• Wed. Sep 24th, 2025

24×7 Live News

Apdin News

ജി എസ് ടി കുറച്ചപ്പോള്‍ ജനങ്ങള്‍ക്ക് കിട്ടിയത്

Byadmin

Sep 24, 2025



കേന്ദ്രസര്‍ക്കാര്‍ 48,000 കോടി രൂപ നഷ്ടം സഹിച്ച് ഏര്‍പ്പെടുത്തിയ ജിഎസ്ടി പരിഷ്‌കാരങ്ങള്‍ സാധാരണക്കാര്‍ക്ക് വലിയ സാമ്പത്തിക സഹായമാണ് പ്രദാനം ചെയ്തത്. 5%, 12%, 18%, 28 ശതമാനം എന്നിങ്ങനെ നാല് സ്ലാബുകള്‍ ആയി നിശ്ചയിച്ചിരുന്ന ജിഎസ്ടി നിരക്കുകള്‍ 5%, 18% എന്ന രണ്ട് സ്ലാബുകളിലേക്ക് വെട്ടിക്കുറച്ചതിലൂടെ സാധാരണക്കാരിലേക്ക് രണ്ട് ലക്ഷം കോടി രൂപയുടെ സാമ്പത്തികമാണ് എത്തിയത്. പ്രധാനമായും സാധാരണക്കാര്‍ക്ക് 16 മേഖലകളിലായിട്ടാണ് ഈ പ്രയോജനങ്ങള്‍ ലഭിക്കുക.

വീട് നിര്‍മാണം, വാഹനം സ്വന്തമാക്കല്‍, ആരോഗ്യ സംരക്ഷണം, യാത്ര, ഹോട്ടല്‍ താമസം, ലൈഫ് ഇന്‍ഷുറന്‍സ് പോളിസി, വീട്ടമ്മമാര്‍, രോഗികള്‍, നിര്‍മാണ തൊഴിലാളികള്‍, വാഹന ഉടമസ്ഥര്‍, കിടപ്പുരോഗികള്‍, കൃഷിക്കാര്‍, വിദ്യാര്‍ത്ഥികള്‍, ഭക്ഷണം എന്നീ മേഖലകളിലാണ് ഏറ്റവും കൂടുതല്‍ അനുകൂല്യങ്ങള്‍ ലഭിക്കുക ഇതുകൂടാതെ ജിംനേഷ്യം, യോഗ, ബ്യൂട്ടിപാര്‍ലര്‍, ഹെയര്‍ കട്ടിങ് എന്നിങ്ങനെ സമൂഹത്തിന്റെ എല്ലാ മേഖലകളെയും സ്പര്‍ശിക്കുന്ന സര്‍വ്വതല സ്പര്‍ശി ആയ പരിഷ്‌കരണമാണ് സംഭവിച്ചിരിക്കുന്നത്.
ഓരോ മേഖലയിലും ഇവ എങ്ങനെ പ്രതിഫലിക്കുന്നു എന്നും എത്ര രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നും പരിശോധിക്കാം.

വീട് നിര്‍മാണം

സിമന്റിന് ഒരു ചാക്കിന് 35 രൂപ മുതല്‍ 55 രൂപ വരെയും, വാര്‍ക്ക കമ്പിക്ക് എട്ട് രൂപ മുതല്‍ 11 രൂപ വരെയും, തറയില്‍ വിരിക്കുന്ന ടൈലിന് ഒരു ചതുരശ്രയടിക്ക് 35 രൂപ മുതല്‍ 80 രൂപ വരെയും, പെയിന്റ് ലിറ്ററിന് 60 രൂപ വരെയും കുറയും. മൂന്ന് കിടപ്പുമുറിയും അടുക്കളയും ഹാളും ഉള്ള വീട് പണിയുമ്പോള്‍ ഒന്നര മുതല്‍ മൂന്ന് ലക്ഷം രൂപ വരെയാണ് കുറവ് വരിക.

