കാറല്‍ മാര്‍ക്‌സിന്റെ പ്രത്യയശാസ്ത്രമായ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്, പുറമെ പ്രകടമാകുന്ന സാമ്പത്തിക-രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ കൂടാതെ അതില്‍ അന്തര്‍ലീനമായിട്ടുള്ള മറ്റൊരു ഗൂഢലക്ഷ്യമായിരുന്നു മാര്‍ക്‌സിനു ശേഷം അനുയായികള്‍ വികസിപ്പിച്ചെടുത്ത കള്‍ച്ചറല്‍ മാര്‍ക്‌സിസം. സാമ്പത്തിക മൂല്യമാണ് മനുഷ്യന് മറ്റെല്ലാ ജീവിത വ്യവഹാരങ്ങളെക്കാളും പ്രധാനപ്പെട്ടതെന്നു സ്ഥാപിക്കുന്നതിലൂടെ മാനവസമുദായത്തിലെ ഉല്‍കൃഷ്ട മൂല്യങ്ങളെയും ഉത്തമ സംസ്‌കാരത്തെയും അര്‍ത്ഥശൂന്യമാക്കുകയെന്നതായിരുന്നു മാര്‍ക്‌സിയന്‍ ഭൗതിക വാദത്തിന്റെ വിശാലവും ആത്യന്തികവുമായ ഗൂഢലക്ഷ്യം. മാര്‍ക്‌സ് വിഭാവനം ചെയ്ത പ്രത്യക്ഷ ലക്ഷ്യങ്ങള്‍ തികച്ചും നിഷ്ഫലമായതോടെ ഗത്യന്തരമില്ലാതെയാണ് കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ ഈ ഗൂഢലക്ഷ്യത്തെ സമര്‍ത്ഥമായി പുറത്തെടുത്തത്. പക്ഷേ ഉത്തരാധുനിക ചിന്തയുടെ ഉപജ്ഞാതാവായി മാത്രം പൊതുവെ അറിയപ്പെടുന്ന ഫ്രഞ്ച്- അള്‍ജീരിയന്‍ തത്വചിന്തകനായ ജാക് ദറിദയാണ് (1930-2004) കള്‍ച്ചറല്‍ മാര്‍ക്‌സിസമെന്ന അട്ടിമറിയുടെ ഉപജ്ഞാതാവെന്ന വാസ്തവം പലപ്പോഴും അറിയപ്പെടാതെ പോകുന്നു. യഥാര്‍ത്ഥത്തില്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ എന്നറിയപ്പെടുന്ന മാര്‍ക്‌സിസ്റ്റുകള്‍, മാര്‍ക്‌സിസത്തിന്റെ മുഖ്യ സിദ്ധാന്തത്തെ തിരുത്തിക്കൊണ്ടായാലും അന്ത്യശ്വാസം വലിച്ചുകൊണ്ടിരിക്കുന്ന മാര്‍ക്‌സിസത്തിന്റെ ജീവന്‍ നിലനിര്‍ത്താന്‍ പരിശ്രമിക്കുകയായിരുന്നു. എന്നാല്‍ ദറിദയാവട്ടെ ഒരു മാര്‍ക്‌സിസ്റ്റിന്റെ മേല്‍വിലാസം സ്വീകരിക്കാതെ തന്നെ മാര്‍ക്‌സിന്റെ വൈരുദ്ധ്യാത്മക ഭൗതിക വാദം സാംസ്‌കാരിക തലത്തില്‍ പ്രാവര്‍ത്തികമാക്കിയ ചിന്തകനാണ്. കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളുടെ പരിശ്രമങ്ങളും ദറിദയുടെ നേട്ടവും തമ്മില്‍ താരതമ്യപഠനം നടത്തുമ്പോള്‍ സ്പഷ്ടമാകുന്ന വാസ്തവമാണിത്.
