കോഴിക്കോട്: പൂനൂരിലെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ ആത്മഹത്യ കുറിപ്പ് പുറത്ത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പൂനൂർ കരിങ്കാളിമ്മൽ താമസിക്കുന്ന ശ്രീജിത്തിന്റെ ഭാര്യ ജിസ്ന(24)യാണ് ജീവനൊടുക്കിയത്. കണ്ണൂർ കേളകം സ്വദേശിനിയായിരുന്നു.
ജീവിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും മനസമാധാനമില്ലാത്തതിനാല്‍ അവസാനിപ്പിക്കുന്നുവെന്നാണ് മരിച്ച ജിസ്നയുടെ ആത്മഹത്യ കുറിപ്പിലെ പരാമര്‍ശം. സംഭവത്തില്‍ ജിസ്നയുടെ ഭര്‍തൃവീട്ടുകാരെ ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
ചോദ്യം ചെയ്യലിന് ശേഷം ആവശ്യമെങ്കില്‍ മറ്റു വകുപ്പുകള്‍ ചുമത്തുമെന്ന് പോലീസ് അറിയിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം ജിസ്നയുടെ മൃതദേഹം കണ്ണൂര്‍ കേളകത്തെ വീട്ടുവളപ്പിലാണ് സംസ്കരിച്ചത്. പ്രണയത്തിലായിരുന്ന ജിസ്നയും ശ്രീജിത്തും മൂന്നു വര്‍ഷം മുമ്പാണ് വിവാഹിതരായത്. രണ്ടു വയസുള്ള മകന്‍ ശ്രീജിത്തിനൊപ്പമാണുള്ളത്.
ജിസ്നയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നിരുന്നു. ജിസ്നയും ഭര്‍ത്താവ് ശ്രീജിത്തും തമ്മില്‍ പ്രശ്നങ്ങളുണ്ടായിരിന്നുവെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് കുടുംബം ബാലുശ്ശേരി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിനിടയിലാണ് ജിസ്നയുടെ ആത്മഹത്യാകുറിപ്പ് പോലീസിന് കിട്ടിയത്.