ജാര്‍ഖണ്ഡിലെ ലത്തേഹാര്‍ ജില്ലയിലെ റെസിഡന്‍ഷ്യല്‍ സ്‌കൂളിന്റെ ഹോസ്‌ററല്‍ മുറിയില്‍ തിങ്കളാഴ്ച രാവിലെ നടന്ന തീപിടിത്തത്തില്‍ 25 പെണ്‍കുട്ടികള്‍ രക്ഷപ്പെട്ടു. ബരിയാട്ടുവിലെ കസ്തൂര്‍ബ ഗാന്ധി ബാലിക വിദ്യാലയത്തിലെ ഹോസ്റ്റലിലാണ് തീപിടിത്തം നടന്നത്. വിദ്യാര്‍ത്ഥികളുടെ കിടക്കകളും പഠനോപകരണവും പൂര്‍ണമായും കത്തിനശിച്ചു.
രാവിലെ 6 മണിയോടെയാണ് സംഭവം നടന്നതെന്ന് ഹോസ്റ്റല്‍ വാര്‍ഡന്‍ പൊലീസിനോട് പറഞ്ഞു. അന്ധിരക്ഷാസേനയുടെ കൃത്യമായ ഇടപെടലിനെ തുടര്‍ന്ന് ഒരു മണിക്കൂറിനകം തീ പൂര്‍ണമായി നിയന്ത്രണ വിധേയമാക്കി. നാട്ടുകാരും വിദ്യാര്‍ഥികളും അഗ്‌നിശമന സേനാംഗങ്ങളെ സഹായിച്ചു. വിദ്യാര്‍ത്ഥികള്‍ ശാരീരിക പരിശീലനത്തിനായി ഗ്രൗണ്ടില്‍ ഉണ്ടായിരുന്നപ്പോഴാണ് സംഭവം നടന്നത്.
ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ ലഭിച്ചതായി ബരിയാട്ടു പൊലീസ് സ്റ്റേഷന്‍ ഇന്‍-ചാര്‍ജ് രഞ്ജന്‍ കുമാര്‍ പാസ്വാന്‍ മാധ്യമങ്ങളോട് പറഞ്ഞു.
തീപിടിത്തത്തിന്റെ യഥാര്‍ത്ഥ കാരണം കണ്ടെത്തണമെന്നും ഇത്തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഇനി ഉണ്ടാവാതിരിക്കാന്‍ കെട്ടിടത്തിലെ വൈദ്യുതി കണക്ഷനുകള്‍ വിശദമായി പരിശോധിക്കണമെന്നും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ (ഡി.ഇ.ഒ) പ്രിന്‍സ് കുമാര്‍ പറഞ്ഞു.
ഹോസ്റ്റലില്‍ ആകെ 221 വിദ്യാര്‍ഥികളാണ് താമസിക്കുന്നതെന്ന് സ്‌കൂള്‍ അധികൃതര്‍ അറിയിച്ചു.