ന്യൂഡല്‍ഹി: ജയിലിലെ ഭക്ഷണത്തിന്റെ മെനു പോലും തീരുമാനിക്കുന്നത് ടി.പി വധകേസിലെ പ്രതികളെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.
ഒരാളുടെ കാലുവെട്ടിയ പ്രതികൾക്കാണ് യാത്രയയപ്പ് നൽകുന്നത്. സമുന്നതരായ സിപിഎം നേതാക്കളാണ് പങ്കെടുക്കുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
”ജയിലിൽ സുഖവാസമാണ്. ഭക്ഷണത്തിന്റെ മെനുവരെ തീരുമാനിക്കുന്നത് അവരാണ്. ലേറ്റസ്റ്റ് ഫോണുകളാണ് തടവുപുള്ളികൾ ഉപയോഗിക്കുന്നത്. അവർക്കു വേണ്ടുന്ന സൗകര്യങ്ങളെല്ലാം സിപിഎം ചെയ്തുകൊടുക്കുന്നു. ടിപി കേസിലെ പ്രതികൾക്ക് എസിയുടെ കുറവ് മാത്രമാണുള്ളത്. വേണ്ടപ്പെട്ട ആളുകൾ കൈവെട്ടി എടുത്താലും തലവെട്ടി എടുത്താലും അവരുടെ കൂടെയാണ് പാർട്ടി. അവരുടെ പാർട്ടി എന്താണെന്നാണ് ഇപ്പോൾ തെളിഞ്ഞത്. അധ്യാപിക എന്ന നിലയിലും ജനപ്രതിനിധി എന്ന നിലയിലും കെ.കെ ശൈലജ അവിടെ പോകാൻ പാടില്ലായിരുന്നു. കെ കെ ശൈലജയോട് ശക്തമായ പ്രതിഷേധം അറിയിക്കുന്നുവെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.