ഡൽഹി ഹൈക്കോടതിയിൽ നിന്നും സ്ഥലം മാറ്റിയ ജഡ്ജി യശ്വന്ത് വർമ ചുമതലയേറ്റു. അലഹബാദ് ഹൈക്കോടതി ജഡ്ജിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തത്. യശ്വന്ത് വർമയുടെ ഔദ്യോഗിക വസതിയിൽ നിന്നും കണക്കിൽ പെടാത്ത പണം കണ്ടെത്തിയ സംഭവത്തിന് പിന്നാലെയാണ് സ്ഥലംമാറ്റം ഉണ്ടായത്. ജസ്റ്റിസ് യശ്വന്ത് വർമയ്ക്ക് നിലവിൽ ജുഡീഷ്യൽ ചുമതലകൾ ഉണ്ടാകില്ല.
യശ്വന്ത് വർമയെ സ്ഥലം മാറ്റിയതിന് പിന്നാലെ മാലിന്യം തള്ളാനുള്ള ചവറ്റുകുട്ടയല്ല അലഹാബാദ് കോടതിയെന്ന് അവിടത്തെ ബാർ അസോസിയേഷൻ പത്രക്കുറിപ്പിറക്കിയിരുന്നു. ജസ്റ്റിസ് വർമയുടെ വസതിയോടു ചേർന്ന സ്റ്റോർ മുറിയിൽ തീപിടിത്തമുണ്ടായതിനു പിന്നാലെ സ്ഥലത്ത് അഗ്നിശമന സേനയും പൊലീസും എത്തിയപ്പോഴാണ് കത്തിക്കരിഞ്ഞതുൾപ്പെടെ ചാക്കുകണക്കിന് നോട്ടുകെട്ട് കണ്ടെത്തിയത്.
മാര്‍ച്ച് 14-ന് രാത്രിയാണ് ജഡ്ജിയുടെ വീട്ടില്‍ തീപ്പിടിത്തമുണ്ടായത്. അഗ്‌നിശമന സേനാംഗങ്ങളാണ് പണം കണ്ടെത്തിയത്. തുടർന്ന് അധികാരികാരികളെ വിവരമറിയിക്കുകയായിരുന്നു. സംഭവം നടക്കുമ്പോൾ വർമ വീട്ടിൽ ഉണ്ടായിരുന്നില്ല. വിഷയത്തിൽ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന കൊളീജിയം വിളിച്ചു ചേര്‍ത്ത് ജസ്റ്റിസ് യശ്വന്ത് വര്‍മയെ അലഹബാദ് ഹൈക്കോടതിയിലേക്ക് സ്ഥലം മാറ്റാൻ തീരുമാനിക്കുകയായിരുന്നു.
സംഭവം സുപ്രിംകോടതി നിയോഗിച്ച ജഡ്ജിമാരുടെ മൂന്നംഗ സംഘം അന്വേഷിക്കുന്നതിനിടെയാണ് വർമയെ സ്ഥലംമാറ്റിയത്. വിവാദത്തിന്റെ പശ്ചാത്തലത്തിൽ അവധിയിൽ പോയ വർമയെ ചുമതലകളിൽനിന്ന് മാറ്റി നിർത്താൻ ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോടു സുപ്രിംകോടതി നിർദേശിച്ചിരുന്നു.