കൊല്ലം : ചിറ്റുമലയില്‍ ജാതി അധിക്ഷേപം നടത്തിയെന്ന സ്ത്രീയുടെ പരാതിയില്‍ സിപിഐ മണ്ഡലം സെക്രട്ടറി ഉള്‍പ്പെടെ 9പേര്‍ക്കെതിരെ കേസ്. സിപിഐ കുന്നത്തൂര്‍ മണ്ഡലം സെക്രട്ടറി സി ജി ഗോപുകൃഷ്ണന്‍ അടക്കമുള്ളവര്‍ക്കെതിരെയാണ് പരാതി. മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ ജാതി അധിക്ഷേപം നടത്തിയെന്നാണ് പരാതി.
കെപിഎംഎസ് നേതാവുകൂടിയായ ഒരാളുടെ വീട്ടില്‍ മതില്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനിടെ സിപിഐ നേതാക്കള്‍ ആ വീട്ടിലെ സ്ത്രീയെ ജാതിപ്പേര് വിളിച്ച് ആക്ഷേപിച്ചുവെന്നാണ് പരാതി. തര്‍ക്കമുണ്ടായ സ്ഥലത്തുകൂടി സഞ്ചരിക്കുന്നത് തടഞ്ഞെന്നും പരാതിയില്‍ പറയുന്നുണ്ട്.
പട്ടികജാതി കമ്മിഷനും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ശാസ്താംകോട്ട ഡിവൈഎസ്പിക്കാണ് അന്വേഷണത്തിന്റെ ചുമതല. മുന്‍പും കുന്നത്തൂര്‍ സിപിഐക്കെതിരെ ജാതി അധിക്ഷേപ പരാതി ഉയര്‍ന്നിട്ടുണ്ട്. പിന്നോക്ക വിഭാഗത്തില്‍പ്പെട്ട ഒരു നേതാവ് സ്ഥാനമൊഴിഞ്ഞപ്പോള്‍ മണ്ഡലം കമ്മിറ്റി ഓഫിസ് ചാണകവെള്ളമൊഴിച്ച് ശുദ്ധീകരിച്ച സംഭവം വിവാദമായിരുന്നു.