ന്യൂദൽഹി: ജിഎസ് ടി സ്ലാബുകള്‍ പുതുക്കി നിശ്ചയിക്കാനുള്ള ജിഎസ് ടി കൗണ്‍സില്‍ യോഗം ഇന്നും നാളെയുമായി ദല്‍ഹിയില്‍ നടക്കും. നിലവിലെ നാല് സ്ലാബുകള്‍ രണ്ടാക്കി കുറയ്‌ക്കണമെന്ന് മന്ത്രിതല സമിതി ശുപാര്‍ശ ചെയ്തിട്ടുണ്ട്. ദൈനംദിന അവശ്യസാധനങ്ങളുടെയും ഇലക്ട്രോണിക് ഉൽപ്പന്നങ്ങളുടെയും വില കുറയ്‌ക്കുകയും ആഡംബര വസ്തുക്കൾക്ക് ഉയർന്ന നികുതി ഏർപ്പെടുത്തുകയും ചെയ്യുന്നതാണ് പുതിയ പരിഷ്കരണം.
ചെറിയ കാറുകള്‍, സിമന്റ്, തുകല്‍ ഉത്പന്നങ്ങള്‍, പാക്കറ്റിലാക്കിയ ഭക്ഷണം, തുണിത്തരങ്ങള്‍ എന്നിവയുടെ ജിഎസ് ടി കുറഞ്ഞേക്കും. മെഡിക്കല്‍ ഇന്‍ഷ്വറന്‍സിനും ടേം ഇന്‍ഷ്വറന്‍സിനുമുള്ള ജിഎസ് ടി എടുത്തു കളയണമെന്ന നിര്‍ദേശവും കൗണ്‍സില്‍ പരിഗണിച്ചേക്കും. നിലവിലുള്ള നാല് നികുതി ഘടനയെ 5%, 18% എന്നിങ്ങനെ രണ്ട് സ്ലാബുകളായി ചുരുക്കാൻ ലക്ഷ്യമിടുന്നതാണ് ‘പുതുതലമുറ’ ജിഎസ്ടി പരിഷ്കരണം എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേന്ദ്രത്തിന്റെ പുതിയ നിർദ്ദേശം.
2017 ജൂലൈയിൽ ജിഎസ് ടി നടപ്പിലാക്കിയപ്പോൾ അവതരിപ്പിച്ച 12%, 28% സ്ലാബുകൾ ഇതോടെ ഇല്ലാതാകും. പുതിയ പരിഷ്കരണത്തിലൂടെ 12% സ്ലാബിലുള്ള മിക്കവാറും എല്ലാ സാധനങ്ങളും 28% നികുതിയുള്ള ഭൂരിഭാഗം ഉൽപ്പന്നങ്ങളും താഴ്ന്ന നിരക്കുകളിലേക്ക് മാറും. ഇതോടെ നിരവധി ഉൽപ്പന്നങ്ങളുടെ വില കുറയുമെന്നാണ് വിലയിരുത്തൽ.
പരിഷ്കരണം നടപ്പിലായാൽ നെയ്യ്, നട്‌സ്, കുടിവെള്ളം (20 ലിറ്റർ ക്യാനുകൾ), ഗ്യാസ് ഇല്ലാത്ത പാനീയങ്ങൾ, പലഹാരങ്ങൾ, മരുന്നുകൾ, മെഡിക്കൽ ഉപകരണങ്ങൾ എന്നിവയുൾപ്പെടെ നിലവിൽ 12% നികുതിയുള്ള 99 ശതമാനത്തിലധികം സാധനങ്ങളും 5% വിഭാഗത്തിലേക്ക് മാറും. പെൻസിലുകൾ, സൈക്കിളുകൾ, കുടകൾ, ഹെയർപിന്നുകൾ തുടങ്ങിയ സാധാരണ ഗാർഹിക ഉൽപ്പന്നങ്ങളുടെ നികുതിയും 5% ആയി കുറഞ്ഞേക്കാം. ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറഞ്ഞേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ 28% നികുതിയുള്ള ടെലിവിഷനുകൾ, വാഷിങ് മെഷീനുകൾ, റഫ്രിജറേറ്ററുകൾ തുടങ്ങിയ ഉൽപ്പന്നങ്ങൾ 18% സ്ലാബിന് കീഴിൽ വരും.
അതേസമയം. ഒട്ടുമിക്ക സാധനങ്ങൾക്കും നികുതി കുറയ്‌ക്കാൻ ഒരുങ്ങുമ്പോൾ, ആഡംബര വസ്തുക്കൾക്ക് 40% എന്ന പ്രത്യേക സ്ലാബ് ഏർപ്പെടുത്താനാണ് ഉദ്ദേശ്യം. നിലവിൽ 28% ജിഎസ്ടിയും കോമ്പൻസേഷൻ സെസ്സും ഈടാക്കുന്ന ഉയർന്ന വിലയുള്ള കാറുകൾ, എസ്‌യുവികൾ, മറ്റ് പ്രീമിയം വാഹനങ്ങൾ എന്നിവ ഈ പുതിയ വിഭാഗത്തിലേക്ക് മാറാൻ സാധ്യതയുണ്ട്. പുകയില ഉൽപ്പന്നങ്ങൾ, പാൻ മസാല, സിഗരറ്റ് എന്നിവയും ഈ സ്ലാബിന് കീഴിൽ വന്നേക്കും. ഈ വിഭാഗത്തിനായി ഒരു അധിക ലെവി കൂടി പരിഗണനയിലുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.
അതേ സമയം ജിഎസ് ടി പുതുക്കുന്നതോടെ വരുമാന നഷ്ടമുണ്ടാകുമെന്ന ആശങ്കയിലാണ് പ്രതിപക്ഷ സംസ്ഥാനങ്ങള്‍. കേരളം അടക്കമുള്ള പ്രതിപക്ഷ സംസ്ഥാനങ്ങള്‍ വരുമാന നഷ്ടം നികത്താതെ തീരുമാനം എടുക്കരുതെന്ന് കൗണ്‍സില്‍ യോഗത്തില്‍ നിലപാടെടുക്കും