
കോഴിക്കോട് : ജമാഅത്തെ ഇസ്ലാമി നേതാക്കളുമായി എകെജി സെന്ററില്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ അവര്‍ ആവശ്യപ്പെട്ട പ്രകാരമായിരുന്നു താന്‍ സംസാരിച്ചതെന്നും വെളിപ്പെടുത്തി.ജമാ അത്തെ ഇസ്ലാമി നേതാക്കള്‍ക്കൊപ്പം സോളിഡാരിറ്റിയിലെ ചില ചെറുപ്പക്കാരും തന്നെ കാണാന്‍ വന്നു. അന്ന് അവരുടെ മുഖത്ത് നോക്കി വര്‍ഗീയ വാദികളെന്ന് താന്‍ വിളിച്ചെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.
വര്‍ഗീയ വാദികള്‍ ആണെന്ന് അറിഞ്ഞു കൊണ്ട് തന്നെയാണ് ജമാഅത്തെ ഇസ്ലാമി നേതാക്കളെ കണ്ടത്. അവര്‍ പ്രശ്‌നക്കാര്‍ ആണെന്ന് അവരോട് തന്നെ പറഞ്ഞു.അവര്‍ക്ക് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന്റെ കാരണം യുഡിഎഫ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
1992 ല്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ ജമാ അത്തെ ഇസ്ലാമിയെ നിരോധിച്ചു.ഇതിലുള്ള പ്രതിഷേധ വോട്ടാണ് 1996 ല്‍ ജമാ അത്തെ ഇസ്ലാമി എല്‍ഡിഎഫിന് ചെയ്തത്. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയും രമേശ് ചെന്നിത്തല ആഭ്യന്തര മന്ത്രിയുമായിരിക്കെ ജമാ അത്തെ ഇസ്ലാമി വര്‍ഗീയ സംഘടനയെന്ന് യുഡിഎഫ് സര്‍ക്കാര്‍ സത്യവാംഗ്മൂലം നല്‍കി. ജമാ അത്തെ ഇസ്ലാമിക്ക് അനുകൂലമായ ഒരു നിലപാടും എല്‍ഡിഎഫ് ഒരു ഘട്ടത്തിലും എടുത്തിട്ടില്ലെന്നും പിണറായി അവകാശപ്പെട്ടു.
അതേസമയം, എല്‍ഡിഎഫിന് ബന്ധമുണ്ടായത് ജമാത്തെ ഇസ്ലാമിയുമായി നേരിട്ടെന്നും എന്നാല്‍ യുഡിഎഫിന് വെല്‍ഫയര്‍ പാര്‍ട്ടിയാണ് പിന്തുണ പ്രഖ്യാപിച്ചതെന്നും പ്രതിപക്ഷനേതാവ് വിഡി സതീശന്‍ പറഞ്ഞു.ജമാഅത്തെ ഇസ്ലാമി എല്‍ഡിഎഫ് ബന്ധം മറക്കരുതെന്ന് മുസ്ലീം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.