മാനവ സമൂഹത്തെ മുഴുവന്‍ സാമ്പത്തിക വ്യവസ്ഥിതിക്കനുസൃതമായി വര്‍ഗ്ഗീകരിച്ച് തമ്മില്‍ത്തല്ലിച്ച് സമൂഹത്തില്‍ വിദ്വേഷം നിലനിര്‍ത്തുകയെന്നതിലൂടെ മാര്‍ക്‌സിസത്തിന്റെ പ്രത്യക്ഷ ലക്ഷ്യം നിലനിര്‍ത്താന്‍ മാര്‍ക്‌സും ഏംഗല്‍സും അനുയായികളും ഏറെ പരിശ്രമിച്ചതാണല്ലോ. കമ്യൂണിസം എന്ന ഈ പദ്ധതിയുടെ ഹിംസാത്മക ഭാവം തിരിച്ചറിയുകയും ഉള്‍ക്കൊള്ളുകയും ചെയ്തുകൊണ്ട് പ്രവര്‍ത്തിച്ചവരായിരുന്നു ഹിറ്റ്‌ലറും സ്റ്റാലിനും.
ഇതു മനസ്സിലാക്കിയ ലോകസമൂഹം കമ്യൂണിസത്തെ രാഷ്‌ട്രീയ-സാമ്പത്തിക മേഖലകളില്‍ നിന്ന് അപ്പാടെ തള്ളി ഭൂമണ്ഡലത്തിന്റെ ഒരു മൂലയ്‌ക്കിരുത്തിക്കളഞ്ഞു. എന്നാല്‍ വൈരുദ്ധ്യാത്മക ഭൗതികവാദത്തിലെ വിരുദ്ധത സാമ്പത്തികമായി തരംതിരിക്കപ്പെട്ട സാമൂഹിക വര്‍ഗ്ഗങ്ങള്‍ക്കിടയില്‍ മാത്രം ഒതുങ്ങുന്നതല്ല. ഇത് വാസ്തവത്തില്‍ മാര്‍ക്‌സിസത്തിന്റെ വിശാലമായ ലക്ഷ്യത്തിന്റെ ഒരു വശം മാത്രമാണ്. മാര്‍ക്‌സിന്റെ പ്രത്യയശാസ്ത്രത്തിന് വളരെ പ്രാധാന്യമര്‍ഹിക്കുന്ന മറ്റൊരു മുഖവും കൂടിയുണ്ട്. സാംസ്‌കാരിക മേഖലയിലെ വിവിധ രംഗങ്ങളിലായി നുഴഞ്ഞുകയറാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന ഭൗതികതയാണിത്. ഉല്‍കൃഷ്ട ആദര്‍ശങ്ങളെയും സദാചാര മൂല്യങ്ങളെയും അസ്ഥിരപ്പെടുത്തികൊണ്ട് അരാജകത്വം അഴിച്ചുവിടുന്ന സംസ്‌കാര ശൂന്യതയ്‌ക്കാണ് ‘സാംസ്‌കാരിക മാര്‍ക്‌സിസം’ എന്ന പേര് ചാര്‍ത്തപ്പെട്ടത്. ഇതും മാര്‍ക്‌സിസത്തിന്റെ വൈരുദ്ധ്യാത്മക ലക്ഷണങ്ങളില്‍പ്പെടുന്നതാവാം! പ്രായോഗിക തലത്തില്‍ ഇത് നടപ്പാക്കിയതിന്റെ ഉത്തരവാദിത്വം മറ്റാരെക്കാളും കൂടുതല്‍ ദറിദയ്‌ക്കാണ്.
കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന്റെ സാംസ്‌കാരിക നാട്യം
സാധാരണയായി ആളുകള്‍ കരുതുന്നത് മുതലാളിത്തത്തെ തകര്‍ത്ത് കമ്യൂണിസം സ്ഥാപിക്കുകയെന്ന ഏക ലക്ഷ്യമാണ് മാര്‍ക്‌സിസത്തിനുള്ളതെന്നാണ്. പക്ഷേ കമ്യൂണിസം സ്ഥാപിതമായ രാജ്യങ്ങളിലെ ഭരണാധികാരികള്‍ അതിന്റെ മറ്റൊരു മുഖമായ ഹിംസാത്മക സ്വേച്ഛാധിപത്യത്തിന്റെ കൊടും ക്രൂരത മനുഷ്യരാശിക്കു മുന്നില്‍ അനാവരണം ചെയ്യുകയുണ്ടായി. ഇതോടെ കമ്യൂണിസ്റ്റ് ഭീകരവാദത്തിന്റെ ദുര്‍മുഖം ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടു. അതിനാല്‍ കമ്യൂണിസത്തിന് പഞ്ചപുച്ഛമടക്കി ലോകത്തിന്റെ ചെറിയ ചില കോണുകളില്‍ ഒതുങ്ങേണ്ടിവന്നു. തുടര്‍ന്ന് മാര്‍ക്‌സിന്റെ വര്‍ഗ വിഭജന വ്യവസ്ഥയെ മുഴുവനായിത്തന്നെ ലോക കമ്പോളങ്ങള്‍ വിഴുങ്ങിക്കളഞ്ഞു. ഇന്റര്‍നെറ്റ് യുഗം ലോകരാജ്യങ്ങളെ ചുരുക്കി ഒന്നാക്കിയിട്ടുപോലും ‘അന്തര്‍ദേശീയ തൊഴിലാളി വര്‍ഗ്ഗം’ എന്ന മാര്‍ക്‌സിന്റെ ദിവാസ്വപ്‌നം സഫലമായില്ല. അന്താരാഷ്‌ട്രക്കമ്പനികളും ഭരണാധികാരികളും ഇന്ന് തോളോടു തോള്‍ ചേര്‍ന്ന്, ഓരോ രാജ്യവും അതിന്റെ സാമ്പത്തിക ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന കാഴ്ച ഏതൊരു കമ്യൂണിസ്റ്റിന്റെയും ഉള്ളം തകര്‍ക്കുന്നതാണ്. കുത്തകക്കമ്പനികളെ ഭയന്ന മാര്‍ക്‌സിസ്റ്റുകള്‍ ഗ്ലോബലൈസേഷന്റെ പേരു പറഞ്ഞ് ചെറുകിട വ്യവസായികളെ പേടിപ്പെടുത്താന്‍ ശ്രമിച്ചു. ഒരു ഫലവും കാണാതെ വന്നപ്പോള്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ മറ്റൊരടവ് പ്രയോഗിച്ചുനോക്കി. ഗ്ലോബലൈസേഷന്‍ കാരണം പ്രാദേശിക സംസ്‌കാരങ്ങളുടെ സ്വത്വം നഷ്ടപ്പെട്ടുപോകുമത്രേ! പ്രബലമായ അന്യ
സംസ്‌കാരം അവയുടെമേല്‍ ആധിപത്യം സ്ഥാപിക്കുമെന്നതിനാല്‍ വ്യക്തികളുടെ സ്വത്വബോധവും അപകടത്തിലാവുമെന്നും പറഞ്ഞ് പ്രചരിപ്പിച്ചു നോക്കി. എന്നിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. ഇന്റര്‍നെറ്റ് കോര്‍ത്തിണക്കിയ സാര്‍വ്വലൗകിക വ്യവസ്ഥിതിയുടെ കുടക്കീഴില്‍ത്തന്നെ പ്രാദേശിക സംസ്‌കാരങ്ങളും തനതായ രീതിയില്‍ വര്‍ത്തിച്ചുപോരുന്ന കാഴ്ചയാണിപ്പോള്‍ ലോകം കണ്ടുകൊണ്ടിരിക്കുന്നത്.
