• Mon. May 5th, 2025

24×7 Live News

Apdin News

ജെഎന്‍യു കേരളത്തിലെത്തുമ്പോള്‍… മാധ്യമ ധര്‍മത്തിന്റെ പട്ടത്താനം

Byadmin

May 5, 2025


കോഴിക്കോട്ടെ തളി, ചാലപ്പുറം പ്രദേശങ്ങള്‍ക്ക് ഒരു വിജ്ഞാന പാരമ്പര്യമുണ്ട്. കേരളത്തിന്റെ വിദ്വച്ചരിത്രം വിവരിക്കുന്നതാണ് പ്രസിദ്ധമായ രേവതി പട്ടത്താനം. സാമൂതിരി രാജാക്കന്മാരുടെ കാലത്ത് തളിക്ഷേത്രത്തില്‍ നടന്നുവന്ന വിദ്വത്സദസ്സാണ് പട്ടത്താനം. ആചാരചമായിട്ടാണെങ്കിലും അത് ഇന്നും തുടരുന്നുമുണ്ട്. തര്‍ക്കവും വാഗ്വാദവും നടത്തി, പാണ്ഡിത്യം നിശ്ചയിച്ച്, അംഗീകാരവും അനുമോദനവും നല്‍കുന്ന വേദി. പാണ്ഡിത്യത്തിന് ഭട്ടസ്ഥാനം നല്‍കുന്ന ബിരുദദാന ചടങ്ങ്. സംസ്‌കൃതിയിലും ധര്‍മ്മത്തിലുമൂന്നിയ യുക്തിചിന്തയുള്ള അറിവിന്റെ ആധികാരികത പ്രഖ്യാപിക്കുന്ന പരീക്ഷ. അത് നടത്തുന്ന വിജ്ഞാന സര്‍വകലാശാല.

തളിയോട് ചേര്‍ന്ന ചാലപ്പുറത്ത് അക്ഷരകേരളത്തില്‍ വിദ്യാഭ്യാസ രംഗത്ത് 2025ലെ വിഷുക്കാലത്ത് പുതിയൊരു ചരിത്രാദ്ധ്യായംകൂടി കുറിക്കപ്പെട്ടു. ആധുനിക കാല പട്ടത്താനം എന്ന് അതിനെ വിളിക്കാം. ഭാരതത്തിന്റെ വിദ്യാഭ്യാസ മേഖലയുടെ ആധുനികകാലത്തെ ആധികാരികതയായ, ന്യൂദല്‍ഹി ജെഎന്‍യുവിന്റെ (ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്സിറ്റി) മഹത്സാന്നിദ്ധ്യം അവിടെ സംഭവിച്ചു. ചാലപ്പുറത്ത് കേസരി ഭവനില്‍ പ്രവര്‍ത്തിക്കുന്ന മാഗ്കോം(മഹാത്മാ ഗാന്ധി കോളെജ് ഓഫ് മാസ് കമ്മ്യൂണിക്കേഷന്‍) എന്ന മാധ്യമപഠന സ്ഥാപനത്തിന്റെ ആദ്യ ബാച്ച് പിജി ഡിപ്ലോമാ വിദ്യാര്‍ത്ഥികള്‍ക്ക് ജെഎന്‍യുവിന്റെ ബിരുദദാനം നടന്നു. കേരളത്തിന്റെ വിദ്യാഭ്യാസ പ്രവര്‍ത്തന മികവിന്റെ കിരീടമായിരിക്കുന്നു ഈ നേട്ടം. കേരളത്തില്‍ ഒട്ടേറെ ജേണലിസം പരിശീലന കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും, അന്താരാഷ്‌ട്ര തലത്തില്‍ അംഗീകരിക്കപ്പെടുന്ന ജെഎന്‍യുവിന്റെ ബിരുദ സര്‍ട്ടിഫിക്കറ്റ്, വിജയികള്‍ക്കു നല്‍കുന്ന ‘മാഗ്‌കോമി’ലൂടെയാണ് അതിനു പൂര്‍ണത കൈവരുന്നത്. ഭാരത വിദ്യാഭ്യാസ മേഖലയില്‍ തിടമ്പേറ്റി നില്‍ക്കുന്ന ഗുരുവായൂര്‍ കേശവനാണ് ജെഎന്‍യു. ഇടക്കാലത്തു വിഘടന വാദികളും ദേശവിരുദ്ധരും ചരിത്ര നിഷേധികളും ചേര്‍ന്നു വാരി പൂശിയ കറകള്‍ കഴുകിക്കളഞ്ഞ് നവചൈതന്യ ശോഭ ചൊരിയുന്ന ജെഎന്‍യുവിന്റെ സാന്നിദ്ധ്യമാണ് കോഴിക്കോട്ടുള്ളത്.

