• Thu. Apr 3rd, 2025

24×7 Live News

Apdin News

ജസ്റ്റിസ് യശ്വന്ത് വര്‍മ്മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റി ഉത്തരവിറങ്ങി

Byadmin

Mar 28, 2025



ന്യൂദല്‍ഹി: ഔദ്യോഗിക വസതിയില്‍ നിന്ന് കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെടുത്ത സംഭവത്തില്‍ അന്വേഷണം നേരിടുന്ന ദല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയെ അഹലബാദ് ഹൈക്കോടതിയിലേക്ക് മാറ്റി ഉത്തരവിറങ്ങി. സുപ്രീംകോടതി കൊളീജിയത്തിന്റെ ശുപാര്‍ശ അംഗീകരിച്ചാണ് കേന്ദ്രനിയമമന്ത്രാലയത്തിന്റെ ഉത്തരവ്. ദല്‍ഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വര്‍മ്മയോട് അലഹബാദ് ഹൈക്കോടതിയിലെത്തി ചുമതലയേല്‍ക്കാനും കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ദല്‍ഹി ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജി ചന്ദ്രധാരിസിങിനെ അലഹബാദിലേക്ക് തിരിച്ചയക്കാനുള്ള കൊളീജിയം ശുപാര്‍ശയും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
ഹൈക്കോടതി ജഡ്ജിമാരുടെ നേതൃത്വത്തിലുള്ള ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് ലഭിച്ച ശേഷം യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ നടപടി സ്വീകരിക്കാമെന്ന നിലപാട് സുപ്രീംകോടതി ഇന്നലെ വ്യക്തമാക്കി. യശ്വന്ത് വര്‍മ്മയ്‌ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം കോടതി തള്ളി. മാര്‍ച്ച് 14ന് ഹോളി ആഘോഷങ്ങള്‍ക്കിടെ തുഗ്ലക് ക്രസന്റ് റോഡിലെ ജഡ്ജിയുടെ വസതിയിലുണ്ടായ തീപിടുത്തം കെടുത്താനുള്ള ശ്രമത്തിലാണ് അഗ്നിശമന സേനാംഗങ്ങള്‍ കത്തിക്കരിഞ്ഞ നോട്ടുകെട്ടുകള്‍ കണ്ടെത്തിയത് എന്നാണ് ഉയര്‍ന്ന ആരോപണം.

By admin