അടിമാലിയില്‍ ജീവനെടുത്ത മണ്ണിടിച്ചിലിന്റെ പശ്ചാത്തലത്തില്‍ ദേശീയപാത നിര്‍മാണം നിര്‍ത്തിവെക്കാന്‍ ഉത്തരവിട്ട് ജില്ല കലക്ടര്‍. മണ്ണിടിച്ചില്‍ സാധ്യതയുള്ള എന്‍.എച്ച് 85ലും ജില്ലയിലെ മറ്റു പ്രദേശങ്ങളിലും പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക ടീമിനെ ജില്ല കലക്ടര്‍ ദിനേശന്‍ ചെറുവാട്ട് നിയമിച്ചു.
ദേശീയപാത അതോറിറ്റി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍, പൊതുമരാമത്ത് ദേശീയപാത വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍, ജില്ല ജിയോളജിസ്റ്റ്, ഹസാര്‍ഡ് അനലിസ്റ്റ്, സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍, ഗ്രൗണ്ട്വാട്ടര്‍ വകുപ്പ് ജില്ല ഓഫിസര്‍, ദേവികുളം തഹസില്‍ദാര്‍ എന്നിവരോട്? രണ്ടുദിവസത്തിനകം പ്രാഥമിക റിപ്പോര്‍ട്ടും നാലുദിവസത്തിനകം വിശദ റിപ്പോര്‍ട്ടും സമര്‍പ്പിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി.
റിപ്പോര്‍ട്ട് ലഭിക്കുന്നതുവരെ മണ്ണിടിച്ചില്‍ ദുരന്തസാധ്യതയുള്ള എന്‍.എച്ച് 85 ലെയും ജില്ലയിലെ മറ്റു പ്രദേശങ്ങളിലെയും എല്ലാ നിര്‍മാണ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ ദേശീയപാത അതോറിറ്റി പ്രോജക്ട് ഡയറക്ടറോട് നിര്‍ദേശിച്ചു. റോഡിലും വീടുകളിലേക്കും ഇടിഞ്ഞ മണ്ണ് നീക്കംചെയ്യുന്നതിന് ഉത്തരവില്‍ അനുവാദം നല്‍കിയിട്ടുണ്ട്.