ചാലപ്പുറം പ്രദേശത്തിന് ചില പ്രത്യേകതകളുണ്ട്. രേവതി പട്ടത്താന വേദിയായ തളി ക്ഷേത്ര കേന്ദ്രത്തിന്റെ അയല്‍പക്കമാണിവിടം. ഒട്ടേറെ മഹത്തുക്കള്‍ക്ക് ജന്മം നല്‍കിയ, വിജ്ഞാനത്തിന്റെയും കലയുടെയും ശാസ്ത്രത്തിന്റെയും വിഹാരരംഗം. സാംസ്‌കാരിക നിലയമായിക്കഴിഞ്ഞ കേസരി ഭവനിലാണ് മാഗ്‌കോം. (ംംം.ാമഴീാ.ശി) മാധ്യമ പ്രവര്‍ത്തന ധര്‍മ്മത്തിന്റെ മാറ്റുസൂക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പരിശീലന കേന്ദ്രം. അച്ചടി മാധ്യമത്തില്‍ മുതല്‍ അത്യന്താധുനിക മാധ്യമപ്രവര്‍ത്തന രംഗത്തുവരെ പല തലത്തില്‍ പരിശീലനം നല്‍കുന്ന കോഴ്സുകള്‍ നടത്തുന്ന മാഗ്‌കോമിന് ജെഎന്‍യുവിന്റെ അഫിലിയേഷന്‍ ലഭിച്ചതു തന്നെ ശ്രദ്ധേയ വാര്‍ത്തയായിരുന്നു. ആദ്യബാച്ചിനു ബിരുദദാനം നടത്തുന്ന വാര്‍ത്ത അതിനേക്കാര്‍ പ്രചാരം നേടി. ബിരുദദാന ചടങ്ങില്‍ ജെഎന്‍യു വൈസ് ചാന്‍സലര്‍ ഡോ.ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ് നേരിട്ട് പങ്കെടുക്കുകയും കൂടിയായപ്പോള്‍, പുതിയമാധ്യമപ്രവര്‍ത്തനകാലത്തെ പതിവുപോലെ ‘വിവാദവാര്‍ത്ത’യുമായി.

മാധ്യമങ്ങളുടെ സാധ്യതകള്‍, കര്‍ത്തവ്യങ്ങള്‍, കടമകള്‍, പ്രവര്‍ത്തനത്തിന്റെ പരിധികളും പരമാവധികളും, ചരിത്രം, വര്‍ത്തമാനം, പ്രതിസന്ധികള്‍ തുടങ്ങി പലതും ചിന്താവിഷയംകൂടിയായപ്പോള്‍ ബിരുദദാന ചടങ്ങിന് മറ്റൊരു പട്ടത്താനത്തിന്റെ ഗരിമ കൈവന്നു. അങ്ങനെ, മികച്ച സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായിരുന്ന ഡോ.കെ.എന്‍. രാജ് സ്ഥാപിച്ച, തിരുവനന്തപുരത്തെ സെന്റര്‍ ഫോര്‍ ഡവലപ്മെന്റല്‍ സ്റ്റഡീസ് (സിഡിഎസ്), ഏഴിമയിലെ നാവിക അക്കാദമി എന്നീ പ്രമുഖ സ്ഥാപനങ്ങള്‍ക്കൊപ്പം ചാലപ്പുറത്തെ മാഗ്കോമും ജെഎന്‍യു അഫിലിയേഷനുള്ള കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനമായി.

