ജമ്മു കശ്മീരില്‍ ഏറ്റുമുട്ടലില്‍ രണ്ട് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ജമ്മു കശ്മീരിലെ അവന്തിപോരയിലുള്ള ത്രാലില്‍ ആണ് ഏറ്റുമുട്ടലുണ്ടായത്. ഭീകരാക്രമണമുണ്ടായ പഹല്‍ഗാമില്‍ നിന്നും 30 കിലോമീറ്റര്‍ അകലെയാണ് ഏറ്റുമുട്ടലുണ്ടായത്. വനമേഖലയോട് ചേര്‍ന്ന ജനവാസ മേഖലയിലാണ് സുരക്ഷാസേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടക്കുന്നത്.
പ്രദേശത്ത് 48 മണിക്കൂറിനുള്ളില്‍ നടക്കുന്ന രണ്ടാമത്തെ എന്‍കൗണ്ടര്‍ ആണിത്. ഷോപ്പിയാനില്‍ ഓപ്പറേഷന്‍ കെല്ലര്‍ വഴി മൂന്ന് ലഷ്‌കര്‍ ഭീകരരെ വധിച്ചതിന് പിന്നാലെയാണ് പുതിയ നീക്കം. അതേസമയം പ്രദേശവാസികളെ സംഭവസ്ഥലത്തുനിന്നും മാറ്റിയതായാണ് വിവരം.
നാല് തവണ സ്ഫോടന ശബ്ദം കേട്ടുവെന്നാണ് വിവരം. പഹല്‍ഗാമില്‍ ഭീകരര്‍ക്ക് സഹായം നല്‍കിയ പ്രാദേശിക ഭീകരന്‍ ആസിഫ് ഷെയ്ഖിനെ വധിച്ചതായും സൂചനയുണ്ട്.
അതേസമയം, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് ഇന്ന് ജമ്മു കശ്മീര്‍ സന്ദര്‍ശിക്കും. രാജ്നാഥ് സിങിന്റെ സന്ദര്‍ശനത്തിന് പിന്നാലെ അതിര്‍ത്തിയിലെ സുരക്ഷ വിലയിരുത്തുന്നതിന്റെ ഭാഗമായി ബിഎസ്എഫ് ഡിജി ജമ്മുവില്‍ എത്തിയിട്ടുണ്ട്.