ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങള്‍ സൃഷ്ഠിക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളതെന്ന് മാലാ പാര്‍വതി. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോള്‍ ശ്വേത മേനോനും ആക്രമണം നേരിടേണ്ടി വരുന്നെന്നും മാലാ പാര്‍വതി സൂചിപ്പിച്ചു. ശ്വേതയും കുക്കുവും ഇത്തരം ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണമെന്നും മാലാ പാര്‍വതി തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
അശ്ലീല ചിത്രങ്ങളില്‍ അഭിനയിച്ച് പണം സമ്പാദിച്ചു എന്ന പരാതിയില്‍ നടി ശ്വേത മേനോനെതിരെ പൊലീസ് കേസെടുത്ത സാഹചര്യത്തിലാണ് മാലാ പാര്‍വതി ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചത്. പൊതുപ്രവര്‍ത്തകനായ മാര്‍ട്ടിന്‍ മേനാച്ചേരിയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് കേസെടുത്തിരിക്കുന്നത്. എറണാകുളം സി ജെ എം കോടതിയുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസ്.
പണത്തിനായി അശ്ലീല രംഗങ്ങളില്‍ അഭിനയിക്കുമെന്ന ശ്വേതയുടെ ഇന്റര്‍വ്യൂ ഭാഗം ഉള്‍പ്പെടെ ഹാജരാക്കിയാണ് പരാതി. അതേസമയം ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച ചെയ്ത ശേഷം മാത്രമായിരിക്കും പരാതിയില്‍ തുടര്‍ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി മത്സരിക്കാനിരിക്കെയാണ് നടിക്കെതിരെ പരാതി ഉയര്‍ന്നിരിക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
അമ്മ സംഘടനയ്ക്ക് വേണ്ടി ശ്രീ മോഹന്‍ലാലും, മമ്മൂക്കയും നേതൃത്വം നല്‍കിയതിന്റെ ഫലമായും, മറ്റ് താരങ്ങളുടെ കൂട്ടായ പരിശ്രമത്തിനാലും , ആ സംഘടനയ്ക്ക് നല്ല ആസ്തിയുണ്ട്.
സംഘടനയിലെ അംഗങ്ങളുടെ ആരോഗ്യ കാര്യങ്ങള്‍ക്കും, ക്ഷേമ പ്രവര്‍ത്തനത്തിനും വേണ്ടി പണം ഫലപ്രദമായി ഉപയോഗിച്ചിട്ടുണ്ട്.
എന്നാല്‍, ഇപ്പോള്‍ ലാല്‍ സര്‍ മാറിയതോടെ ,ഈ സംഘടനയുടെ തലപ്പത്തിരിക്കാന്‍ വലിയ മത്സരമാണ് നടക്കുന്നത്. ചില പ്രമുഖരുടെ കണക്ക് കൂട്ടലുകള്‍ കൂടെ തെറ്റിയതോടെ ,കലി അടങ്ങാതെ ജയിക്കാന്‍ എന്തും ചെയ്യും എന്ന രീതിയിലാണ് പ്രവൃത്തികള്‍.
ജയിക്കാന്‍ സാധ്യതയുള്ളവര്‍ക്കെതിരെ വലിയ ആരോപണങ്ങളാണ് സൃഷ്ഠിക്കുന്നത്. ആദ്യം കുക്കു പരമേശ്വരനും, ഇപ്പോള്‍ ശ്വേത മേനോനും ആക്രമണം നേരിടുന്നു.ഇത് ഒരു സംഘടനാ പ്രശ്‌നമായി കാണാതെ, പൊതു സമൂഹം കൂടെ നില്‍ക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. കാരണം, ഈ അധികാര വടം വലിയില്‍ ബലിയാടാകുന്നത് രണ്ട് സ്ത്രീകളാണ്.
ശ്വേതയും കുക്കുവും ഈ ഗൂഢാലോചനയ്‌ക്കെതിരെ കേസ് കൊടുക്കണം. ബാലിശ്ശമായ ഇലക്ഷന്‍ വടം വലിയ മാത്രമായാണ് ഞാനിത് ആദ്യം കണ്ടിരുന്നത്. പ്രബലരായ ശത്രുക്കളുടെ ഉദ്ദേശം അതിലുമപ്പുറമാണ്. ശ്വേതയ്‌ക്കെതിരെ ജാമ്യമില്ലാ കേസാണ് ചുമത്തിയിരിക്കുന്നത്. വകുപ്പുകളടക്കം കോടതി വിധിയിലൂടെ നേടിയതാണ്.