ശ്രീനഗര്‍: ജമ്മുകശ്മീരിനെ ഭാരതത്തില്‍ നിന്ന് മുറിച്ചുമാറ്റാന്‍ വേണ്ടി ജനങ്ങളെ പ്രകോപിപ്പിച്ച് ഇറക്കിവിടുന്നത് യുഎപിഎ പ്രകാരമുള്ള നിയമിവരുദ്ധ പ്രവര്‍ത്തനമാണെന്ന് ജമ്മുകശ്മീര്‍ ലഡാക്ക് ഹൈക്കോടതി വ്യക്തമാക്കി. ഇങ്ങനെ ചെയ്യുന്നവര്‍ ഭീകരവിരുദ്ധ നിയമത്തിന്റെ 13(1) വകുപ്പ് പ്രകാരം ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും ജസ്റ്റിസ് സഞ്ജീവ് കുമാര്‍, ജസ്റ്റിസ് സഞ്ജയ് പരിഹാര്‍ എന്നിവര്‍ വ്യക്തമാക്കി.
ജമ്മുകശ്മീരിലെ ബന്ദിപോരയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനക്ക് ശേഷം മസ്ജിദില്‍ രണ്ടു പേര്‍ ജമ്മുകശ്മീരിനെ ഭാരതത്തില്‍ നിന്ന് മുറിച്ചുമാറ്റണമെന്ന് പ്രസംഗിച്ചിരുന്നു. ഇവരെ വെറുതേവിട്ട വിചാരണക്കോടതി നടപടി റദ്ദാക്കിയ ഹൈക്കോടതിയാണ് ഇങ്ങനെ നിരീക്ഷിച്ചത്.
ജമ്മുകശ്മീര്‍ മുറിച്ചുമാറ്റണമെന്നും ഭാരതം ഇത് കൈയേറിയതാണെന്നുമാണ് അമീര്‍ ഹംസ ഷായും റായീസ് അഹമ്മദ് മീറും പ്രസംഗിച്ചത്. മുദ്രാവാക്യം വിളിച്ചത് യുഎപിഎ പ്രകാരം കുറ്റമല്ലെന്ന് പറഞ്ഞാണ് ഇവരെ കീഴ്‌ക്കോടതി വിട്ടയച്ചത്. എന്നാല്‍ ഇങ്ങനെ മുദ്രവാക്യം വിളിച്ചതും ജനങ്ങളെ പ്രകോപിപ്പിച്ചതും രാജ്യവിരുദ്ധമായ കുറ്റം തന്നെയാണെന്നാണ് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കിയത്.