• Thu. Dec 11th, 2025

24×7 Live News

Apdin News

ജെആര്‍ഡി ടാറ്റയെക്കൊണ്ട് സ്ത്രീകളോടുള്ള ടാറ്റാനയം തന്നെ തിരുത്തിച്ച സുധാമൂര്‍ത്തി….

Byadmin

Dec 10, 2025



ബെംഗളൂരു: ഇന്‍ഫോസിസ് സ്ഥാപിച്ച നാരായണമൂര്‍ത്തിയുടെ ഭാര്യ സുധാമൂര്‍ത്തി ഇത്രയും നാള്‍ വെറുമൊരു വീട്ടമ്മയായി ജീവിച്ച സ്ത്രീ എന്ന് കരുതിയവരെ മുഴുവന്‍ തെറ്റിച്ചുകൊണ്ടാണ് സ്വന്തം ജീവിതത്തില്‍ നടത്തിയ പോരാട്ടങ്ങളുടെ കഥ അവര്‍ ഈയിടെ ഒരു ടെലിവിഷന്‍ ഷോയില്‍ നിരത്തിയത്.

ഒരു പ്രമുഖനായ ഡോക്ടറുടെ മൂന്ന് മക്കളില്‍ ഒരാളായിരുന്നു സുധാമൂര്‍ത്തി. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തുന്ന എഞ്ചിനീയറിംഗ് കോഴ്സില്‍ അപേക്ഷിക്കുകയും തന്റെ മിടുക്കുകൊണ്ട് അവിടെ അഡ്മിഷന്‍ നേടുകയും ചെയ്ത വിദ്യാര്‍ത്ഥിനായിരുന്നു സുധാമൂര്‍ത്തി. അന്ന് ആ ടാറ്റ കോളെജില്‍ പെണ്‍കുട്ടികള്‍ക്ക് ബാത്ത് റൂം പോലും ഉണ്ടായിരുന്നില്ല. ആണ്‍കുട്ടികള്‍ ബാത്ത് റൂം ഉപയോഗിക്കാത്ത സമയത്തിന് കാത്തിരുന്നാണ് സുധാമൂര്‍ത്തി കാര്യം സാധിച്ചിരുന്നത്. ആദ്യ വര്‍ഷം ആണ്‍കുട്ടികള്‍ സുധാമൂര്‍ത്തിയെ അവഗണിച്ചെങ്കിലും കോഴ്സിലുള്ള അവരുടെ മിടുക്ക് കണ്ട് രണ്ടാം വര്‍ഷം മുതല്‍ ആണ്‍കുട്ടികള്‍ സുധാമൂര്‍ത്തിയുടെ നോട്ടുകള്‍ക്ക് വേണ്ടി ക്യൂ നിന്നു. ഒന്നാം റാങ്കോടെയാണ് അവര്‍ ബിടെക് പാസായത്.

ഒരിയ്‌ക്കല്‍ ടാറ്റയുടെ ടിസ്കോ എന്ന സ്ഥാപനത്തില്‍ എഞ്ചിനീയര്‍മാരെ തേടുന്നതായി പരസ്യം സുധാമൂര്‍ത്തി കണ്ടു. പക്ഷെ ഈ പത്രപരസ്യത്തിന് താഴെ പെണ്‍കുട്ടികള്‍ അപേക്ഷിക്കേണ്ടതില്ല എന്ന് പ്രത്യേകം എഴുതിയിരുന്നു. അന്ന് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ് സി) എംടെക് വിദ്യാര്‍ത്ഥിനിയായിരുന്നു സുധാമൂര്‍ത്തി. ഇത് ചോദ്യം ചെയ്യേണ്ടതാണെന്ന് സുധാമൂര്‍ത്തിക്ക് തോന്നി. അവര്‍ ടാറ്റാ ചെയര്‍മാനായ ജെആര്‍ഡി ടാറ്റയ്‌ക്ക് കത്തെഴുതി. പെണ്‍കുട്ടികളെ ജോലിക്കെടുക്കാതിരുന്നാല്‍ എങ്ങിനെയാണ് സമൂഹം മുന്നേറുക എന്ന ചോദ്യം ചോദിച്ചുകൊണ്ടാണ് സുധാമൂര്‍ത്തി കത്തെഴുതിയത്.

