
ആലപ്പുഴ: പാര്‍ട്ടി വിട്ട് അമ്പലപ്പുഴയില്‍ യുഡിഎഫ് സ്വതന്ത്രനായി മത്സരിച്ച ജി. സുധാകരന്‍ ഉയര്‍ത്തിയ പൊളിറ്റിക്കല്‍ ക്രിമിനലുകള്‍ ആക്ഷേപം ജില്ലയില്‍ സിപിഎമ്മിന് തെരഞ്ഞെടുപ്പില്‍ വന്‍ തിരിച്ചടിയായതായി വിലയിരുത്തല്‍. ഇടതുപക്ഷം കാലങ്ങളായി കുത്തകയാക്കിയിരുന്ന പല മണ്ഡലങ്ങളും ഇത്തവണ കൈവിടുമെന്നാണ് സിപിഎമ്മിന്റെ പ്രാഥമിക വിലയിരുത്തല്‍. ജി. സുധാകരന്‍ പാര്‍ട്ടി വിട്ടത്, സിപിഎമ്മിന്റെ പരമ്പരാഗത വോട്ടുകളില്‍ വിള്ളല്‍ വീഴ്‌ത്തിയില്ലെങ്കിലും നിഷ്പക്ഷ വോട്ടുകള്‍ നഷ്ടപ്പെടുത്താന്‍ ഇടയാക്കിയെന്നാണ് കണക്കുകൂട്ടല്‍, സിപിഎമ്മില്‍ പൊളിറ്റിക്കല്‍ ക്രിമിനലുകളുടെ ആധിപത്യമാണെന്ന് കഴിഞ്ഞ അഞ്ചു വര്‍ഷമായി ജി. സുധാകരന്‍ തുടര്‍ച്ചയായി ആക്ഷേപം ഉന്നയിച്ചിരുന്നു. ചില നേതാക്കളെ പരമാര്‍ശിച്ചായിരുന്നു വിമര്‍ശനം. ഇതിന് കാര്യക്ഷമമായി മറുപടി നല്‍കാന്‍ പാര്‍ട്ടി നേതൃത്വത്തിന് കഴിഞ്ഞില്ല.
സുധാകരനെ നേരിടുന്നതില്‍ ജില്ലയിലെ പാര്‍ട്ടി നേതൃത്വത്തിനും വീഴ്ച സംഭവിച്ചു. സുധാകരന്‍ കോണ്‍ഗ്രസുമായി ഒന്നര വര്‍ഷം മുന്‍പ് തന്നെ ഡീല്‍ ഉണ്ടാക്കിയെന്ന് ഇപ്പോള്‍ ആരോപിക്കുന്ന, ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയേറ്റംഗവും ഉള്‍പ്പടെയുള്ളവര്‍ ഇതിനെ പ്രതിരോധിക്കാന്‍ പരാജയപ്പെട്ടു. പി. കൃഷ്ണപിള്ള സ്മാരകം തകര്‍ത്തത് സിപിഎമ്മുകാര്‍ തന്നെയാണെന്നും സജി ചെറിയാന്റെ നിലപാടുകള്‍ സംശയാസ്പദമാണെന്നുമുള്ള സുധാകരന്റെ ആരോപണങ്ങള്‍ നേരിടുന്നതിലും നേതൃത്വം പരാജയപ്പെട്ടു. സുധാകരനോളം പൊതുസമൂഹത്തില്‍ പിന്തുണയുള്ള നേതാക്കള്‍ ജില്ലയില്‍ ഇല്ലാത്തതിനാല്‍ ആക്ഷേപങ്ങളെ നേരിടുന്നതിലും പാര്‍ട്ടിക്ക് തിരിച്ചടിയായി. അറുപതിലേറെ വര്‍ഷക്കാലത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള സുധാകരനെ വര്‍ഗവഞ്ചകന്‍ എന്ന് ആക്ഷേപിച്ച് നേരിടാനാണ് സിപിഎം ശ്രമിച്ചത്. പാര്‍ട്ടി അണികളെ പിടിച്ചു നിര്‍ത്താന്‍ ഇത്തരം പ്രചരണം കൊണ്ട് സാധിച്ചെങ്കിലും പാര്‍ട്ടി അനുഭാവികളെയും പൊതുസമൂഹത്തെയും ഇടതുപക്ഷത്തിനൊപ്പം നിലനിര്‍ത്താന്‍ കഴിഞ്ഞില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ചെറ്റ’ പരമാര്‍ശങ്ങളും മറ്റും വിപരീതഫലമാണുണ്ടാക്കിയത്.
നിരോധിത മതഭീകരവാദ സംഘടനയായ പിഎഫ്ഐയുടെ രാഷ്‌ട്രീയ മുഖമായ എസ്ഡിപിഐ പിന്തുണ പ്രഖ്യാപിച്ച് ഇടതുപക്ഷത്തിനായി പരസ്യമായി രംഗത്തിറങ്ങിയതും മറ്റു വിഭാഗങ്ങളുടെ വോട്ട് നഷ്ടപ്പെടുത്താനിടയാക്കി. അമ്പലപ്പുഴയില്‍, ബൂത്തുതല കണക്കുകള്‍ പുറത്തുവരുമ്പോള്‍ ഇടതുമുന്നണിക്ക് ആശങ്കയാണ്. ജി. സുധാകരന്റെ സ്ഥാനാര്‍ത്ഥിത്വം മണ്ഡലത്തിലെ രാഷ്‌ട്രീയ സമവാക്യങ്ങളെയാകെ മാറ്റിമറിച്ചുവെന്നാണ് പാര്‍ട്ടിയുടെ പ്രാഥമിക വിലയിരുത്തല്‍. ഇടതുസ്ഥാനാര്‍ത്ഥി തോറ്റാലും ജയിച്ചാലും രണ്ടായിരത്തോളം വോട്ടിന്റെ മാര്‍ജിനാണ് കണക്കുകുട്ടുന്നത്. ഹരിപ്പാടും കുട്ടനാടും എല്‍ഡിഎഫിന് വിജയസാധ്യതയില്ലെന്നും മൂന്നിടത്ത് വിജയം ഉറപ്പെന്നുമാണ് ബൂത്ത്തല കണക്കുകള്‍ അടിസ്ഥാനമാക്കിയുള്ള സിപിഎം നിഗമനം. നാലിടത്ത് മത്സരം കടുത്തതെന്നും പാര്‍ട്ടി വിലയിരുത്തുന്നു.
കായംകുളം, കുട്ടനാട്, ആലപ്പുഴ, അരൂര്‍ എന്നിവിടങ്ങളില്‍ കടുത്ത മത്സരമാണ്. 2021ലെ നേട്ടം ഇപ്പോഴത്തെ സാഹചര്യത്തില്‍ ആവര്‍ത്തിക്കാനാകില്ലെന്നാണ് സിപിഎം വിലയിരുത്തല്‍. അന്ന് ജില്ലയിലെ ഒന്‍പത് മണ്ഡലങ്ങളില്‍ ഹരിപ്പാട് മാത്രമാണ് ഇടതുപക്ഷത്തിന് നഷ്ടപ്പെട്ടത്.