രാധാകൃഷ്ണന്. ശ്രീകുമാരന്‍ തമ്പി അധ്യക്ഷനായ ജൂറിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്. ഡോ. എം. ലക്ഷ്മികുമാരി, പി.കെ. വിജയരാഘവന്‍, ആര്‍. പ്രസന്നകുമാര്‍ എന്നിവരായിരുന്നു മറ്റംഗങ്ങള്‍.
50,000 രൂപയും കൃഷ്ണ ശില്‍പ്പവും പ്രശംസാപത്രവുമടങ്ങുന്നതാണ് അവാര്‍ഡ്. സപ്തംബര്‍ ആദ്യവാരം തൃശൂരിലെ ജന്മാഷ്ടമി പുരസ്‌കാര സമര്‍പ്പണ മഹാസമ്മേളനത്തില്‍ പുരസ്‌കാരം സമ്മാനിക്കും. സി. രാധാകൃഷ്ണന്റെ ഗീതാ ദര്‍ശനത്തെക്കുറിച്ചുള്ള ഭാഗമാണ് പ്രധാനമായും പരിഗണിച്ചതെന്ന് പത്രസമ്മേളനത്തില്‍ ഡോ. എം. ലക്ഷ്മികുമാരി, പി.കെ. വിജയരാഘവന്‍, ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ എന്‍. ഹരീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. സുഗതകുമാരി, യൂസഫലി കേച്ചേരി, വിഷ്ണു നാരായണന്‍ നമ്പൂതിരി, അക്കിത്തം, മള്ളിയൂര്‍ ശങ്കരന്‍ നമ്പൂതിരി, പി. പരമേശ്വരന്‍, വി. മധുസൂദനന്‍ നായര്‍, കലാമണ്ഡലം ഗോപി, മാതാ അമൃതാനന്ദമയി ദേവി എന്നിവര്‍ക്കാണ് ഇതിനു മുമ്പ് ജന്മാഷ്ടമി പുരസ്‌കാരം സമ്മാനിച്ചത്.