മാഗ്കോമിന് ജെഎന്‍യു അഫിലിയേഷന്‍ സംബന്ധിച്ച് ഉയര്‍ന്ന ചില വിവാദ വാര്‍ത്തകളെ പരാമര്‍ശിച്ച് വിസി: ഡോ.ശാന്തിശ്രീ ധുലിപുഡി പണ്ഡിറ്റ് പറഞ്ഞു,” ജെഎന്‍യുആണ് രാജ്യത്തെവിടെയും വിശ്വസ്യതയുള്ള ഏത് വിദ്യാഭ്യാസ സ്ഥാപനത്തിനും അഫിലിയേഷന്‍ കൊടുക്കാവുന്ന ഏക സര്‍വകലാശാല. മറ്റൊരു സര്‍വകലാശാലയ്‌ക്കും ആ അധികാരമില്ല. പാര്‍ലമെന്റിന്റെ പ്രത്യേക ആക്ട് പ്രകാരമാണ് ജെഎന്‍യു പ്രവര്‍ത്തിക്കുന്നത്. അതിന്റെ അധികാരത്തെക്കുറിച്ച് പാര്‍ലമെന്റില്‍ വിദ്യാഭ്യാസ മന്ത്രി ആവര്‍ത്തിച്ചും ആധികാരികമായും പ്രസ്താവിച്ചിട്ടുള്ളതാണ്. ജെഎന്‍യുവിന്റെ സ്വയം ഭരണാധികാരം അതിരില്ലാത്തതാണ്. അതിന്റെ വൈസ് ചാന്‍സിലറിനാണെങ്കിലോ സ്വയംഭരണാധികാരം പരമാവധിയാണ്. രാജ്യത്തിന്റെ പ്രതിരോധ മേഖലയിലെ എല്ലാ ഓഫീസര്‍മാരും ജെഎന്‍യു ബിരുദധാരികളാണ്. ജെഎന്‍യു ഒരു സാംസ്‌കാരിക കേന്ദ്രമാണ്.”

മാഗ്കോമിന്റെ കാര്യത്തില്‍ ഈ ചടങ്ങ് ഒരു മഹോന്നതിയാണ്, എന്ന് വിശേഷിപ്പിച്ച വി സി, 1966 ല്‍ അന്നത്തെ വിദ്യാഭ്യാ വകുപ്പുമന്ത്രി എം.സി. ഛഗ്ല പാര്‍ലമെന്റില്‍ അവതരിപ്പിച്ച ബില്‍ പ്രകാരം, 1969ല്‍ സര്‍വകലാശാല സ്ഥാപിതമായതു മുതല്‍, രണ്ടുവര്‍ഷം മുമ്പ് സര്‍വകലാശാലയെ കൂടുതല്‍ ശാസ്ത്ര പഠന സംവിധാനങ്ങള്‍ അവതരിപ്പിച്ചു ശ്രദ്ധേയമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ട നടപടികള്‍വരെ എല്ലാം വിശദീകരിച്ചു. പൂര്‍ണ്ണമായും കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക സഹായത്തില്‍ പ്രവര്‍ത്തിക്കുന്ന ജെഎന്‍യുവിന് 100 കോടി രൂപ പ്രത്യേകമായി നല്‍കിയതുള്‍പ്പെടെ വിസി എണ്ണിപ്പറഞ്ഞു. ജെഎന്‍യുവിന് പലകാലങ്ങളിലായി ചിലര്‍ ഉണ്ടാക്കിക്കൊടുത്ത, മോശം പരിവേഷം മാറ്റുന്ന പ്രക്രിയയില്‍ സംസ്ഥാനങ്ങളും പങ്കുചേരുമ്പോള്‍ കേരളം മാറി നില്‍ക്കുന്നതും വി സി പറഞ്ഞു. ”തമിഴ്നാട് സര്‍ക്കാര്‍ ജെഎന്‍യുവില്‍ കള്‍ചറല്‍ സെന്റര്‍ സ്ഥാപിക്കാന്‍ മുന്‍കൈ എടുത്തു. 10 കോടിരൂപ ഇതിനായി ജെഎന്‍യുവിന് ആ സംസ്ഥാന സര്‍ക്കാര്‍ നല്‍കി. 15 ലക്ഷം രൂപ മുടക്കി അവിടെ ശ്രീതിരുവള്ളുവരുടെ പ്രതിമ സ്ഥാപിച്ചു. തമിഴ് എംഎ കോഴ്സ് തുടങ്ങി. കര്‍ണാടക സര്‍ക്കാര്‍ അഞ്ചുകോടി നല്‍കി. അവരും കര്‍ണാടക കള്‍ചര്‍ കേന്ദ്രം സ്ഥാപിക്കുന്നു. ഒഡീഷക്കാര്‍ക്കും അവരുടെ മാതൃഭാഷ പഠിക്കാന്‍ അവിടെ അവസരമുണ്ട്. കേരളവും ആന്ധ്രയുമാണ് ഇതുവരെ താല്‍പര്യമൊന്നും പ്രകടിപ്പിക്കാത്തത്,” എന്ന് വി സി പറയുമ്പോള്‍ മലയാളത്തോടും കേരള സംസ്‌കാരത്തോടുമൊക്കെ കേരളം ഭരിക്കുന്നവര്‍ തുടരുന്ന നിലപാടും വികാരവും സദസ്സ് ചിന്തിച്ചിട്ടുണ്ടാവുമെന്ന് ഉറപ്പ്.