ജെആര്‍ഡി ടാറ്റയുടെ മേല്‍വിലാസം അറിയാത്തതിനാല്‍ മേല്‍വിലാസമായി കുറിച്ചത് ജെആര്‍ഡി ടാറ്റ, ടിസ്കോ, ബോംബെ എന്ന് മാത്രം. കത്ത് കൃത്യമായി ജെആര്‍ഡി ടാറ്റ കൈപ്പറ്റി. ഭാവിയെക്കുറിച്ച് മികച്ച കാഴ്ചപ്പാടുള്ള വ്യക്തിയായിരുന്നു ജെആര്‍ഡി ടാറ്റ. സുധാമൂര്‍ത്തിയുടെ കത്തില്‍ കഴമ്പുണ്ടെന്ന് അദ്ദേഹത്തിന് തോന്നി. സമൂഹത്തില്‍ സ്ത്രീപുരുഷ സമത്വത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള ടിസ്കോയുടെ നയം റദ്ദാക്കണമെന്നും പെണ്‍കുട്ടികള്‍ക്ക് കൂടി തൊഴിലില്‍ അവസരം നല്‍കണമെന്നും ജെആര്‍ഡി ടാറ്റ ഉത്തരവിട്ടു. കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ സുധാമൂര്‍ത്തിക്ക് ഒരു കത്ത് വന്നു. എഞ്ചിനീയര്‍മാരെ തെരഞ്ഞെടുക്കുന്ന ഇന്‍റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ പറഞ്ഞുകൊണ്ടായിരുന്നു ഈ കത്ത്. ആ ഇന്‍റര്‍വ്യൂവില്‍ സുധാമൂര്‍ത്തി തെരഞ്ഞെടുക്കപ്പെട്ടു.അങ്ങിനെ ടാറ്റയുടെ സ്റ്റീല്‍ കമ്പനിയായ ടിസ്കോയിലെ ആദ്യ വനിതാ എഞ്ചിനീയറായി സുധാ മൂര്‍ത്തി മാറി.

അങ്ങിനെ ടിസ്കോയില്‍ സുധാമൂര്‍ത്തി ജോലിക്ക് ചേരുകയും ചെയ്തു. പിന്നീട് നാരായണമൂര്‍ത്തിയെ വിവാഹം കഴിച്ചു.  അദ്ദേഹം ഇന്‍ഫോസിസ് എന്ന സോഫ്റ്റ് വെയര്‍ കമ്പനി ആരംഭിക്കുകയും കുട്ടികള്‍ ജനിക്കുകയും ചെയ്തപ്പോള്‍ ഇതേ സുധാമൂര്‍ത്തി കുടുംബം നോക്കുന്ന, കുട്ടികളെ നോക്കുന്ന വീട്ടമ്മയയായി ഒതുങ്ങി. കുട്ടികളെ മാതൃകാവിദ്യാര‍്ത്ഥികളായി അവര്‍ വളര്‍ത്തിയെടുത്തു. മകള്‍ അക്ഷതാ മൂര്‍ത്തി വിവാഹം കഴിച്ചത്  പിന്നീട് യുകെ പ്രധാനമന്ത്രിയായ ഋഷി സുനകിനെയാണ്. മകന്‍ രോഹന്‍ മൂര‍്ത്തി വിവാഹം കഴിച്ചത് മുന്‍ നാവിക ഉദ്യോഗസ്ഥനായ കമാന്‍ഡര്‍ കെ.ആര്‍. കൃഷ്ണന്റെ മകള്‍ അപര്‍ണ കൃഷ്ണനെയാണ്. വീട്ടമ്മ എന്ന നിലയില്‍ എല്ലാ ജോലികളും പൂര്‍ത്തിയാക്കിയ ശേഷമാണ് അവര്‍ പുസ്തമെഴുതുന്നതിനലേക്ക് തിരിഞ്ഞത്. അതും അവരുടെ തൊപ്പിയില്‍ തൂവലായി. ഇന്ന് ലോകമാകെ അറിയപ്പെടുന്ന ബെസ്റ്റ് സെല്ലര്‍ എഴുത്തുകാരിയാണ് സുധാമൂര്‍ത്തി. ഇപ്പോള്‍ പുതുതലമുറയ പ്രചോദിപ്പിക്കുന്ന മോട്ടിവേഷന്‍ സ്പീക്കറുമാണ്.

By admin