മലപ്പുറം> സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമാ പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങളെ പരിഹസിച്ച് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. ‘പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ പാണക്കാട് സാദിഖലി തങ്ങൾ അനുഗ്രഹിച്ച സ്ഥാനാർഥി ജയിച്ചെന്നും മറ്റൊരാൾ തലയിൽകൈവച്ച് അനുഗ്രഹിച്ച സ്ഥാനാർഥി മൂന്നാംസ്ഥാനത്ത് പോയി’ എന്നുമായിരുന്നു സലാമിന്റെ പരാമർശം. പാലക്കാട്ടെ എൽഡിഎഫ് സ്ഥാനാർഥി പി സരിൻ, ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദർശിച്ചതിനെയാണ് കുവൈത്തിൽവച്ച് സലാം പരിഹസിച്ചത്.
സമൂഹമാധ്യമങ്ങളിൽ സലാമിനെതിരെ പ്രതിഷേധം വ്യാപകമാണ്. പ്രശ്‌നം തണുപ്പിക്കാനും സലാമിനെ രക്ഷിക്കാനുമായി ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി രംഗത്തെത്തി. പേരിന് സലാമിനെ തള്ളിയെന്ന് വരുത്തിയാണ് സമസ്‌തയെ തണുപ്പിക്കാൻ കുഞ്ഞാലിക്കുട്ടിയുടെ നീക്കം. സലാമിന്റേത് ലീഗ് നിലപാടല്ലെന്നാണ് കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞത്. ഇക്കാര്യം പറയാൻ തങ്ങൾ പറഞ്ഞെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. പ്രസ്‌താവന വിവാദമായതോടെ ജിഫ്രി തങ്ങളെയല്ല, മുഖ്യമന്ത്രിയെയാണ് ഉദ്ദേശിച്ചതെന്ന് പറഞ്ഞ് സലാം മലക്കംമറിഞ്ഞു. പി എം എ സലാമും കെ എം ഷാജിയുമടക്കമുള്ള ലീഗ് നേതാക്കൾ സമസ്‌ത നേതൃത്വത്തെ നിരന്തരമായി ആക്ഷേപിക്കുന്നതിന്റെ തുടർച്ചയാണിത്.
പി എം എ സലാമിന്റെ പ്രസ്‌താവന പ്രതിഷേധാർഹം
ജിഫ്രി മുത്തുക്കോയ തങ്ങളെ പരസ്യമായി അപമാനിച്ച മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമിന്റെ നടപടിക്കെതിരെ സമസ്‌ത നേതാക്കൾ. എസ്‌വൈഎസ്, എസ്‌കെഎസ്‌എസ്‌എഫ് സംഘടനകളുടെ ഒമ്പതു നേതാക്കൾ സംയുക്തമായി പ്രതിഷേധക്കുറിപ്പിറക്കി. ‘‘തെരഞ്ഞെടുപ്പു കാലങ്ങളിൽ ആശീർവാദം തേടി സ്ഥാനാർഥികൾ പ്രമുഖ വ്യക്തിത്വങ്ങളെ സമീപിക്കാറുണ്ട്. വരുന്നവരെ മാന്യമായി സ്വീകരിക്കുകയെന്നത് മര്യാദയുമാണ്. ഇതിന്റെ പേരിൽ സമസ്‌തയെന്ന മഹാപ്രസ്ഥാനത്തിന്റെ അമരക്കാരനെ ഒട്ടും മാന്യമല്ലാത്ത ശൈലിയിലാണ് സലാം ആക്ഷേപിച്ചത്.
ലീഗിന്റെ മറവിൽ സലഫി ആശയക്കാരായ സലാമുൾപ്പെടെയുള്ള ചിലർ നിരന്തരമായി സുന്നി വിശ്വാസങ്ങളെയും സമസ്‌തയെയും ആക്ഷേപിക്കുന്നു. ലീഗ് വേദിയിൽ നിരന്തരം സലഫി ആശയം പ്രചരിപ്പിക്കുന്നത് കൈയുംകെട്ടി നോക്കിനിൽക്കാൻ കഴിയില്ല. ലീഗിനെയും സമസ്‌തയെയും അകറ്റി സലഫിസം നടപ്പാക്കാനുള്ള ശ്രമത്തെ ചെറുത്തുതോൽപ്പിക്കും’’–-
എസ്‌വൈഎസ് ജനറൽ സെക്രട്ടറി മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, വർക്കിങ് സെക്രട്ടറി അബ്ദുൾ ഹമീദ് ഫൈസി അമ്പലക്കടവ്, എസ്‌കെഎസ്‌എസ്‌എഫ് ജനറൽ സെക്രട്ടറി ഒ പി എം അഷറഫ് തുടങ്ങിയവരാണ് പ്രസ്‌താവനയിറക്കിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
മറ്റു വാർത്തകൾ