ജെഎന്‍യുവിന്റെ കാര്യത്തില്‍ ചിലരുടെ മനസ്സിനെയും വിസിയുടെ വാക്കുകള്‍ തുറന്നുകാട്ടി. നമ്മള്‍ വനിതാ ശാക്തീകരണത്തെയും പിന്നാക്ക സമുദ്ധാരണത്തെയും കുറിച്ച് പ്രസംഗിക്കും. എന്നാല്‍, മോദി സര്‍ക്കാരാണ് ജെഎന്‍യുവില്‍ ആദ്യമായി ഒരു വനിതയെ വി സി ആയി നിയോഗിച്ചത്. അതും ഒരു പിന്നാക്ക വിഭാഗത്തില്‍നിന്നൊരാളെ, ഡോ.ശാന്തിശ്രീ ധിലിപുഡി പണ്ഡിറ്റ് പറഞ്ഞു.

മാതൃഭാഷയെ കൈവിടാതിരിക്കുക, തൊഴിലിന് വേണ്ട ഭാഷ പഠിക്കുക, മാര്‍ക്കറ്റിങ്ങിന് വേണ്ട ഭാഷയും കൈവരിക്കുക- വിസി ഓര്‍മ്മിപ്പിച്ചു. മാതൃഭാഷ നമ്മുടെ രക്ഷയാണെന്നും ഓര്‍മിപ്പിച്ചു. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കൃത്രിമമാണ്. അതിനു മുകളിലാണ് സ്വാഭാവിക മനുഷ്യബുദ്ധി. സാങ്കേതികത കരഗതമാക്കുക, സാദ്ധ്യതകള്‍ ഏറെയാണ്.

