
തിരുവനന്തപുരം: ‘ജിഹാദ്’ എന്നാല്‍ പിരിമുറുക്കമില്ലാത്ത സ്വതന്ത്ര ജീവിതമാണെന്നും മറ്റുള്ളവരെ നശിപ്പിക്കാനുള്ള വിശുദ്ധ യുദ്ധമല്ലെന്നുമുളള ഐഎഎസ് ഉദ്യോഗസ്ഥ ദിവ്യ എസ്. അയ്യരുടെ വാദം വിവാദമായി.വിഴിഞ്ഞം അന്താരാഷ്‌ട്ര തുറമുഖ മാനേജിംഗ് ഡയറക്ടറും കേരള ഖരമാലിന്യ മാനേജ്‌മെന്റ് പദ്ധതി(കെഎസ്ഡബ്ല്യുഎംപി) പ്രോജക്ട് ഡയറക്ടറുമാണ് ദിവ്യ എസ്. അയ്യര്‍. ”ഖുറാന്‍ അകം പൊരുള്‍ – മാനവികാഖ്യാനം” എന്ന മലയാള പുസ്തകത്തിന്റെ ഒമ്പതാം വാല്യം പ്രകാശനം ചെയ്യുന്നതിനിടെയായിരുന്നു ദിവ്യ എസ്. അയ്യരുടെ പരാമര്‍ശം.
‘ജിഹാദ്’ മറ്റുള്ളവരെ നശിപ്പിക്കുന്നതിനോ തീവ്രമായ പാതയില്‍ അംഗമാകുന്നതിനോ അല്ല, മറിച്ച് യുദ്ധരഹിതമായ ജീവിതം നയിക്കുന്നതിനാണ് എന്ന് ദിവ്യ എസ് അയ്യര്‍ പറഞ്ഞു.ഈ പരാമര്‍ശം വ്യാപക വിമര്‍ശനത്തിന് കാരണമായി. ആഗോളമായുളള ഇസ്ലാമിക സമൂഹത്തിലെ ഒരു വിഭാഗത്തെ ഭീകരാക്രമണവുമായി ബന്ധപ്പെടുത്തുന്ന ‘ജിഹാദ്’ എന്ന പദത്തെ കാല്പനികവല്‍ക്കരിക്കുകയും വെള്ളപൂശുകയും ചെയ്തതായാണ് ആരോപണം. വിവിധ പ്രദേശങ്ങളിലെ ഇസ്ലാമിക പണ്ഡിതന്മാര്‍ ചരിത്രപരമായി തന്നെ ‘ജിഹാദിനെ’ തീവ്രവാദ പ്രവര്‍ത്തനവുമായി ബന്ധപ്പെടുത്തിയാണ് വ്യാഖ്യാനിച്ചിട്ടുളളത്. ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകള്‍ ഭീകരാക്രമണങ്ങള്‍ നടത്തുമ്പോള്‍ ഈ ആശയം പ്രയോഗത്തില്‍ വരുത്തുകയാണെന്നും വിമര്‍ശകര്‍ ചൂണ്ടിക്കാട്ടിയതോടെ സാമൂഹ മാധ്യമ ചര്‍ച്ചകളും നടക്കുന്നുണ്ട്.
ജിഹാദ് ഭീകരത മൂലം ഭാരതത്തിന് ആയിരക്കണക്കിന് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടി.അടുത്തിടെ ഉണ്ടായ ഡോ. ഉമര്‍ നബിയുടെ ദല്‍ഹി ചാവേര്‍ ആക്രമണവും പഹല്‍ഗാമില്‍ വിനോദസഞ്ചാരികളെ കൂട്ടക്കൊല ചെയ്തതും ജിഹാദി ഭീകരതയുടെ ഓര്‍മ്മപ്പെടുത്തലുകളാണ്. ‘ജിഹാദ്’ എന്നതിന്റെ അര്‍ത്ഥം പുനര്‍നിര്‍വചിക്കാനോ മയപ്പെടുത്താനോ ഉള്ള ശ്രമങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ശരിയായ അറിവില്ലായ്‌മയില്‍ നിന്നാണ് ഉടലെടുക്കുന്നതെന്നും അവര്‍ പറഞ്ഞു.
