ജയന്തി രാജനും, ഫാത്തിമ മുസഫറും ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗ് പാര്‍ട്ടിയുടെ ദേശീയ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത് പാര്‍ട്ടിയുടെ സ്ത്രീ ദളിത് മുന്നേറ്റങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്ന തീരുമാനമെന്ന് മുസ്‌ലിംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. സ്ത്രീ, ദളിത് പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനം എല്ലാ കാലത്തും പാര്‍ട്ടിയുടെ സുപ്രധാന അജണ്ടകളിലൊന്ന് തന്നെയാണെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
സ്ത്രീ പ്രാതിനിധ്യം പാര്‍ട്ടിയില്‍ ഉറപ്പ് വരുത്തി സംഘടനരംഗത്ത് നേതൃ പരമായ പങ്ക് വഹിക്കാന്‍ അവസരമൊരുക്കുക എന്നത് പാര്‍ട്ടിയുടെ അജണ്ടയില്‍പെട്ടതാണെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാര്‍ട്ടി അതിന്റെ ആശയ ആദര്‍ശങ്ങളല്‍ വെള്ളം ചേര്‍ക്കാതെ തന്നെ കാലാനുസൃതമായ അജണ്ടകള്‍ രൂപപ്പെടുത്തിയും പ്രയോഗവല്‍കരിച്ചും തന്നെയാണ് മുന്നോട്ട് പോയിട്ടുള്ളത്. അതിന്റെ ഭാഗം തന്നെയാണ് സ്ത്രീ പങ്കാളിത്തം സംബന്ധിച്ച പുതിയ തീരുമാനങ്ങളെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീ സമൂഹത്തിന്റെ പ്രാതിനിധ്യം വഹിക്കാന്‍ ശേഷിയുള്ള രണ്ട് പ്രഗല്‍ഭരെ തന്നെയാണ് കൗണ്‍സില്‍ യോഗം തിരഞ്ഞെടുത്തിരിക്കുന്നത്. ജയന്തി രാജന്‍ ദളിത് വിഭാഗത്തില്‍ നിന്നും കര്‍മ്മ ശേഷി കൊണ്ടും, ആത്മ സമര്‍പ്പണം കൊണ്ടും പൊതുരംഗത്തേക്ക് ഉയര്‍ന്നു വന്ന വനിത നേതാവാണ്. ജയന്തി മുസ്ലീം ലീഗ് പാര്‍ട്ടിയുടെ ദേശീയ നേതൃത്വത്തിലേക്ക് വരുമ്പോള്‍ സ്ത്രീ സമൂഹത്തോടൊപ്പം ദളിത് പിന്നോക്ക വിഭാഗങ്ങള്‍ക്ക് കുടിയുള്ള അംഗീകാരമായി മാറുകയാണത്. ഫാത്തിമ മുസഫറും പ്രാഗല്ഭ്യവും നേതൃശേഷിയും, കര്‍മ്മ പാരമ്പര്യവുമുള്ള വ്യക്തിത്വമാണ്. രാജ്യത്തെ ന്യൂനപക്ഷ രാഷ്ട്രീയ സംഘാടനത്തില്‍ ശ്രദ്ധേയമായ വനിത മുഖമാണ്- കുഞ്ഞാലിക്കുട്ടി പറഞ്ഞു.