കെ.ടി.ജലീല്‍ എം.എല്‍.എയുടെ കാറിനകത്ത് വോയ്‌സ് റെക്കോഡ് ചെയ്യാന്‍ ആളുണ്ടെങ്കില്‍, ജലീലെ നീ പഠിച്ച സ്‌കൂളിലെ ഹെഡ്മാസ്റ്ററാണ് യൂത്ത് ലീഗെന്ന് മറക്കരുതെന്ന് മുന്നറിയിപ്പ് നല്‍കി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ.ഫിറോസ്. ജലീലിനെയും സംഘത്തേയും ജയിലില്‍ അടക്കുന്നതുവരെ മുസ്ലിം ലീഗ് നിയമപോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു
തിരൂരില്‍ മലയാളം സര്‍വകലാശാല ഭൂമി ഏറ്റെടുക്കല്‍ വിവാദവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗത്തിലാണ് ഫിറോസിന്റെ പ്രതികരണം. എല്ലാ അധികാര സ്ഥാനങ്ങളില്‍ നിന്നും ജലീലിനെ താഴെയിറക്കിയിരിക്കുമെന്നും ചെറിയൊരു ഔദാര്യമായി തവനൂര്‍ ജയിലില്‍ തന്നെയടക്കാന്‍ പറയാമെന്നും ഫിറോസ് പറഞ്ഞു.
ഇന്ന് രാവിലെയാണ് കെ.ടി ജലീല്‍ കാറിനകത്ത് നടത്തിയ സംഭാഷണത്തിന്റെ ഒരുഭാഗമാണ് ഫിറോസ് സമൂഹമാധ്യമങ്ങള്‍ വഴി പുറത്തുവിട്ടത്. പി.കെ.ഫിറോസിനെതിരായി ജലീല്‍ ഉയര്‍ത്തിയ ആരോപണങ്ങള്‍ ഏറ്റിട്ടില്ലലോ എന്ന് ഒരാള്‍ ചോദിക്കുന്നതിന് ജലീല്‍ നല്‍കുന്ന മറുപടി , ‘നാളെ മുതല്‍ റിപ്പോര്‍ട്ടര്‍ ടിവി ഏറ്റെടുക്കാന്‍ പോകുകയാണ് ഈ സംഭവം. ഇനി ഓല് കത്തിച്ചോളും’ എന്നാണ്. ഈ വോയ്‌സ് റെക്കോഡ് പരാമര്‍ശിച്ചായിരുന്നു ഫിറോസിന്റെ പ്രതികരണം.
നിങ്ങള്‍ മുട്ടിലില്‍ മുറിച്ച മുഴുവന്‍ മരവും കൂട്ടിയിട്ട് കത്തിച്ചാലും തന്റെ ദേഹത്ത് തൊടാനാകില്ലെന്നും നിങ്ങള്‍ കത്തിക്കുന്ന തീ കെടുത്താനുള്ള ഫയര്‍ ഫോഴ്‌സാകാന്‍ മുസ്‌ലിം യൂത്ത് ലീഗിനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗിനും കഴിയുമെന്നും ഫിറോസ് പറഞ്ഞു. വോയിസ് പുറത്ത് വന്നതിന് ശേഷം ജലീലൊന്നും മിണ്ടിയിട്ടില്ലല്ലോയെന്നും എന്തേ പത്ര സമ്മേളനം വിളിക്കാത്തതെന്നും ഫിറോസ് ചോദിച്ചു.