കൊച്ചിയില്‍ ജിമ്മില്‍ അതിക്രമിച്ച് കയറി മോഷണം നടത്തിയ സംഭവത്തില്‍ ബിഗ് ബോസ് റിയാലിറ്റി ഷോ ജേതാവ് പി.ഡി. ജിന്റോക്ക് ഹൈകോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്യേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.
പാലാരിവട്ടം പൊലീസെടുത്ത കേസിലാണ് ജിന്റോ മുന്‍കൂര്‍ജാമ്യ ഹരജി നല്‍കിയത്. ഹരജിക്കാരന്‍ ആയ ജിന്റോ എട്ടിന് പൊലീസ് സ്‌റ്റേഷനില്‍ ചോദ്യംചെയ്യലിന് ഹാജരാകണമെന്നും അറസ്റ്റുണ്ടാകുന്നപക്ഷം 50,000 രൂപയുടെ സ്വന്തവും തതുല്യ തുകക്കുള്ള രണ്ടുപേരുടെയും ബോണ്ടിന്റെ അടിസ്ഥാനത്തില്‍ വിട്ടയക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ജിന്റോയുടെ ഉടമസ്ഥതയില്‍ എറണാകുളം വെണ്ണലയിലുള്ള ജിം പരാതിക്കാരിയായ യുവതി ഏറ്റെടുത്ത് നടത്തുകയാണ്. ജിമ്മില്‍ കയറിയ ജിന്റോ 10,000 രൂപയും വിലപ്പെട്ട രേഖകളും മോഷ്ടിച്ചെന്നാണ് പരാതി.