മാഗ്കോമില്‍നിന്ന് നിങ്ങള്‍ക്കു കിട്ടയത് വികാസത്തിന്റെ വഴികളും യുക്തിചിന്തയുമാണ്. ധാര്‍മ്മികതയുടെ സംസ്‌കാരമാണ് മാതൃകയും വഴിയുമാക്കേണ്ടത്. വെല്ലുവിളികള്‍ അവസരമാക്കുക, തിരിച്ചടികള്‍ തോല്‍വിയല്ല, തോല്‍വി വിജയത്തിന്റെ വിപരീതവുമല്ല. തിരഞ്ഞെടുക്കേണ്ടത് ആശ്വാസങ്ങളല്ല ധൈര്യമാണ്, സ്റ്റാഗ്‌നേഷന്‍ (ചടഞ്ഞുകൂടല്‍) അല്ല ഇന്നവേഷന്‍ (പുതുകണ്ടെത്തല്‍) ആണ്, കണ്‍വീനിയന്‍സ് (അനായാസത) അല്ല ഇന്റഗ്രിറ്റി (ആര്‍ജ്ജവം) ആണ്. വിഐപി രാഷ്‌ട്രീയക്കാരുടെ ജല്‍പ്പനങ്ങള്‍ പ്രചരിപ്പിക്കുന്ന വഴിയില്‍നിന്ന് മാറണം. പകരം സാമൂഹ്യ വ്യാഖ്യാനങ്ങള്‍ പറയാന്‍ തയാറാകണം, അവര്‍ പറഞ്ഞു. മാധ്യമങ്ങള്‍ യഥാര്‍ത്ഥ ധര്‍മ്മം മറന്ന് വ്യാജ വ്യാഖ്യാനങ്ങള്‍ പ്രചരിപ്പിക്കുമ്പോള്‍, മാധ്യമപ്രവര്‍ത്തനം കച്ചവടവും പണമുണ്ടാക്കല്‍ മാര്‍ഗ്ഗവുമാക്കുന്നവര്‍ക്കിടയില്‍ സത്യം കണ്ടെത്തി വിളിച്ചു പറയാന്‍ തയാറാകണം.

ചരിത്രത്തെ ഭയക്കുന്നവരും തെറ്റായി വ്യാഖ്യാനിക്കുന്നവരുമായിരുന്നു ഇക്കാലമത്രയും ജെഎന്‍യുവില്‍ കണ്ടിരുന്നത്. പ്രചീന ഭാരത ചരിത്രം പഠിപ്പിക്കുന്നവര്‍ സംസ്‌കൃതം അറിയാത്തവരായിരുന്നു. അവര്‍ക്ക് യഥാര്‍ത്ഥ ചരിത്രത്തെ പേടിയാണ്. അതിനാലാണ് ജെഎന്‍യു പുരാവസ്തു പഠനത്തിന് പ്രത്യേക വിഭാഗം തുടങ്ങിയത്. സത്യം കണ്ടെത്താനും വിളിച്ചുപറയാനുമുള്ള അവസരമുണ്ടായിരിക്കുന്ന കാലമാണിത്. ഈ നല്ല അവസരത്തില്‍ വ്യക്തിതാല്‍പര്യങ്ങള്‍ക്കപ്പുറം സമൂഹ നന്മലക്ഷ്യമാക്കി പ്രവര്‍ത്തിക്കാന്‍ തയാറാകണം- ഡോ.ശാന്തിശ്രീ പുതിയ ബിരുദ ധാരികളെ ആഹ്വാനം ചെയ്തു.

മാധ്യമ സ്വാതന്ത്ര്യത്തിന്റെ അതിരുകളും മാധ്യമ ചരിത്രത്തിലും രാഷ്‌ട്രീയ ചരിത്രത്തിലും പ്രചരിക്കുന്ന നുണക്കാടുകളുടെ അടിവേരു പിഴുതെറിയുന്നതായി പ്രജ്ഞാ പ്രവാഹ് ദേശീയ സംയോജകന്‍ ജെ. നന്ദകുമാറിന്റെ വിവരണവും വിശകലനങ്ങളും. (പ്രത്യേകം കൊടുത്തിരിക്കുന്ന പ്രസംഗഭാഗം കാണുക)

പുതിയ പുതിയ മാധ്യമ വിദ്യയിലും പ്രയോഗത്തിലും സാമാന്യലോകം ഭ്രമിച്ചു നില്‍ക്കെ, വിദ്യാലോകത്തെ പുതു ചിന്തകള്‍ കേട്ട് മാറിയ വഴികളും തുറന്നുകിടക്കുന്ന പുതിയ വാതിലുകളും കണ്ട്, നയിക്കുന്നവരുടെ ആത്മവിശ്വാസമുള്ള വാഗ്ധോരണികേട്ട് സദസ്സിരുന്നു.

