പാര്‍ട്ടിയില്‍ സമ്മര്‍ദം ശക്തമായതിനെ തുടര്‍ന്ന് ജപ്പാന്‍ പ്രധാനമന്ത്രി ഷിഗേരു ഇഷിബ രാജിവെച്ചു. ഭരണകക്ഷിയിലെ അംഗങ്ങള്‍ അവിശ്വാസപ്രമേയത്തിന് നീക്കം തുടങ്ങിയതിന് പിന്നാലെയാണ് രാജി.
ജൂലൈയില്‍ നടന്ന പാര്‍ലമെന്റ് ഉപരിസഭാ തെരഞ്ഞെടുപ്പിലെ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ട് സ്വന്തം പാര്‍ട്ടിയില്‍ നിന്ന് തന്നെ സമ്മര്‍ദം ശക്തമായിരുന്നു. ഇതിനെ തുടര്‍ന്ന് ഷിഗേരു രാജി വെക്കുകയായിരുന്നു.
ജപ്പാനില്‍ ദീര്‍ഘകാലമായി അധികാരത്തിലുള്ള പാര്‍ട്ടിയാണ് ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി. ഇഷിബക്ക് പാര്‍ലമെന്റിന്റെ ഇരുസഭകളിലും ഭൂരിപക്ഷം നഷ്ടപ്പെട്ടിരുന്നു. പാര്‍ട്ടിയിലെ പിളര്‍പ്പ് ഒഴിവാക്കാനാണ് രാജിയെന്ന് ഇഷിബയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
കഴിഞ്ഞ ഒക്ടോബറിലാണ് ഷിഗേരു ഇഷിബ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തത്. പാര്‍ട്ടി നേതാവെന്ന നിലയില്‍ ഇഷിബക്ക് 2027 സെപ്റ്റംബര്‍ വരെ കാലാവധിയുണ്ടായിരുന്നു. പാര്‍ട്ടിക്ക് പുതിയ പ്രസിഡന്റിനെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പ് ഒക്ടോബറില്‍ നടന്നേക്കും.