ഹിന്ദുത്വ നേതാവിന്റെ വര്‍ഗീയ പോസ്റ്റിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷം രൂക്ഷമായതിന് പിന്നാലെ ജമ്മുവില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവച്ചു. ദോഡ ജില്ലയിലെ ഭാദേര്‍വായിലാണ് ഇന്ന് മൊബൈല്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ അധികൃതര്‍ നിര്‍ത്തിവച്ചത്. മുസ്ലിംകളെ ആക്ഷേപിക്കുന്നതരത്തില്‍ ശ്രീ സനാതന്‍ ധരം സഭ ഭാദേര്‍വ എന്ന ഹിന്ദുത്വ സംഘടനയുടെ തലവനായ വരീന്ദര്‍ റസ്ദാനാണ് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്.
’72 കി ജഗാ 36 ഹൂറൂണ്‍ സേ കാം ചലലേംഗെ (72 കന്യകമാര്‍ക്ക് പകരം 36 കന്യകമാരുമായി ഞാന്‍ പൊരുത്തപ്പെടും)’ എന്ന തലക്കെട്ടോടുകൂടിയുള്ള റീല്‍സ് ആണ് റസ്ദാന്‍ പങ്കുവെച്ചത്. പള്ളിക്കുള്ളില്‍ പ്രാര്‍ത്ഥനയ്ക്കിടെ സുജൂദ് ചെയ്യാന്‍ പാടുപെടുന്ന വൃദ്ധനും ദുര്‍ബലനുമായ ഒരു മുസ്ലിം പുരുഷനെ റീലില്‍ കാണിക്കുന്നുണ്ട്?.
പോസ്റ്റ് വ്യാപകമായി പ്രചരിച്ചതിനെ തുടര്‍ന്ന് ഐബി (അഞ്ജുമാന്‍-ഇ-ഇസ്ലാമിയ ഭാദേര്‍വ) എന്ന സംഘടനയുടെ നേതൃത്വത്തില്‍ റസ്ദാനെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. ഭാദേര്‍വയിലും പരിസര പ്രദേശങ്ങളിലും ഇന്നലെ വൈകുന്നേരമാണ് പ്രതിഷേധം നടന്നത്. റസ്ദാനെ അറസ്റ്റ് ചെയ്യാന്‍ പ്രതിഷേധക്കാര്‍ ഭരണകൂടത്തോടും പൊലീസിനോടും ആവശ്യപ്പെട്ടു.
ഭാദേര്‍വയില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് എഐബി പ്രസിഡന്റ് റിയാസ് അഹമ്മദ് പറഞ്ഞു. ‘ഞങ്ങളുടെ ഹിന്ദു സഹോദരന്മാര്‍ക്കെതിരെ ഞങ്ങള്‍ക്ക് ഒരു വിരോധവുമില്ല. ഞങ്ങള്‍ സാമുദായിക ഐക്യത്തിലാണ് ജീവിക്കുന്നത്. പക്ഷെ ചിലര്‍ അത് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്?’ -റിയാസ് ചൂണ്ടാക്കാട്ടി. റസ്ദാനെതിരെ പൊതുസുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.