ആത്മീയതയുടെയും ധാര്‍മ്മികതയുടെയും അടിസ്ഥാനത്തില്‍ പുരാതനകാലത്തുതന്നെ അത്യന്തം പുഷ്ടിപ്രാപിച്ചിരുന്ന ഭാരതീയ സംസ്‌കാരം പോലുള്ള ഉല്‍കൃഷ്ട സംസ്‌കാരങ്ങള്‍ ഇപ്പോള്‍ ഏറിയ കൂറും നേരിടുന്ന ഭീഷണി, അന്താരാഷ്‌ട്ര മുത്തലാളിത്ത സമ്പദ്‌വ്യവസ്ഥയുടേതോ ഗ്ലോബലൈസേഷന്റേതോ ഒന്നുമല്ല. ഭാഷയിലും സാഹിത്യത്തിലും പ്രതിഭാധനനായ ദറിദയെപ്പോലുള്ള ഉത്തരാധുനിക ഭൗതിക വാദികളുടെയും മറ്റ് കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളുടെയും സാംസ്‌കാരിക രംഗത്തേക്കുള്ള കടന്നുകയറ്റമാണ് ഇന്നത്തെ പ്രധാന ഭീഷണി. സ്വയം പ്രഖ്യാപിത കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകളെപ്പോലെ ദറിദ ഭൗതിക വാദത്തിന്റെ വക്താവ് മാത്രമായിരുന്നില്ല, അതിസമര്‍ത്ഥനായ പ്രയോക്താവുമായിരുന്നു. ദറിദയുടെ പ്രസിദ്ധിയാര്‍ജ്ജിച്ച പുസ്തകങ്ങള്‍, കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിനു വേണ്ട കൃത്യവും വ്യക്തവുമായ നിര്‍ദേശങ്ങള്‍ നല്‍കുന്നുവെന്നു മാത്രമല്ല, ഭാഷയിലും സാഹിത്യത്തിലും വിമര്‍ശനത്തിലും തത്ത്വചിന്തയിലും എപ്രകാരമെല്ലാം ഒരു ഭൗതിക അനിശ്ചിതത്വവാദിക്ക് ക്രമഭംഗം നടത്താമെന്ന് പ്രയോഗത്തില്‍ വരുത്തിക്കാണിച്ചുകൊണ്ട് സാംസ്‌കാരിക ചരിത്രത്തില്‍ത്തന്നെ വിടവു സൃഷ്ടിച്ച് ഉത്തരാധുനികമായിട്ടുള്ള പ്രത്യേക കാലഘട്ടത്തിന് വഴിതെളിക്കുകയും ധിഷണയുടെ യുക്തിക്രമത്തെ പോലും വെല്ലുവിളിക്കുകയും ചെയ്ത ധിഷണാശാലിയായിരുന്നു ദറിദ.
തങ്ങളുടെ സിദ്ധാന്തത്തിനു മുന്നില്‍ സാമ്പത്തികവും രാഷ്‌ട്രീയവുമായ എല്ലാ വാതിലുകളും അടഞ്ഞപ്പോള്‍ മാര്‍ക്‌സിസ്റ്റുകള്‍ നിലയില്ലാക്കയത്തില്‍ മുങ്ങിത്താഴുമെന്നായി. ഈ സാഹചര്യത്തില്‍ ചില മാര്‍ക്‌സിസ്റ്റു പണ്ഡിതന്മാര്‍ കയറിപ്പിടിച്ച കച്ചിത്തുരുമ്പാണ് കള്‍ച്ചറല്‍ മാര്‍ക്‌സിസം അഥവാ സാംസ്‌കാരിക മാര്‍ക്‌സിസം. പാരമ്പര്യ മാര്‍ക്‌സിസത്തില്‍ത്തന്നെ ഒളിഞ്ഞിരുന്ന ലക്ഷ്യം തന്നെയാണിത്. മാനുഷിക മൂല്യങ്ങളെ അസ്ഥിരപ്പെടുത്തി തകര്‍ക്കുകയെന്ന അപകടം പിടിച്ച ലക്ഷ്യമാണ് സാംസ്‌കാരിക മാര്‍ക്‌സിസത്തിന്റേത്. സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടുകൂടി കമ്യൂണിസത്തെ ലോകരാജ്യങ്ങള്‍ കയ്യൊഴിഞ്ഞതോടെ മാര്‍ക്‌സിസത്തിന്റെ ഈ ഗൂഢലക്ഷ്യം ലോകം അറിയാതെപോയി. എന്നാല്‍ മാര്‍ക്‌സിസത്തിന്റെ ഈ വിശാല ലക്ഷ്യം മാര്‍ക്‌സിന്റെ അനുയായികള്‍ മറന്നിട്ടില്ലായിരുന്നു. വാസ്തവത്തില്‍ മാര്‍ക്‌സിസത്തിന്റെ പ്രേരണയാല്‍ അരങ്ങേറിയ ക്രൂരമായ വംശഹത്യകളുടെയും കൂട്ടക്കരുതികളുടെയും ഉത്തരവാദിത്വം ഇവര്‍ ഹിറ്റ്‌ലറിന്റെയും സ്റ്റാലിന്റെയും സ്വേച്ഛാധിപത്യ ഭരണങ്ങള്‍ക്കു മേല്‍ കെട്ടിവച്ചുകൊണ്ട് മാര്‍ക്‌സിന്റെ സമത്വസുന്ദരലോകം എന്ന ചെപ്പടിവിദ്യയെ എടുത്തുകാട്ടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. രാഷ്‌ട്രീയ-സാമ്പത്തിക രംഗങ്ങളില്‍ മാര്‍ക്‌സിസം വേരോടെ പിഴുതെറിയപ്പെട്ടുവെന്ന യാഥാര്‍ത്ഥ്യം മനസ്സിലായതോടെ ഇവര്‍ ജാഗരൂകരായി. ഈ അവസരത്തിലാണ് മാര്‍ക്‌സിസത്തിന്റെ വിശാല ലക്ഷ്യം മറനീക്കി പുറത്തുചാടിയത്. ഇതാണ് കള്‍ച്ചറല്‍ മാര്‍ക്‌സിസം എന്ന വ്യാജന്‍.
ഗ്രാംഷി മുതല്‍ അള്‍തൂസര്‍ വരെ
മാര്‍ക്‌സ് പറഞ്ഞിട്ടുള്ളത് സംസ്‌കാരം സമൂഹത്തിന്റെ ഉപരിപ്ലവതലം മാത്രമാണെന്നായിരുന്നു, അടിസ്ഥാനമാവട്ടെ സാമ്പത്തിക വ്യവസ്ഥിതിയും. എന്നാല്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസ്റ്റുകള്‍ ഗത്യന്തരമില്ലാതായപ്പോള്‍ മാര്‍ക്‌സിസത്തിന്റെ ഉപരിപ്ലവ തലത്തില്‍ വര്‍ത്തിച്ചിരുന്ന സംസ്‌കാരത്തെ പിടിവള്ളിയാക്കി മാര്‍ക്‌സിസത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പരിശ്രമത്തിലാണ്. ഇതു സംബന്ധിച്ചുള്ള മലയാളത്തിലെ ഏറ്റവും വിശദമായ പ്രതിപാദനം മുരളി പാറപ്പുറം രചിച്ച ‘മലയാളി കാണാത്ത മാര്‍ക്‌സിന്റെ മുഖങ്ങള്‍’ എന്ന പുസ്തകത്തില്‍ കാണാം. അതിലെ ‘കള്‍ച്ചറല്‍ മാര്‍ക്‌സ് ഒരു കച്ചവടച്ചരക്ക്’ എന്ന അദ്ധ്യായത്തില്‍ പറയുന്നത് ഇങ്ങനെയാണ്: ”യൂറോപ്പിന്റെ ചരിത്രം പരിശോധിക്കുമ്പോള്‍ 1871 ലെ പാരീസ് കമ്യൂണ്‍ മുതല്‍ 1991 ലെ സോവിയറ്റ് യൂണിയന്റെ പതനം വരെ പരാജയത്തിന്റെ ഒരു പരമ്പരയാണ് കാറല്‍ മാര്‍ക്‌സിന്റെ ജീവിതം…. ഓരോ പരാജയത്തിനു ശേഷവും അനുയായികള്‍ മാര്‍ക്‌സിനെ വിജയിയായി പ്രഖ്യാപിക്കും! ഓരോ കുരിശുമരണത്തിനു ശേഷവും ഉയിര്‍ത്തെഴുന്നേല്‍പ്പിക്കല്‍! ഇങ്ങനെ ഉയിര്‍ത്തെഴുന്നേല്‍ക്കുന്ന അനേകം മാര്‍ക്‌സുമാരില്‍ ഒരാളാണ് കള്‍ച്ചറല്‍ മാര്‍ക്‌സ്… പാരമ്പര്യ മാര്‍ക്‌സിസം, നവമാര്‍ക്‌സിസം, ആധുനിക മാര്‍ക്‌സിസം എന്നൊക്കെ വിഭജിച്ച് യഥാര്‍ത്ഥ മാര്‍ക്‌സിസത്തിന്റെ പരാജയങ്ങളെ മൂടിവയ്‌ക്കുകയും മാര്‍ക്‌സിനെ തെറ്റാവരം ലഭിച്ച പ്രവാചകനാക്കി മാറ്റുകയും ചെയ്യുന്ന ഈ രീതിയുടെ ഉല്‍പ്പന്നമാണ് കള്‍ച്ചറല്‍ മാര്‍ക്‌സിസവും” (പേജ് 215).
കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന്റെ ഉപജ്ഞാതാവായി കരുതപ്പെടുന്നത്, ഇറ്റാലിയന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാപകനേതാക്കളില്‍ ഒരാളായിരുന്ന അന്റോണിയോ ഗ്രാംഷിയാണ്. (1891 -1937) ഇതിന്റെ രൂപീകരണത്തില്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ട് സ്‌കൂളിലെ തത്ത്വചിന്തകരായ മാക്‌സ് ഹോര്‍ക്‌ഹൈമര്‍, തിയോഡര്‍ അഡോണോ, യര്‍ഗന്‍ ഹാബര്‍മാസ് എന്നിവരുടെ പങ്കാളിത്തവുമുണ്ടായി. കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന്റെ വിഭാഗമായി ഉയര്‍ന്നുവന്ന ‘ന്യൂ ലെഫ്റ്റ്’ പ്രസ്ഥാനത്തിലെ ഇ.പി.തോംസണ്‍, ലൂയി അള്‍തൂസര്‍ എന്നിവരുടെയും സംഭാവനകള്‍ എടുത്തുപറയേണ്ടതുണ്ട്. എന്നാല്‍ പലപ്പോഴും തിരിച്ചറിയാതെ പോകുന്നത് ഉത്തരാധുനിക തീവ്ര ചിന്താഗതിക്കാര്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന് നല്‍കിയിട്ടുള്ള സംഭാവനകളാണ്. ഇക്കൂട്ടരെ പൊതുവെ കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന്റെ കൂട്ടാളികളായിട്ടു മാത്രമേ പരിഗണിക്കാറുള്ളൂ. എന്നാല്‍ ഇവര്‍ യഥാര്‍ത്ഥത്തില്‍ പരമ്പരാഗത മാര്‍ക്‌സിസത്തിന്റെ പരാജയത്തില്‍ മനംനൊന്ത് പുതിയ മേച്ചില്‍ സ്ഥലങ്ങളിലേക്ക് കുടിയേറിയ ഇടതുപക്ഷചിന്തകരാണ്. ഇവര്‍ കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന്റെ സഹയാത്രികരായി മാത്രം പരിഗണിക്കപ്പെടേണ്ടവരല്ല. കള്‍ച്ചറല്‍ മാര്‍ക്‌സിസത്തിന് ഏറ്റവും വിലപ്പെട്ട സംഭാവനകള്‍ നല്‍കുക മാത്രമല്ല ഇവര്‍ ചെയ്തത്. സാംസ്‌കാരിക മേഖലകളില്‍ ഇടതുപക്ഷ ചിന്തയെ കുടിയിരുത്തിയതിന്റെ പ്രധാന ഭാഗധേയത്വം ഇവര്‍ക്കുള്ളതാണ്. ഇവരില്‍ ഏറ്റവും മുന്നില്‍ നിലയുറപ്പിച്ചത് ഉത്തരാധുനികതയുടെ പേരില്‍ ഭൗതിക വാദത്തെ സാംസ്‌കാരിക മേഖലയിലേക്ക് ആനയിച്ചുറപ്പിച്ച ജാക് ദറിദതന്നെയാകുന്നു.
(തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജ് ഫിലോസഫി വിഭാഗം മുന്‍ അധ്യക്ഷയാണ് ലേഖിക)