ദിവ്യ എസ് അയ്യരുടെ പരാമര്‍ശങ്ങളെ അര്‍ബന്‍ മാവോയിസ്റ്റുകള്‍ ‘ജിഹാദിനെ’ കാവ്യാത്മകമായി മഹത്വവത്കരിക്കുന്നതിനോടാണ് വിമര്‍ശകര്‍ താരതമ്യം ചെയ്യുന്നത്.ഒരു സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയില്‍ നിന്നുള്ള ഇത്തരം പ്രസ്താവന കൂടുതല്‍ ആശങ്കാജനകമാണ്. അതേസമയം വിവാദങ്ങളോട് ദിവ്യ എസ് അയ്യര്‍ പ്രതികരിച്ചിച്ചിട്ടില്ല.
ദിവ്യ എസ്. അയ്യര്‍ നേരത്തെയും വിവാദങ്ങളില്‍ പെട്ടിട്ടുണ്ട്.ഏപ്രില്‍ മാസത്തില്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട സിപിഎം നേതാവ് കെ.കെ. രാഗേഷിനെ അവര്‍ പരസ്യമായി പ്രശംസിച്ചത് പ്രതിപക്ഷ പാര്‍ട്ടികളില്‍ നിന്ന് വിമര്‍ശനം ക്ഷണിച്ച് വരുത്തിയിരുന്നു.എന്നാല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശനം സ്ത്രീവിരുദ്ധമാണെന്ന് പറഞ്ഞ് ദിവ്യ എസ് അയ്യരെ ന്യായീകരിക്കുകയായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് മുന്‍ നേതാവും മുന്‍ എംഎല്‍എയും അന്തരിച്ച കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ജി. കാര്‍ത്തികേയന്റെ മകനുമായ കെ.എസ്. ശബരിനാഥിനെയാണ് ദിവ്യ എസ് അയ്യര്‍ വിവാഹം ചെയ്തത്.ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെത്തുടര്‍ന്ന് മന്ത്രി സ്ഥാനം രാജിവച്ച സിപിഎം നേതാവ് കെ. രാധാകൃഷ്ണനെ ആശ്ലേഷിച്ച് യാത്ര അയപ്പ് നല്‍കുന്നതിന്റെ ചിത്രം പുറത്തു വിട്ടതും ചര്‍ച്ചാവിഷയമായിരുന്നു.
നിരോധിക്കപ്പെട്ട പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ (പിഎഫ്‌ഐ) രാഷ്‌ട്രീയ വിഭാഗമായ എസ്ഡിപിഐയും കോണ്‍ഗ്രസും തമ്മിലുള്ള സമീപകാല അടുപ്പത്തിന്റെ പശ്ചാത്തലത്തിലും ദിവ്യ എസ് അയ്യരുടെ അഭിപ്രായങ്ങളെ വിലയിരുത്താമെന്ന് രാഷ്‌ട്രീയ നിരീക്ഷകര്‍ കരുതുന്നു.
ഇസ്ലാമിക ഗ്രന്ഥങ്ങളെ ചോദ്യം ചെയ്യുമ്പോള്‍, വിമര്‍ശകരെ ‘ഇസ്ലാമോഫോബിക്’ എന്ന് മുദ്രകുത്തുകയാണ് രീതി. എന്നാല്‍ ഹിന്ദു വേദഗ്രന്ഥങ്ങളെയോ ബൈബിളിനെയോ വിമര്‍ശിക്കുന്നതോ പരിഹസിക്കുന്നതിനെയോ ആഘോഷിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പാണ് രാഷ്‌ട്രീയ -സാമൂഹിക മേഖലകളില്‍ കണ്ടുവരുന്നത്.