ഒട്ടേറെപ്പേരുടെ സ്വപ്നവും സങ്കല്‍പ്പവും സഫലമായ വേളയായിരുന്നു അത്. കേസരി മുഖ്യ പത്രാധിപര്‍ ഡോ.എന്‍.ആര്‍. മധുവിനെപ്പോലെ അനേകം പേര്‍ ദീര്‍ഘനാള്‍ നടത്തിയ തുടര്‍ പരിശ്രമത്തിന്റെ ഫലം. അവര്‍ക്ക് അവരവരുടെ കര്‍മ്മരംഗത്ത് എന്നും അനന്തമായ ആത്മവിശ്വാസമാണല്ലോ!

രേവതി പട്ടത്താനം പോലുള്ള സദസ്സില്‍ വിദ്വാന്‍മാരുടെ വാഗ്വാദത്തില്‍ പ്രസിദ്ധനായ കാക്കശ്ശേരി ഭട്ടതിരിപ്പാട്, ഉഗ്രവാഗ്വിലാസക്കാരനായ ഉദ്ദണ്ഡശാസ്ത്രികളോട് പറഞ്ഞതോര്‍മ്മവന്നിട്ടുണ്ടാകും ചിലര്‍ക്കെങ്കിലും. കാക്കശ്ശേരി ശ്ലോകത്തില്‍ പറഞ്ഞു: ”ന ഛത്രം ന തുരംഗമോ ന വദതാം വൃന്ദാനിനോ…” ”എനിക്ക് അധികാരചിഹ്നങ്ങളായ കുടയോ കുതിരയുമോ വൈതാളികരോ, ധാടിയോ, ആഡംബര വസ്ത്രമോ ഒന്നുമില്ലായിരിക്കാം. എന്നാല്‍, എനിക്ക് ഇതുണ്ട്: ”… അമന്ദ മന്ദരഗിരി പ്രോഗ്‌ദ്ധൂതദുഗ്‌ദ്ധോദധി പ്രേംഖദ്വീചി പരമ്പരാ പരിണതാ വാണീ തു നാണീയസി”(എനിക്ക്, മന്ദരപര്‍വതമുപയോഗിച്ച് പാല്‍ക്കടല്‍ കടഞ്ഞപ്പോള്‍ ഉണ്ടായ തിരമാലകളെ വെല്ലുന്ന വാക്കുണ്ട്) എന്ന്. വാക്കിലും സങ്കല്‍പ്പത്തിലും എന്തൊരു ചങ്കൂറ്റം!

ബിരുദദാന സദസ്സില്‍ വിജ്ഞന്മാര്‍ നിരത്തിയ വസ്തുതകള്‍ അത്ര ശക്തിയുള്ളതായിരുന്നു. ആര്‍ക്കും തടുക്കാനാവാത്ത വാദങ്ങള്‍ മാഗ്കോമിന്റെ ദൗത്യം വെളിവാക്കി, പുതിയ ബിരുദധാരികളുടെ ലക്ഷ്യം കുറിക്കുന്നതായിരുന്നു ചരിത്രപരമായ ചടങ്ങ്.

സദസ്യരില്‍ പലരും പിരിഞ്ഞു പോകും വേളയില്‍ തമ്മില്‍ പറയുന്നുണ്ടായിരുന്നു: കേരളത്തിനും മലയാളത്തിനും ജെഎന്‍യുവില്‍ ഇടമില്ല. തിരുവള്ളുവരുടെ പ്രതിമയും തമിഴും അവിടെത്തി, മലയാളവും എഴുത്തച്ഛനും അവിടെ അടയാള മേയില്ല. ക്ലാസിക്കല്‍ ഭാഷാ പദവി നേടിയെടുക്കാന്‍ എന്തൊരു വീറായിരുന്നു, അലിഗഢ് സര്‍വകലാശാലയ്‌ക്ക് കേരളത്തില്‍ കേന്ദ്രം തുറക്കാന്‍ എന്തൊരു വാശിയായിരുന്നു

 

 



By admin