ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം സ്ത്രീയെന്ന കാരണം കൊണ്ട് നിഷേധിക്കരുതെന്ന് രമേശ് ചെന്നിത്തല. അത് നിഷേധിക്കാതിരിക്കുമ്പോള്‍ മാത്രമാണ് വനിതാദിനം സാധ്യമാകുന്നതെന്ന് ചെന്നിത്തല ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
പാട്രിയാര്‍ക്കലായ ഒരു ലോകത്ത് സ്ത്രീകള്‍ക്കും തുല്യാവകാശങ്ങള്‍ കൊണ്ടുവരാനുള്ള ആധുനിക മനുഷ്യന്റെ ശ്രമങ്ങള്‍ ഇന്ന് വളരെയേറെ മുന്‍പന്തിയിലെത്തിയിരിക്കുന്നെന്നും ചെന്നിത്തല കുറിച്ചു. വിവേചനങ്ങള്‍ അസാധാരണമായി കുറഞ്ഞുവരുന്ന ഒരു ലോകത്താണ് നമ്മള്‍ ജീവിക്കുന്നതെന്നും എങ്കിലും പൂര്‍ണ വിമുക്തി ഇനിയും ഒരുപാടകലെയാണെന്നും അദ്ദേഹം പറഞ്ഞു. പുരുഷ കേന്ദ്രീകൃത മൂല്യവ്യവസ്ഥയുടെ ഹാങ് ഓവര്‍ ഇനിയും മാറിയിട്ടില്ല. സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നത് കുറഞ്ഞിട്ടുണ്ട് എങ്കിലും ഗാര്‍ഹിക പീഢനമായും ജോലിസ്ഥലത്തെ പീഢനമായും സദാചാര പോലീസിങ് ആയും അത് ഇപ്പോഴും നിലനില്‍ക്കുന്നെന്നും ചെന്നിത്തല സൂചിപ്പിക്കുന്നു.
ഈ വനിതാ ദിനത്തില്‍ താന്‍ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നത് അത്തരമൊരു വിവേചനത്തെക്കുറിച്ചാണെന്നും തൊഴിലാളികള്‍ക്ക് ഏറ്റവും കൂടുതല്‍ കൂലി നല്‍കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കേരളമെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ഏറ്റവും അണ്‍സ്‌കില്‍ഡ് എന്നു വിശേഷിപ്പിക്കുന്ന ജോലികള്‍ക്കു പോലും 900-1000 രൂപ ദിവസക്കൂലി ഇവിടെയുണ്ട്. ആ കേരളത്തില്‍ വെറും 232 രൂപ മാത്രം ദിവസവേതനം വാങ്ങി നമ്മുടെ ആരോഗ്യരംഗത്തെ കാവല്‍ നില്‍ക്കുന്ന ഒരു സംഘമുണ്ടെന്നും അതാണ് ആശാവര്‍ക്കര്‍മാരെന്നും അദ്ദേഹം ഓര്‍മ്മപ്പെടുത്തി.
കഴിഞ്ഞ ഒരു മാസത്തോളമായി വേതനവര്‍ധനവിനായി അവര്‍ സമരരംഗത്താണെന്നും കോവിഡ് കാലത്ത് സ്വന്തം ജീവന്‍ തൃണവല്‍ഗണിച്ച് ഒരു ജനതയെ സംരക്ഷിച്ചവരാണ് ആശാവര്‍ക്കര്‍മാരെന്ും ചെന്നിത്തല വ്യക്തമാക്കി. അവരാണ് ഈ സര്‍ക്കാരിന്റെയും ഭരണമുന്നണിയുടേയും അധിക്ഷേപ വാക്കുകള്‍ കേള്‍ക്കുന്നതെന്നും അവരാണ് നീതിക്കു വേണ്ടി പോരാടുന്നതെന്നും അദ്ദേഹം സൂചിപ്പിച്ചു.
ആശാവര്‍ക്കര്‍മാര്‍ക്ക് നീതി ലഭിക്കാത്തിടത്തോളം കാലം ഈ വനിതാദിനാചരണം പൂര്‍ണ അര്‍ഥം കൈവരിക്കുമെന്നു വിശ്വസിക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളുടെ സമരത്തിന് നിലനില്‍ക്കാന്‍ കഴിയില്ലെന്നും അവരെ ഭയപ്പെടുത്തി ഓടിക്കാമെന്നും ഭരണവര്‍ഗം ചിന്തിക്കുന്നെന്നും അദ്ദേഹം പറഞ്ഞു. അവരുടെ തൊഴില്‍ നഷ്ടപ്പെടുത്തി പീഢിപ്പിക്കാമെന്നാണ് സര്‍ക്കാര്‍ കരുതുന്നതെന്നും ചെന്നിത്തല വ്യക്തമാക്കി. എന്നാല്‍ അവര്‍ അര്‍ഹിക്കുന്നതു കിട്ടുന്നതു വരെ കേരള ജനത അവര്‍ക്കൊപ്പമുണ്ടാകുമെന്നും അദ്ദേഹം സൂചിപ്പിച്ചു. ജീവിക്കാന്‍ വേണ്ടിയുള്ള ശമ്പളത്തിന് കേരളത്തിലെ ആശാവര്‍ക്കര്‍മാര്‍ക്ക് അര്‍ഹതയുണ്ടെന്നും രമേശ് ചെന്നിത്തല പറഞ്ഞു.