ജമ്മുകശ്മീരിലെ കിഷ്ത്വാറില്‍ മേഘവിസ്‌ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍ പ്രളയത്തില്‍ മരണം 40 ആയി ഉയര്‍ന്നു. 220ല്‍ അധികം ആളുകളെ കാണാനില്ലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. 50ലേറെ പേര്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ട്.
മരിച്ചവരില്‍ രണ്ട് പേര്‍ സിഐഎസ്എഫ് ജവാന്മാരാണ്. ചോസ്തി, ഗാണ്ടര്‍ബാള്‍, പഹല്‍ഗാം മേഖലകളിലാണ് മേഘവിസ്‌ഫോടനം ഉണ്ടായത്. സൈന്യവും, എന്‍ഡിആര്‍എഫിന്റെ രണ്ട് സംഘങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്.
കിഷ്ത്വാറിലെ മചൈല്‍ മാതാ തീര്‍ത്ഥാടന കേന്ദ്രത്തിലേയ്ക്കുള്ള പാത ആരംഭിക്കുന്നിടത്താണ് മേഘവിസ്ഫോടനവും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഉണ്ടായത്. സംഭവത്തെ തുടര്‍ന്ന് ക്ഷേത്രത്തിലേക്ക് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ചോസിതി പ്രദേശത്ത് ഉണ്ടായ വലിയ മേഘവിസ്ഫോടനം ഗണ്യമായ നാശനഷ്ടങ്ങള്‍ക്ക് കാരണമായേക്കാമെന്ന് കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിങ് വ്യക്തമാക്കിയ ഭരണകൂടം ഉടന്‍ തന്നെ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും ജിതേന്ദ്ര സിങ് പറഞ്ഞു.
അതേസമയം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്. ഹിമാചല്‍പ്രദേശില്‍ മിന്നല്‍ പ്രളയമുണ്ടായി. ഷിംലയില്‍ രണ്ടിടങ്ങളില്‍ മണ്ണിടിഞ്ഞു. കുളു, ഷിംല, ലാഹൗള്‍-സ്പിറ്റി തുടങ്ങിയ ജില്ലകളില്‍ കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്. മേഘവിസ്ഫോടനത്തെ തുടര്‍ന്നുണ്ടായ മിന്നല്‍പ്രളയത്തെ തുടര്‍ന്ന് വിവിധ സ്ഥലങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.
മിന്നല്‍പ്രളയത്തില്‍ തീര്‍ഥന്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നതിനാല്‍ താഴ്ന്ന പ്രദേശത്ത് കഴിയുന്നവരെയും കുളു ജില്ലാ ഭരണക്കൂടം ഒഴിപ്പിച്ചു. കുളു ജില്ലയില്‍ മാത്രം ബാഗിപുല്‍, ബട്ടാഹര്‍ എന്നീ പ്രദേശങ്ങളില്‍ മേഘവിസ്ഫോടനം റിപ്പോര്‍ട്ട് ചെയ്തു. ഇരുപ്രദേശങ്ങളിലും ഇതുവരെ ആളപായം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിലും ഒട്ടേറെ കെട്ടിടങ്ങള്‍ക്ക് നാശം സംഭവിച്ചിട്ടുണ്ട്.