• Tue. Oct 1st, 2024

24×7 Live News

Apdin News

ജമ്മു കശ്മീർ തിരഞ്ഞെടുപ്പ് ; വനിതാ വോട്ടർമാരുടെ പങ്കാളിത്തത്തെ അനുമോദിച്ച് മോദി ; മേഖലയിലെ സുസ്ഥിര സമാധാനത്തിനായി വോട്ട് ചെയ്യണമെന്ന് അമിത് ഷാ

Byadmin

Oct 1, 2024


ന്യൂദൽഹി: ജമ്മു കശ്മീരിൽ മൂന്നാം ഘട്ട തിരഞ്ഞെടുപ്പിൽ വനിതാ വോട്ടർമാരുടെ വലിയ പങ്കാളിത്തത്തിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തന്റെ എക്സ് അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

“ഇന്ന് ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിലെ മൂന്നാമത്തെയും അവസാനത്തെയും വോട്ടെടുപ്പാണ്. ജനാധിപത്യത്തിന്റെ ഉത്സവം വിജയിപ്പിക്കാൻ എല്ലാ വോട്ടർമാരും മുന്നോട്ട് വന്ന് വോട്ട് ചെയ്യണമെന്ന് ഞാൻ അഭ്യർത്ഥിക്കുന്നു. ആദ്യമായി വോട്ട് ചെയ്യാൻ പോകുന്ന യുവസുഹൃത്തുക്കൾക്ക് പുറമെ സ്ത്രീ ശക്തിയും വോട്ടിംഗിൽ വൻതോതിൽ പങ്കെടുക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്,”- എക്‌സിലെ ഒരു പോസ്റ്റിൽ പ്രധാനമന്ത്രി മോദി കുറിച്ചു.

നേരത്തെ തങ്ങളുടെ വോട്ടവകാശം വിനിയോഗിക്കാൻ വോട്ടർമാരോട് ആവശ്യപ്പെട്ട കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മേഖലയിലെ സുരക്ഷയ്‌ക്കും സമാധാനത്തിനും സ്ഥിരതയ്‌ക്കും വേണ്ടി ശക്തമായ തീരുമാനങ്ങൾ എടുക്കാൻ കഴിയുന്ന ഒരു സർക്കാരാണ് കേന്ദ്രഭരണ പ്രദേശത്തിന് ആവശ്യമെന്ന് ഊന്നിപ്പറഞ്ഞു.

കൂടാതെ അവസാന ഘട്ടത്തിൽ വോട്ട് ചെയ്യുന്ന ജനങ്ങൾ തങ്ങളുടെ വോട്ട് ഉപയോഗിച്ച് ജമ്മു കശ്മീരിനെ തീവ്രവാദം, വിഘടനവാദം, സ്വജനപക്ഷപാതം, അഴിമതി എന്നിവയിൽ നിന്ന് അകറ്റി നിർത്തുകയും എല്ലാ വിഭാഗങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാൻ കഴിയുന്ന സർക്കാരിനെ രൂപീകരിക്കാൻ തിരഞ്ഞെടുക്കണമെന്നും പറഞ്ഞു. ജമ്മു കശ്മീരിൽ ടൂറിസം, വിദ്യാഭ്യാസം, തൊഴിൽ, സർവതോന്മുഖമായ വികസനം എന്നിവയ്‌ക്കായി ഏവരും വോട്ട് രേഖപ്പെടുത്തണമെന്നും ഷാ എക്‌സിൽ കുറിച്ചു.

ജമ്മു കശ്മീർ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മൂന്നാമത്തെയും അവസാനത്തെയും ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. കേന്ദ്രഭരണ പ്രദേശത്തെ ഏഴ് ജില്ലകളിലെ 40 മണ്ഡലങ്ങളിലെ പോളിംഗ് സ്റ്റേഷനിൽ ആളുകൾ വോട്ട് ചെയ്യാനെത്തിയിട്ടുണ്ട്. 40 മണ്ഡലങ്ങളിൽ 24 എണ്ണം ജമ്മു ഡിവിഷനിലും ബാക്കിയുള്ളവ കശ്മീർ താഴ്വരയിലുമാണ്.

മുൻ ഉപമുഖ്യമന്ത്രിമാരായ കോൺഗ്രസിലെ താരാ ചന്ദ്, മുസാഫർ ഹുസൈൻ ബീഗ് എന്നിവരുൾപ്പെടെ 415 സ്ഥാനാർത്ഥികളാണ് മൂന്നാം ഘട്ടത്തിൽ മത്സരിക്കുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിന് മുന്നോടിയായി വിവിധ പോളിങ് ബൂത്തുകളിൽ മോക്ക് പോളിങ്ങും നടന്നു.

ആദ്യഘട്ട വോട്ടെടുപ്പ് സെപ്റ്റംബർ 18നും രണ്ടാം ഘട്ടം സെപ്റ്റംബർ 25നുമാണ് അവസാനിച്ചത്. വോട്ടെണ്ണൽ ഒക്ടോബർ എട്ടിന് നടക്കും.



By admin