കാര്‍ വാങ്ങുന്നവര്‍ക്ക്

ചിലവ് കുറഞ്ഞ കാറുകള്‍ ഇന്ന് ആഡംബരമല്ല. 11 വര്‍ഷത്തിനിടെ ദാരിദ്രരേഖയ്‌ക്ക് മുകളിലെത്തിയ 25 കോടി ആളുകള്‍ ഇന്ന് ഇടത്തരക്കാരാണ്. അവരുടെ സ്വപ്
നമായിരുന്ന കാര്‍ യാഥാര്‍ഥ്യമാകുമ്പോള്‍, അത് മാരുതി ആണെങ്കില്‍ ഒന്നേകാല്‍ ലക്ഷം രൂപ വരെയും ടാറ്റാ ആണെങ്കില്‍ ഒരു ലക്ഷത്തി അമ്പത്തിഅയ്യായിരം രൂപ വരെയും മഹീന്ദ്രയുടേതാണെങ്കില്‍ ഒരു ലക്ഷത്തി 56000 വരെയും ടൊയോട്ടയുടെ ഫോര്‍ച്യൂണര്‍ ആണെങ്കില്‍ പോലും 349,000 രൂപ വരെയും കിയ കമ്പനിയുടെ കാര്‍ണിവല്‍ കാര്‍ ആണെങ്കില്‍ 448000 വരെയും ഹുണ്ടായിയുടെ കാര്‍ ആണെങ്കില്‍ 2 ലക്ഷത്തി നാ
ല്‍പതിനായിരം രൂപ വരെയും വിലക്കുറവാണ് ലഭിക്കുക. ചെറുതും ഇടത്തരവുമായ കാറുകളുടെ വിലയില്‍ 40,000 മുതല്‍ 4 ലക്ഷം വരെയാണ് വിലക്കുറവ് ലഭിക്കുക. സെക്കന്‍ഡ് ഹാന്‍ഡ് കാറുകളുടെ മാര്‍ക്കറ്റിലും ഈ വിലക്കുറവ് പ്രതിഫലിക്കും.

മരുന്നു കഴിക്കുന്നവര്‍ക്ക്

12% നികുതി നല്‍കിയിരുന്ന 33 ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് നികുതി എടുത്തുകളഞ്ഞു. മറ്റു മരുന്നുകള്‍ക്കുണ്ടായിരുന്ന 12 % നികുതി 5% ആയി. പുറമേ സര്‍ജിക്കല്‍ ഉപകരണങ്ങള്‍, മെഡിക്കല്‍ ഉപകരണങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, പ്രായമായവര്‍ക്കും കുട്ടികള്‍ക്കുമുള്ള ഡയപ്പറുകള്‍, ഗ്ലൂക്കോമീറ്റര്‍, ബിപി പരിശോധിക്കുന്ന യന്ത്രം തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കുമുള്ള നികുതി 5% ആക്കി.

മെഡിക്കല്‍ ഇന്‍ഷുറന്‍സ്

മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസിയുടെ മേലുണ്ടായിരുന്ന നികുതി പൂര്‍ണമായും എടുത്തുകളഞ്ഞു. ഇത് വ്യാപകമായ രീതിയില്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ജനങ്ങളില്‍ എത്തിക്കുന്നതിന് സഹായിക്കും.

ജീവിത നിലവാര ഉയര്‍ച്ച

ഒരുതവണ മാത്രമോ ദീര്‍ഘകാലത്തേക്കോ സാധാരണക്കാര്‍ വാങ്ങുന്ന ടെലിവിഷന്‍, എയര്‍കണ്ടീഷണര്‍, ചെറിയ കാറുകള്‍, ബൈക്കുകള്‍, അടുക്കളയിലെ യന്ത്ര ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം ഉണ്ടായിരുന്ന നികുതി 18% ആക്കി കുറച്ചപ്പോള്‍ ഒറ്റത്തവണ മാത്രം ചിലവാക്കേണ്ടിവരുന്ന ഈ ചിലവുകള്‍കൊണ്ട് ജീവിത നിലവാരം ഏറ്റവും ഉയര്‍ന്നതാക്കി മാറ്റുവാന്‍ സാധിക്കുന്നു.

ഹോട്ടല്‍ വാടക

ഒരു രാത്രിക്ക് 7500 രൂപ വരെ വാടക വരുന്ന ഹോട്ടല്‍ മുറികളുടെ നികുതി അഞ്ചു ശതമാനം ആക്കിയതിലൂടെ ഒരു രാത്രി ഉറങ്ങുന്നതിന് ഒരാള്‍ക്ക് 2,250 രൂപവരെ ലാഭിക്കാം.
ജിംനേഷ്യം, യോഗ സെന്റര്‍, ബ്യൂട്ടിപാര്‍ലര്‍, ഹെയര്‍ കട്ടിങ് സലൂണുകള്‍

ഈ ആരോഗ്യ-സൗന്ദര്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്കുണ്ടായിരുന്ന ഉയര്‍ന്ന നികുതി അഞ്ചു ശതമാനത്തിലേക്ക് കൊണ്ടുവന്നു. ഇതുവഴി ആരോഗ്യ സംരക്ഷണം, സൗന്ദര്യ സംരക്ഷണം, പുതിയ തൊഴില്‍ മേഖലകളുടെ വികാസം എന്നിവയാണ് തുറന്നു കിട്ടുന്നത്.

