• Mon. Oct 7th, 2024

24×7 Live News

Apdin News

ജി. നാരായണന്‍കുട്ടി രാഷ്ട്രനന്മയ്ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിത്വം: പി.ആര്‍. ശശിധരന്‍

Byadmin

Oct 7, 2024


പന്തളം: ചിന്തയും പ്രവര്‍ത്തിയും രാഷ്‌ട്രത്തിന് വേണ്ടി ആകണമെന്ന് നിരന്തരം ഓര്‍മിപ്പിച്ച സ്വയംസേവകനായിരുന്നു ജി. നാരായണന്‍കുട്ടിയെന്ന് ആര്‍എസ്എസ് ക്ഷേത്രീയ കാര്യകാരി സദസ്യന്‍ പി.ആര്‍. ശശിധരന്‍. ആസാമിലെ നെല്‍ബാരി ജില്ലാ പ്രചാരകായി പ്രവര്‍ത്തിക്കുമ്പോള്‍ ഉള്‍ഫ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കാണാതാവുകയും ചെയ്ത ജി. നാരായണന്‍കുട്ടിയെ അനുസ്മരിക്കുന്ന ചടങ്ങില്‍ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സംഘ പ്രചാരണം എന്ന മഹാലക്ഷ്യത്തിനായി കേരളത്തില്‍ നിന്ന് ആസാമിലേക്ക് പോയ ആദ്യത്തെ രണ്ട് പ്രചാരകന്മാരില്‍ ഒരാളായ അദ്ദേഹം ആസാം നെല്‍ബാരി ജില്ലാ പ്രചാരകനായി പ്രവര്‍ത്തിച്ചു. രാഷ്‌ട്രനന്മയ്‌ക്ക് വേണ്ടി നിരന്തരം പ്രവര്‍ത്തിച്ച വ്യക്തിത്വത്തിന് ഉടമയായിരുന്നു നാരായണന്‍കുട്ടിയെന്നും അദ്ദേഹത്തെ പോലുള്ള ആയിരക്കണക്കിന് സംഘ പ്രവര്‍ത്തകരുടെ ത്യാഗമാണ് ഇന്ന് കാണുന്ന ബൃഹത്തായ പ്രസ്ഥാനമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

സ്മൃതി ചാരിറ്റിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തില്‍ കുളനട ദേവീക്ഷേത്ര ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ ആര്‍എസ്എസ് പത്തനംതിട്ട ജില്ലാ സംഘചാലക് അഡ്വ. മാലക്കര ശശി അധ്യക്ഷനായി. സ്മൃതി ചാരിറ്റിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന രക്ഷാധികാരി വി.എന്‍. ഗോപിനാഥ് ആമുഖ പ്രഭാഷണം നടത്തി. ദക്ഷിണ പ്രാന്തീയ കാര്യകാരി സദസ്യന്‍ എ.എം. കൃഷ്ണന്‍, ഉത്തര കേരള കാര്യകാരി സദസ്യന്‍ ഗോവിന്ദന്‍കുട്ടി, തത്വമയി ന്യൂസ് എംഡി രാജേഷ്പിള്ള, എഴുത്തുകാരന്‍ രാധാകൃഷ്ണന്‍ നമ്പൂതിരി, പന്തളം കൊട്ടാരം നിര്‍വാഹക സംഘം അംഗം പി.എന്‍. നാരായണവര്‍മ്മ എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. ചെങ്ങന്നൂര്‍- പത്തനംതിട്ട സംഘ ജില്ലയിലെ മണ്മറഞ്ഞു പോയ സ്വയംസേവകരെയും സംഘബന്ധുക്കളെയും മുതിര്‍ന്ന സ്വയംസേവകന്‍ പി.ആര്‍. നരേന്ദ്രനും, സ്മൃതി ചാരിറ്റിറ്റബിള്‍ ട്രസ്റ്റ് സംസ്ഥാന സെക്രട്ടറി കെ. വരദരാജനും അനുസ്മരിച്ചു. വി ഹരികുമാര്‍ സ്വാഗതവും, സതീഷ്‌കുമാര്‍ മഞ്ചാടി നന്ദിയും പറഞ്ഞു.



By admin