കൊച്ചി: പൊന്നുമോളെ ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ അതേ കൈകള്‍ തന്നെ അവളെ ആദ്യക്ഷരമെഴുതിക്കണമെന്ന് ആ അച്ഛനമ്മമാര്‍ തീരുമാനിച്ചു. ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ കരള്‍ ശസ്ത്രക്രിയാ വിദഗ്ധന്‍ ഡോ. മാത്യു ജേക്കബ് വെങ്കലപ്പാത്രത്തിലെ അരിമണികളിലൂടെ രണ്ടു വയസുകാരി ശിഖയുടെ കുഞ്ഞുവിരലുകള്‍ നീക്കിയപ്പോള്‍ ആ കൈകളില്‍ ആ കുഞ്ഞ് മുറുകെപ്പിടിച്ചിരുന്നു.
കായംകുളം സ്വദേശിയായ സിആര്‍പിഎഫ് ജവാന്‍ അനിലാലിന്റെയും വിനീതയുടേയും രണ്ടാമത്തെ മകളാണ് ശിഖ. രണ്ട് വര്‍ഷം മുന്‍പ് ഒമ്പത് മാസം പ്രായമുള്ളപ്പോഴാണ് ശിഖയ്‌ക്ക് കരള്‍ മാറ്റിവെക്കേണ്ടി വന്നത്. ജനിച്ച് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗുരുതരമായ രോഗലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങി. വയറ്റില്‍ അസാധാരണമായ നീര്‍ക്കെട്ടും വേദനയും, കണ്ണുകളില്‍ ഭയാനകമാംവിധം മഞ്ഞനിറവും. ആദ്യം ചികിത്സ തിരുവനന്തപുരത്തെ എസ്എടി ആശുപത്രിയില്‍. നവജാത ശിശുക്കളെ ബാധിക്കുന്ന ബിലിയറി അട്രീഷ്യ എന്ന അപൂര്‍വരോഗമാണ് ശിഖയ്‌ക്കുള്ളതെന്ന് കണ്ടെത്തി. കരളില്‍ നിന്നും പിത്താശയത്തിലേക്ക് പിത്തരസം കടന്നുപോകുന്നത് പിത്തനാളിയിലൂടെ കടന്നുപോകുന്നത് തടസപ്പെടുന്നതാണ് കാരണം. 69 ദിവസം മാത്രം പ്രായമുള്ളപ്പോള്‍ ശിഖയ്‌ക്ക് ശസ്ത്രക്രിയ വേണ്ടിവന്നു.
ഏതാനും നാളുകള്‍ കഴിഞ്ഞപ്പോള്‍ പിത്തനാളിയില്‍ നീര്‍വീക്കമുണ്ടാകുന്നത് പതിവായി. കുഞ്ഞിന്റെ അവസ്ഥ കൂടുതല്‍ മോശമായിക്കൊണ്ടിരുന്നു. തുടര്‍ന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചു. ഹെപ്‌റ്റോ പാന്‍ക്രിയാറ്റോ ബിലിയറി ആന്‍ഡ് അബ്‌ഡോമിനല്‍ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിലെ സീനിയര്‍ കണ്‍സല്‍ട്ടന്റ് ആയ ഡോ. മാത്യു ജേക്കബ് കരള്‍ മാറ്റിവെക്കല്‍ നിര്‍ദേശിച്ചു. മുത്തശ്ശി പ്രസന്നകുമാരി സന്നദ്ധത അറിയിച്ചു. 2023 മെയ് 20ന്, ശിഖയ്‌ക്ക് കരള്‍ മാറ്റിവെയ്‌ക്കല്‍ ശസ്ത്രക്രിയ നടത്തി. ഏറെ വെല്ലുവിളികള്‍ നിറഞ്ഞ ഈ ദൗത്യം, ഡോ. മാത്യു ജേക്കബിന്റെ നേതൃത്വത്തിലുള്ള സംഘം വിജയകരമായി പൂര്‍ത്തിയാക്കി. 23 ദിവസത്തെ ആശുപത്രിവാസത്തിന് ശേഷം ശിഖ വീട്ടിലേക്ക് മടങ്ങി.
പൂര്‍ണ ആരോഗ്യവതിയാണ് ശിഖ ഇപ്പോള്‍. കോയമ്പത്തൂരിലാണ് ശിഖയുടെ കുടുംബം താമസിക്കുന്നത്. വിഷുദിനത്തില്‍ കുഞ്ഞിനെ എഴുത്തിനിരുത്താന്‍ അവര്‍ കൊച്ചിയിലെ ആസ്റ്റര്‍ മെഡ്‌സിറ്റി ക്യാമ്പസില്‍ വീണ്ടും വന്നു. ചടങ്ങിന് ശേഷം ഡോ. മാത്യു ജേക്കബിന് ശിഖ ഗുരുദക്ഷിണ നല്‍കി. ആസ്റ്റര്‍ മെഡ്‌സിറ്റി സിഇഒ ഡോ. നളന്ദ ജയദേവും ഡോ. മാത്യു ജേക്കബും ചേര്‍ന്ന് ശിഖയ്‌ക്കും സഹോദരിക്കും വിഷുക്കൈനീട്ടം നല്‍കി. അതേ കുഞ്ഞിനെ എഴുത്തിനിരുത്താന്‍ ഭാഗ്യം ലഭിച്ചത് ഒരനുഗ്രഹമാണെന്ന് ഡോ. മാത്യു ജേക്കബ് പറയുന്നു.