• Fri. Oct 24th, 2025

24×7 Live News

Apdin News

ജി സുധാകരന്റെ വീട്ടിലെത്തി എം.എ. ബേബി, ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തെ കുറിച്ച് സംസാരിച്ചെന്ന് സുധാകരന്‍

Byadmin

Oct 24, 2025



ആലപ്പുഴ: മുതിര്‍ന്ന സിപിഎം നേതാവ് ജി സുധാകരന്റെ വീട്ടിലെത്തി കൂടിക്കാഴ്ച നടത്തി സിപിഎം ജനറല്‍ സെക്രട്ടറി എം.എ. ബേബി. വ്യാഴാഴ്ച വൈകുന്നേരം സിപിഎം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍, കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാത എന്നിവര്‍ക്കൊപ്പമാണ് എം.എ. ബേബി സുധാകരന്റെ വീട്ടിലെത്തിയത്.

സൈബര്‍ ആക്രമണത്തിലും സംസ്ഥാന കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കിയതിലും കടുത്ത അതൃപ്തിയിലാണ് ജി. സുധാകരന്‍. അതിനിടെയാണ് എം.എ. ബേബി വീട്ടിലെത്തിയത്. പുന്നപ്രയില്‍ രക്തസാക്ഷി ദിനാചരണം ഉദ്ഘാടനം ചെയ്യാന്‍ എത്തിയതായിരുന്നു എം.എ. ബേബി.

രാജ്യത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം, ദല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം എന്നിവയെ കുറിച്ചാണ് സംസാരിച്ചതെന്ന് ജി. സുധാകരന്‍ കൂടിക്കാഴ്ചയെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചു.

നേരത്തേപുന്നപ്ര സമര ഭൂമിയിലെ സ്മൃതി കുടീരത്തിലെത്തി പാര്‍ട്ടി നേതാക്കള്‍ക്കൊപ്പം ജി. സുധാകരന്‍ പുഷ്പാര്‍ച്ചന നടത്തിയെങ്കിലും പിന്നാലെ നടന്ന അനുസ്മരണ പരിപാടിയില്‍ ക്ഷണമില്ലാത്തതിനാല്‍ പങ്കെടുത്തില്ല.അതേസമയം 27ന് പുന്നപ്ര വയലാര്‍ വാര്‍ഷികാചരണ സമാപനത്തില്‍ ദീപശിഖ തെളിയിക്കാന്‍ ജി. സുധാകരന് ക്ഷണമുണ്ട്.

 

 

By admin