രോഗികള്‍ക്ക്

നിരന്തരം മരുന്നു കഴിക്കുന്ന രോഗികള്‍ക്ക് 0 %, അഞ്ചു ശതമാനം എന്നീ നിരക്കുകളിലേക്ക് മരുന്നിന്റെ നികുതി കുറച്ചപ്പോള്‍ ശരാശരി ഒരു മാസം 500 മുതല്‍ 2000 രൂപ വരെ മരുന്ന് ഇനത്തില്‍ ലാഭിക്കാം.

കിടപ്പുരോഗികള്‍ക്ക്

മെഡിക്കല്‍ ഉപകരണങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍, മുതിര്‍ന്നവര്‍ക്കുള്ള ഡയപ്പറുകള്‍, ഗ്ലൂക്കോമീറ്റര്‍, ബിപി പരിശോധിക്കുന്ന ഉപകരണം തുടങ്ങിയ മെഡിക്കല്‍ ഉപകരണങ്ങള്‍ക്കും മുമ്പുണ്ടായിരുന്ന 18%, 12 % നികുതി നിരക്കുകള്‍ അഞ്ചു ശതമാനമാകുമ്പോള്‍ കിടപ്പുരോഗികള്‍ക്ക് ഏറ്റവും കുറഞ്ഞത് ഒരു മാസം 500 മുതല്‍ 2000 വരെ രൂപ വരെ ലാഭിക്കാം.

വീട്ടമ്മമാര്‍ക്ക്

അടുക്കളയില്‍ ഉപയോഗിക്കുന്ന യന്ത്രോപകരണങ്ങള്‍ക്കും 28 ശതമാനത്തില്‍ നിന്ന് 18% ആയി നികുതി കുറയുമ്പോള്‍ കൂടുതല്‍ വീടുകളിലെ അടുക്കളകളിലേക്ക് ആധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്താന്‍ കഴിയും. ഡിഷ് വാഷിങ് മെഷീന്‍, റഫ്രിജറേറ്റര്‍, ഇലക്ട്രിക് ഓവന്‍, മിക്‌സി, ഗ്രൈന്‍ഡര്‍, തറ തുടയ്‌ക്കുന്ന യന്ത്രം, കുക്കിംഗ് റേഞ്ചുകള്‍ എന്നിങ്ങനെ 10000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വരെയെങ്കിലും ഒരു അടുക്കളയില്‍ സാമ്പത്തിക ലാഭം ഉണ്ടാവും.

കര്‍ഷകര്‍ക്ക്

വളം, കിടനാശിനി, കാര്‍ഷിക യന്ത്രങ്ങള്‍, ജലസേചന ഉപകരണങ്ങള്‍ എന്നിവയ്‌ക്കെല്ലാം നികുതി നിരക്കുകള്‍ അഞ്ചു ശതമാനമായി. ഇതുപ്രകാരം ട്രാക്ടറിന് 65000 മുതല്‍ 1,00000 രൂപ വരെയും മറ്റ് ഉപകരണങ്ങള്‍ക്കും സാമഗ്രികള്‍ക്കും 5000 രൂപ മുതല്‍ ഒന്നരലക്ഷം രൂപ വരെയും ഒരു ഹെക്ടറിന് കുറവ് അനുഭവപ്പെടും.

വാഹന ഉടമകള്‍ക്ക്

ഓട്ടോറിക്ഷ മുതല്‍ കണ്ടെയ്‌നര്‍ ലോറി വരെ സ്വന്തമായിട്ടുള്ള ചെറുകിട, ഇടത്തരം, വന്‍കിട വാഹന ഉടമകള്‍ക്കെല്ലാം നികുതി നിരക്ക് 28 ല്‍ നിന്ന് പതിനെട്ടായി കുറഞ്ഞതിനാല്‍ ഓട്ടോറിക്ഷയ്‌ക്ക് വര്‍ഷം 3000 രൂപ മുതല്‍ ഒരു കണ്ടെയ്‌നര്‍ ലോറിക്ക് ഒരു വര്‍ഷം മൂന്നു ലക്ഷം രൂപ വരെ ചിലവ് കുറയും. ഹിറ്റാച്ചി, ജെസിബി, കല്ലുടയ്‌ക്കുന്ന യന്ത്രം, കല്ല് തുരക്കുന്ന യന്ത്രം എന്നിവയ്‌ക്കെല്ലാം ഈ ആനുകൂല്യം ലഭിക്കുന്നതുകൊണ്ട് അവര്‍ക്കുണ്ടാവുന്ന ലാഭം ഒരുലക്ഷം മുതല്‍ ഒന്നര ലക്ഷം രൂപ വരെയാണ്.

വിദ്യാര്‍ത്ഥികള്‍ക്ക്

നോട്ടുബുക്കുകള്‍, ടെക്സ്റ്റ് ബുക്കുകള്‍, പഠന ഉപകരണങ്ങള്‍ എന്നിവയ്‌ക്ക് വിലകുറയുന്നതിനാല്‍ വിദ്യാഭ്യാസ മേഖലയില്‍ രക്ഷിതാക്കളുടെ ഭാരം കുറയും.

ഭക്ഷണം

പറാത്ത, ചപ്പാത്തി, പിസ്സ, ബ്രെഡ് എന്നിവയ്‌ക്കുണ്ടായിരുന്ന 18% നികുതി എടുത്തു കളഞ്ഞു. പാല്‍ ഉല്‍പ്പന്നങ്ങള്‍, ചീസ്, പനീര്‍ എന്നിവയ്‌ക്കുണ്ടായിരുന്ന 18% നികുതി 5% ആക്കി കുറച്ചു. ഐസ്‌ക്രീം, കെച്ചപ്പ്, ബിസ്‌ക്കറ്റ്, ഉണങ്ങിയ പഴങ്ങള്‍, കറിക്കൂട്ടുകള്‍, ചോക്ലേറ്റ്, കോഫി എന്നിവയുടെ 18% നികുതി 5% ആക്കി. ഇതുവഴി നാലുപേര്‍ അടങ്ങിയ ഒരു കുടുംബം 24 മണിക്കൂര്‍ സമയം യാത്ര ചെയ്യുമ്പോള്‍ ഭക്ഷണ ഇനത്തില്‍ കിട്ടുന്ന ലാഭം ഏറ്റവും കുറഞ്ഞത് 500 രൂപ മുതല്‍ 1200 രൂപ വരെയാണ്.

തൊഴില്‍ വര്‍ദ്ധനവ്

കൂടുതല്‍ ഭക്ഷണവും ഉല്‍പന്നങ്ങളും യന്ത്രങ്ങളും സാധനസാമഗ്രികളും വാങ്ങുവാനുള്ള പണം സാധാരണക്കാരായ 50 ല്‍ പരം കോടി ഇടത്തരം കുടുംബങ്ങളിലേക്കാണ് എത്തുന്നത്. അതായത് ഭാരതത്തിലെ മധ്യവര്‍ഗ്ഗങ്ങള്‍ ആയ 50 കോടിയില്‍പരം ജനങ്ങള്‍ക്ക് പ്രതിവര്‍ഷം 2 ലക്ഷം കോടി രൂപ അധികമായി ലഭിക്കുന്നു. ഈ രണ്ടു ലക്ഷം കോടി രൂപ മാര്‍ക്കറ്റില്‍ ഉണ്ടാക്കുന്ന ഡിമാന്റിന്റെ വര്‍ദ്ധനവനുസരിച്ച് ഉല്‍പാദന മേഖല ഉയരാതെ സാധ്യമല്ല. അപ്രകാരം ഉണ്ടാകുന്ന തൊഴില്‍ ദിനങ്ങളും തൊഴില്‍ സാധ്യതകളും ഭാരത സര്‍ക്കാരിന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന 48,000 കോടി രൂപയുടെ നഷ്ടത്തെ നികത്താന്‍ സാധിക്കുന്ന വരുമാന മാര്‍ഗമായി മാറും. ആയതിനാല്‍ പരോക്ഷ നികുതികളോ സര്‍ചാര്‍ജുകളോ ഏര്‍പ്പെടുത്താതെ തന്നെ കേന്ദ്ര സര്‍ക്കാരിന് അധിക വരുമാനം ലഭിക്കും. ഇതേ വരുമാനം തന്നെ സംസ്ഥാന സര്‍ക്കാരുകള്‍ക്കും ലഭിക്കുന്നതിനാല്‍ അവര്‍ക്കുണ്ടാകുന്ന നികുതി നഷ്ടവും പരിഹരിക്കപ്പെടും.

 

By admin